|    Nov 20 Tue, 2018 5:19 am
FLASH NEWS
Home   >  Editpage  >  Article  >  

നാടകോല്‍സവങ്ങളല്ല, നടീനടന്‍മാരാണ് വേണ്ടത്

Published : 26th March 2018 | Posted By: kasim kzm

വെട്ടും തിരുത്തും – പി എ എം ഹനീഫ്
ലോക നാടകദിനം എന്നത് പ്രത്യേക പരാമര്‍ശങ്ങളൊന്നും കൂടാതെ ആരാലും സ്പര്‍ശിക്കപ്പെടാതെ കടന്നുപോവും. നാടകത്തിനും നാടകപ്രവര്‍ത്തകര്‍ക്കും മലയാളത്തില്‍ അത്രയേറെ മൂല്യശോഷണമുണ്ടിന്ന്. വരുമാനവിഷയം മാത്രമല്ല, നാലാംകിട സിനിമയിലെ മിമിക്രി വേഷക്കാരനു ലഭിക്കുന്ന ആദരം പോലും നാടകക്കാരന് മലയാളിസമൂഹം നല്‍കുന്നില്ല.
ദക്ഷിണേന്ത്യന്‍ നാടകവേദിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ നാടകപ്രതിഭകളിലൊരാളാണ് പ്രസന്ന. കര്‍ണാടകയിലെ ശിവമോഗയും നീനാസം തിയേറ്റര്‍ ഗ്രൂപ്പും കേന്ദ്രീകരിച്ച് നവീന നാടക ചിന്തകള്‍ക്ക് വേരോട്ടമുണ്ടാക്കിയ പ്രസന്ന ഡല്‍ഹി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഉല്‍പന്നമാണ്. ദേശീയ നാടക പരിശീലന-പഠന കേന്ദ്രത്തില്‍ സംഘികള്‍ ഭരണസാരഥ്യമേറ്റതോടെ രാമകഥയും ശൂര്‍പണഖാ മാഹാത്മ്യങ്ങളുമൊക്കെ സിലബസില്‍ പെടുത്തിയാണ് പഠനകളരികള്‍. പ്രസന്ന, ബി വി കാരന്ത് തുടങ്ങി എത്രയോ ദക്ഷിണേന്ത്യന്‍ നാടകപ്രതിഭകള്‍ ഇന്ന് ദേശീയ നാടക സ്‌കൂളില്‍ സ്മരിക്കപ്പെടുന്നേയില്ല. ഷേക്‌സ്പിയറുടെ മാക്ബത്തിന് ബി വി കാരന്ത് രംഗഭാഷ ചമച്ച ‘ബിര്‍ണാംവന’ ഇന്ത്യന്‍ നാടകവേദിയിലെ ഇതിഹാസ സൃഷ്ടികളിലൊന്നാണ്. പ്രസന്നയുടെ ഗാന്ധിയും രാഷ്ട്രപിതാവിനെ അരികുവല്‍ക്കരിച്ച നവീന ഇന്ത്യന്‍ സമൂഹത്തോടുള്ള ചില ജാഗ്രതകള്‍ ആവശ്യപ്പെടുന്ന നാടക കാര്യമായിരുന്നു.
തമിഴിലും ഡോ. എസ് രാമാനുജത്തിന്റെ വേര്‍പാട് വിടവുകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുത്തുപട്ടരൈയും അന്‍പും വൈദേശിക ഛായയില്ലാതെ നവീന രംഗഭാഷകള്‍ തയ്യാറാക്കുന്നതില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. തമിഴന്റെ നാടകസ്‌നേഹം ഇതെഴുതുന്നയാള്‍ക്ക് ബോധ്യമായ ഒരു സംഭവം: കുറച്ചുനാളുകളേ ആയുള്ളൂ ഡോ. രാമാനുജം അന്തരിച്ചിട്ട്. എനിക്കൊരു നടുക്കമായിരുന്നു. ജി ശങ്കരപ്പിള്ളയുടെ സനേഹവാല്‍സല്യങ്ങളിലൂടെയാണ് രാമാനുജം സ്‌കൂള്‍ എനിക്കു പ്രാപ്യമായത്. സാറിന്റെ മരണവാര്‍ത്തയറിഞ്ഞ് മുന്‍പിന്‍ നോക്കാതെ ഞാന്‍ തമിഴ്‌നാട് ട്രെയിന്‍ പിടിച്ചു. തിരുച്ചിക്കപ്പുറം മുന്‍പരിചയങ്ങളില്ല. രാത്രി രണ്ടുമണിക്ക് തഞ്ചാവൂര്‍ സ്റ്റേഷനിലിറങ്ങിയ ഞാന്‍ പരിഭ്രമിച്ചു. ഏറെനേരം എന്നെ ശ്രദ്ധിച്ചുനിന്ന ഒരു തമിഴ് സുഹൃത്ത് വിവരമന്വേഷിച്ചു. പിന്നീടെല്ലാം വളരെ എളുപ്പമായിരുന്നു. യൂനിവേഴ്‌സിറ്റിക്കടുത്ത് രാമാനുജത്തിന്റെ വീട്ടില്‍ അദ്ദേഹം എന്നെ എത്തിച്ചു. രാവിലെ ഏഴുമണിക്ക് തഞ്ചാവൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട് ടിക്കറ്റെടുത്ത് യാത്രയയക്കുമ്പോള്‍ ശെല്‍വമണി എന്ന ആ അപരിചിതന്‍ ഉപദേശിച്ചു: ”തഞ്ചാവൂര്‍ ടൗണില്‍ 10 മണി കഴിഞ്ഞാല്‍ ഒറ്റയ്ക്കു വരരുത്.” അതു കേട്ടാണ് ഞാന്‍ ഭയന്നത്. കേരളത്തിലെ സ്ഥിതിയോ?
ലോക നാടകദിനത്തില്‍ മലയാളത്തിലെ അമച്വര്‍ സംരംഭങ്ങള്‍ ആളും അനക്കവുമില്ലാതെ ഉന്തിത്തള്ളി നീങ്ങുകയാണ്. സമീപകാലേ ഖസാക്കിന്റെ ഇതിഹാസത്തിനൊരു രംഗഭാഷ ഉണ്ടായതുപോലും ‘നാടകമെന്തെന്നറിയാത്തവര്‍ക്ക്’ ആഘോഷിക്കാനൊരു വഴിമരുന്ന് എന്ന നിലയ്‌ക്കേ കൊണ്ടാടപ്പെട്ടുള്ളൂ. എം ടി വാസുദേവന്‍ നായര്‍ മറ്റൊരാളുടെ രചനയെ പറ്റി ”ഞാനാണെങ്കില്‍ ഇങ്ങനെയേ എഴുതൂ” എന്നല്ലാതെ കുറ്റംപറയാന്‍ മിനക്കെട്ടിട്ടില്ല. ഖസാക്കിന്റെ രംഗഭാഷ നോവലിന്റെ സര്‍ഗാത്മകതകളെ മറികടക്കാന്‍ സംവിധായകന്‍ ശ്രമിച്ചോ എന്നൊരു സന്ദേഹമേ നാടകം അറിയുന്നവര്‍ക്കു തോന്നിച്ചുള്ളൂ.
സംഗീത നാടക അക്കാദമി മുതല്‍ ജില്ലകള്‍ തോറും നാടക പരിപോഷണത്തിന് കാശും ആള്‍ശേഷിയും ചെലവഴിക്കപ്പെടുന്നുണ്ട്. പക്ഷേ, പ്രസന്നയുടെയും ബി വി കാരന്തിന്റെയുമൊക്കെ കാലാതിവര്‍ത്തികളായ രംഗഭാഷകള്‍ക്കു തുല്യം ഒരു രംഗരചന മലയാളത്തില്‍ സംഭവിക്കാത്തതെന്തേ?
മൗലിക രചനകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായതില്‍ വാഴ്ത്തിപ്പാടാന്‍ കേള്‍പ്പറ്റി പ്രശസ്തമായത് ഉണ്ടോ? എന്റെ അന്വേഷണത്തില്‍ ഇല്ല. ചിരപരിചിത നോവലുകളുടെ സിനിമാരൂപത്തെ അനുകരിക്കുന്ന നാടകരചനകള്‍, ഇറ്റ്‌ഫോക് പോലുള്ള അന്താരാഷ്ട്ര വേദികളില്‍ മിന്നിമറഞ്ഞ നാടകങ്ങളുടെ അന്ധാനുകരണം, പുരാണകഥകളും അവയുടെ കാലികത തൊട്ടുതീണ്ടാത്ത രചനാരീതികളും ഒക്കെക്കൂടി മലയാള നാടകവേദി പുനരാലോചനകള്‍ക്കു വിധേയമാവട്ടെ എന്നു പ്രാര്‍ഥിക്കാം.
‘നല്ലതെന്തോ, അതു നാടിനെ പഠിപ്പിക്കുക’ എന്നത് നല്ലൊരു നാടകചിന്തയാണ്. ഇക്കാലം നല്ലതു പഠിപ്പിക്കാന്‍ പറ്റിയ സാഹചര്യങ്ങളിലുമാണ്. നാടകപ്രവര്‍ത്തകര്‍ ഉണര്‍ന്നെണീക്കുമോ?                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss