|    Oct 23 Tue, 2018 2:01 am
FLASH NEWS

നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ ആവശ്യമില്ല: മന്ത്രി

Published : 19th March 2018 | Posted By: kasim kzm

പിലിക്കോട്: കേരളത്തിലെ നെല്‍ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ആവശ്യമില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നാടന്‍ നെല്‍വിത്തുകള്‍ മോശമാണെന്ന് പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ നാടന്‍ തിരിച്ചു വരണമെന്ന് പറഞ്ഞു നടക്കുന്നത് എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പിലിക്കോട് കണ്ണങ്കൈ പാട ശേഖരത്തില്‍ പുഞ്ചപ്പാടം കൊയ്ത്തുല്‍സവവും കോക്കനട്ട് മാളിന്റെയും പൈതൃക നെല്‍വിത്ത് ഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വെളിപാട് കിട്ടിയപോലെയാണ് ചിലര്‍ നാടന്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ എന്നുപറഞ്ഞു ഓടിനടക്കുന്നത്. ഇതിനായി എന്‍ജിഎകളുടെ സേവനം സര്‍ക്കാരിന് ഇപ്പോള്‍ ആവശ്യമില്ല. പൈതൃകം നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഒരു നയമായി തന്നെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നെല്‍കൃഷിയില്‍ കേരളത്തിലെ നഷ്ടപ്പെട്ടുപോകുന്ന ജൈവ വൈവിധ്യം തിരിച്ചു പിടിക്കാനാണ് സര്‍ക്കാരും കൃഷി വകുപ്പും പരിശ്രമിക്കുന്നത്. ഉത്തര കേരളത്തില്‍ പഴയകാലങ്ങളില്‍ ചെയ്തത് പോലെയുള്ള കൃഷി രീതികള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കും.
കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തി കൊണ്ടുവരും. ഓരോ പ്രദേശത്തിന്റെയും കാര്‍ഷിക അവസ്ഥക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. നാടന്‍ നെല്‍വിത്തുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതി വളര്‍ത്തുന്നതോടൊപ്പം നെല്‍കൃഷിയെ പുരോഗതിയിലെത്തിക്കാന്‍ ചെറുകിട റൈസ് മില്ലുകള്‍ സ്ഥാപിച്ചുകൊണ്ട് നെല്ല് കുത്തി അരിയാക്കി നല്‍കുന്ന പദ്ധതിയും വ്യാപിപ്പിക്കുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പിലിക്കോട് മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രഫ. ഡോ. ടി വനജ പുഞ്ചപ്പാടം പൈതൃക വിത്ത് ഗ്രാമം പദ്ധതി വിശദീകരിച്ചു.
ഡോ. കെ എന്‍ സതീശന്‍ കോക്കനട്ട് മാള്‍ റിപോര്‍ട്ടും പിലിക്കോട് കൃഷി ഓഫിസര്‍ പി വി ജലേശന്‍ പുഞ്ചപ്പാടം റിപോര്‍ട്ടും അവതരിപ്പിച്ചു. പുഞ്ചപ്പാടം അരി വിപണനോദ്ഘാടനം കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി ഇന്ദിരാദേവി നിര്‍വഹിച്ചു. വയനാടന്‍ നാടന്‍ നെല്ലിനങ്ങളുടെ ഡയറക്ടറി സര്‍വേ സംഘത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കാര്‍ഷിക സര്‍വകലാശാല കംപ്‌ട്രോളര്‍ ഇ പി രാജ് മോഹന്‍ നിര്‍വഹിച്ചു.
പുഞ്ചപ്പാടം ഡോക്യുമെന്ററിക്കുള്ള ഉപഹാരം കേരള വിഷന്‍ റിപോര്‍ട്ടര്‍ രജീഷ് കുളങ്ങരക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ടി ആര്‍ ഉഷാദേവി സമ്മാനിച്ചു. ഡോ. പി ആര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ കൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം കുഞ്ഞിരാമന്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ വി പി വിപഞ്ചിക, ടി പി രാഘവന്‍, കാര്‍ഷിക സര്‍വകലാശാല എക്‌സിക്യുട്ടീവ് അംഗം എം അനില്‍കുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗം എം അസിനാര്‍, കോക്കനട്ട് മിഷന്‍ അസോ. ഡയറക്ടര്‍ ഡോ. ആര്‍ സുജാത, നീലേശ്വരം കൃഷി അസി. ഡയറക്ടര്‍ ആര്‍ വീണാറാണി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, പിലിക്കോട് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി ലീന, ടി വി ഗോവിന്ദന്‍, രവീന്ദ്രന്‍ മാണിയാട്ട്, കെ വി സുധാകരന്‍, എം ഭാസ്‌കരന്‍, പി വി ഗോവിന്ദന്‍, പി പി അടിയോടി, എം ടി പി സുലൈമാന്‍, കെ വി വിജയന്‍, കെ സുമേശന്‍, എം കെ കുഞ്ഞികൃഷ്ണന്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, പി വി നിഷാന്ത് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss