|    Apr 22 Sun, 2018 10:02 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നാടകമല്ല, ഇത് ഉടുമ്പുപുരാണം

Published : 13th November 2015 | Posted By: SMR

slug-a-bകൈക്കൂലിക്കേസില്‍ ഒരുന്നത ഭരണാധികാരി രാജിവയ്ക്കുമ്പോള്‍ എന്താണ് സമൂഹത്തിനുള്ള സന്ദേശം? എന്താണ് സമൂഹം നല്‍കുന്ന സന്ദേശം? ആദ്യത്തേതിനുള്ള ഉത്തരം കെ എം മാണി നല്‍കുന്നത് ഇങ്ങനെയാണ്: ‘നിയമമന്ത്രി എന്ന നിലയില്‍ നിയമസംവിധാനത്തോടുള്ള ഉന്നതമായ ബഹുമാനം മൂലം രാജിവയ്ക്കുന്നു.’
ഈ ബഹുമാനം പൊന്തിവരാന്‍ ഒരു കൊല്ലവും ഒടുവിലൊരു ഹൈക്കോടതി പരാമര്‍ശവും വേണ്ടിവന്നതെന്തേ, അതും ഒരു നിയമമന്ത്രിക്ക്? പ്രാഥമികമായ സത്വര പരിശോധന തന്നെ മന്ത്രിക്കെതിരെ കേസിനു വകുപ്പുണ്ടെന്നു വ്യക്തമാക്കിയിരുന്നു. പിന്നെ പ്രഥമവിവര റിപോര്‍ട്ട് വന്നു, വിജിലന്‍സ് കോടതിയില്‍ കേസ് വിളിച്ചു. അപ്പോഴൊന്നും ഈ നിയമാദരം ഉദിച്ചില്ലെങ്കില്‍ പോട്ടെ, വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ എന്തേ സംഗതി പൊന്തിവന്നില്ല?
ഒരു കോടി കൈക്കൂലിപ്പണത്തില്‍ കാല്‍ഭാഗം പ്രതി പറ്റിയെന്നു ബോധ്യമുണ്ടായെന്നും ശിഷ്ടഭാഗം കണ്ടെത്താനാണ് തുടരന്വേഷണം എന്നുമാണ് കോടതി പറഞ്ഞത്. വിചാരണയ്ക്കു മുമ്പുതന്നെ കുറ്റകൃത്യം കോടതിക്കു ബോധ്യപ്പെട്ടെന്ന് കോടതി തന്നെ വെളിപ്പെടുത്തിയ അസാധാരണ സാഹചര്യത്തില്‍ നിയമമന്ത്രിക്ക് മാത്രം കാര്യം തിരിയുന്നില്ലെങ്കില്‍ അക്കാരണം കൊണ്ടുതന്നെ നിയമമന്ത്രിസ്ഥാനത്തിരിക്കാന്‍ ടിയാന്‍ അയോഗ്യനാകുന്നുണ്ട്.
അങ്ങനെയല്ല, കാര്യം തിരിയുക തന്നെ ചെയ്തു എന്നതുകൊണ്ടാണല്ലോ ടി കോടതി നിശ്ചയത്തിനു മേല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. അവിടെയാണ് രണ്ടാം ചോദ്യം. വാസ്തവത്തില്‍ ഈ അപ്പീലിന്റെ അര്‍ഥം എന്തായിരുന്നു? വിജിലന്‍സ് ഡയറക്ടര്‍ കേസ് അന്വേഷണത്തില്‍ അതിക്രമം കാട്ടിയതിനെ കീഴ്‌ക്കോടതി കുറ്റപ്പെടുത്തിയിരുന്നു. അത് വിജിലന്‍സ് പ്രവര്‍ത്തനത്തെത്തന്നെ അസ്ഥാനത്താക്കുന്നു എന്നു പറഞ്ഞാണല്ലോ ആഭ്യന്തരവകുപ്പ് വിജിലന്‍സിനെക്കൊണ്ട് അപ്പീല്‍ കൊടുപ്പിച്ചത്. വാട്ടീസടിച്ച് വണ്ടിയോടിച്ച ഡ്രൈവര്‍ക്കെതിരേ കോടതിവിധി വന്നാല്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നു പറയുന്ന ഊളത്തമല്ലേ ഈ ന്യായം?
രാജിക്ക് കാരണഭൂതമായ നിയമബഹുമാനത്തിന്റെ പൊടുന്നനെയുള്ള ഉത്ഥാനമുണ്ടാവുന്നത് എങ്ങനെയെന്ന് മാണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയുടെ രണ്ടു നിസ്സാര പരാമര്‍ശങ്ങള്‍: ഒന്ന്, മിസിസ് സീസര്‍ പരാമര്‍ശം. രണ്ട്, നികുതിപ്പണം ഈ കേസുകെട്ടില്‍ ചില്ലറ ചെലവിട്ടതിനെക്കുറിച്ച ചോദ്യം.
പ്രതിയുടെ കീഴില്‍ത്തന്നെ അന്വേഷണം നടത്തുന്നത് പൊതുജനത്തിനു സംശയമുണ്ടാക്കുമെന്നും അതൊഴിവാക്കുന്നതാണ് ഉചിതമെന്നും വില്യം ഷേക്‌സ്പിയര്‍ മുഖേന കോടതി ഓര്‍മിപ്പിച്ചതാണ് ആദ്യത്തേത്. 50 കൊല്ലത്തെ രാഷ്ട്രീയ പാരമ്പര്യവും 23 കൊല്ലത്തെ മന്ത്രിപദ പ്രവൃത്തിപരിചയവുമുള്ള ഒരു മഹാനെ ഇത്ര നിസ്സാരമായ എഞ്ചുവടിക്കാര്യം ബോധിപ്പിക്കാന്‍ ഹൈക്കോടതി വേണ്ടിവരുന്നു. മഹാന്‍മാര്‍ അങ്ങനെയാണ്. വികാരിയും മെത്രാനും മാര്‍പാപ്പയും പോരാ, കര്‍ത്താവു തന്നെ ഉദ്‌ബോധിപ്പിക്കണം. അതിരിക്കട്ടെ, കൊലകൊമ്പന്‍ കോടതി എന്തിനാണ് പഴഞ്ചൊല്ലും അലങ്കാരഭാഷയും കൊണ്ട് ഇമ്മാതിരി ‘ഭംഗ്യന്തരേണ’ ഡയലോഗ് ഇറക്കുന്നത്? പ്രതിയുടെ കീഴിലല്ല കേസ് അന്വേഷണം നടത്തേണ്ടതെന്നു പച്ചയ്ക്കു പറയാനുള്ള കാര്യങ്ങളൊക്കെ കോടതിക്കു മുന്നില്‍ത്തന്നെ നിരത്തിയിട്ടുണ്ടായിരുന്നല്ലോ.
കീഴ്‌ക്കോടതി വിധി കേസിന്റെ തുടരന്വേഷണത്തിനായിരുന്നു. കേസിലെ വാദിയായ സര്‍ക്കാര്‍ അതിന്‍മേല്‍ അപ്പീല്‍ കൊടുക്കുന്നു എന്നതിനര്‍ഥംതന്നെ, തുടരന്വേഷണം നടത്താന്‍ വാദി തയ്യാറല്ലെന്നാണ്. എന്തുകൊണ്ടല്ല എന്ന ചോദ്യത്തിന് വാദിക്ക് പ്രത്യേകിച്ചൊരു മറുപടിയുമില്ല. തെളിവില്ലെന്നു പറയാന്‍ ഇനി നിവൃത്തിയില്ല. കാരണം, കീഴ്‌ക്കോടതിക്ക് കാര്യം ബോധ്യപ്പെട്ടിരിക്കുന്നു. എങ്കില്‍, അപ്പീലുമായി സര്‍ക്കാര്‍ വക്കീലായ അഡ്വക്കറ്റ് ജനറലിനു പകരം സ്വകാര്യ വക്കീലായ കപില്‍ സിബല്‍ എന്തിന് ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടു? അതും കോടതി തന്നെ ചൂണ്ടിക്കാണിക്കും പോലെ, നികുതിപ്പണം ചെലവിട്ടുകൊണ്ട്?
കോടതിക്കെന്നപോലെ കാണികള്‍ക്കൊക്കെയറിയാം അതിന്റെ കാരണം: നിയമമന്ത്രിക്കു കീഴിലുള്ളയാളാണ് അഡ്വ. ജനറല്‍. മന്ത്രി പ്രതിയായ കേസില്‍ കീഴുദ്യോഗസ്ഥന്‍ എങ്ങനെ വാദിക്കും?
കേസില്‍ പ്രതിയാകാതിരിക്കാനും പ്രാഥമികാന്വേഷണം അട്ടിമറിക്കാനുമൊക്കെയുള്ള ഒരു രാഷ്ട്രീയക്കാരന്റെ തന്ത്രങ്ങളും പരിശ്രമങ്ങളുമൊക്കെ മനസ്സിലാക്കാം. പ്രതിയാവുകയും ആരോപിത കുറ്റം ഭാഗികമായി ചെയ്തുവെന്ന് ഒരു കോടതിക്കു ബോധ്യപ്പെടുകയും അതിന്റെ ബാക്കി കൂടി കണ്ടെത്താന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കെ അതൊക്കെ കണ്ണടച്ചിരുട്ടാക്കാന്‍ മന്ത്രിക്കസേര ഉപയോഗിക്കുന്നിടത്താണ് മാണി കോഴക്കപ്പുറത്തെ കുറ്റകൃത്യം ചെയ്തത്: നിയമസംവിധാനങ്ങളെ രാഷ്ട്രീയാധികാരം കൊണ്ട് ചവിട്ടിയൊതുക്കുക. അങ്ങനെ ഭരണഘടനാ സ്ഥാപനങ്ങളെ മലീമസമാക്കുക.
ഇതാണ് അരനൂറ്റാണ്ടിന്റെ മാഹാത്മ്യം കൊണ്ടുള്ള ആപത്ത്. അധികാരത്തിലെ തഴക്കം വ്യക്തിക്ക് ഗുണമാണെങ്കിലും നാടിനു ചേതമാണെന്നു സാരം.
ഉത്തരവാദിത്തമുള്ള അധികാരം മാണി എങ്ങനെ കൈയാളിയെന്നു നാമിവിടെ തിരിച്ചറിയുന്നു. എന്നാല്‍, ഉത്തരവാദിത്തരഹിതമായ അധികാരമാണ് അതിന്റെ പതിന്മടങ്ങ് ആപല്‍ക്കരമായ സ്ഥിതിവിശേഷം. അഥവാ മന്ത്രിയായ മാണിയേക്കാള്‍ അപകടകാരിയാണ് രാജിവച്ച മാണി. ഒരു കൊല്ലം ഉടുമ്പിനെ വെല്ലുംവിധം കസേരയില്‍ കടിച്ചുതൂങ്ങിയ ടിയാനെ കഷ്ടപ്പെട്ടു പുറത്തിറക്കിയപ്പോള്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ നോക്കുക.
കേരളാ കോണ്‍ഗ്രസ്സിനെ മൊത്തത്തില്‍ വലിച്ച് ഭരണമുന്നണിയോട് വിലപേശുക എന്നതായി ആദ്യ തന്ത്രം. അതു ഫലിക്കാതെ വന്നപ്പോള്‍ മന്ത്രിസ്ഥാനങ്ങള്‍ രണ്ടും കളഞ്ഞ് പുറംപിന്തുണ നല്‍കുന്ന തുരപ്പന്‍പണി. (ജോസഫും കൂട്ടരും അതിനു വഴങ്ങിയില്ല. കാരണം, തുറന്നുകഴിഞ്ഞ പല അക്കൗണ്ടുകളും അവര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അത് വേറെ കച്ചോടം).
അങ്ങനെ ഏറക്കുറെ ഒറ്റപ്പെട്ട മാണി ഒടുവില്‍ നടത്തിയ വാര്‍ത്താസമ്മേളനം നോക്കുക. ധനമന്ത്രി എന്ന നിലയില്‍ താന്‍ കേരളത്തിനു ചെയ്ത സംഭാവനകള്‍ നിരത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു നേടിക്കൊടുത്ത നേട്ടങ്ങള്‍ നിരത്തുന്നു. പിന്നെ, ഇത്രയൊക്കെ സേവനമനുഷ്ഠിച്ച തനിക്ക് കിട്ടേണ്ടിടത്തുനിന്നു നീതി കിട്ടിയില്ലെന്ന് ഒരു സങ്കടവും. ഗൂഢാലോചനയുടെ ഇരയാണ് ഇത്ര മിടുമിടുക്കന്‍ രാഷ്ട്രസ്വത്തായ താനെന്നാണ് പ്രതി സെന്റിമെന്റല്‍ ട്യൂണിട്ട് അവതരിപ്പിക്കുന്ന പുതിയ എപ്പിസോഡ്.
ഈ എപ്പിസോഡിന്റെ രണ്ടു ഭാഗങ്ങളും മാണിക്ക് യാതൊരു മാറ്റവുമില്ലെന്നു വ്യക്തമാക്കുന്നു. ഒന്നാമത്, ധനമന്ത്രിയുടെ നേട്ടങ്ങളായി പറഞ്ഞ കാര്യങ്ങള്‍. കാരുണ്യ പദ്ധതി വഴി 800 കോടിയിലധികം രൂപ പാവങ്ങള്‍ക്കു കൊടുത്തതിലാണ് തന്റെ ജീവിതഭാഗ്യം ടിയാന്‍ കാണുന്നത്. കഴിഞ്ഞ ഒരു കൊല്ലത്തില്‍ ബാര്‍ കോഴ പൊടിപൊടിക്കുക വഴി കാരുണ്യ ഫണ്ടില്‍ കാശില്ലെന്നും അപേക്ഷിച്ച രോഗികളായ പാവങ്ങള്‍ മാനംനോക്കിയിരിക്കുകയാണെന്നുമുള്ള വസ്തുത കൂളായി മൂടിവയ്ക്കുന്നു.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 15 ശതമാനമാക്കിയെന്നതാണ് അടുത്ത വെടി. റെമിറ്റന്‍സ് കാശിന്‍മേല്‍ (വിശേഷിച്ചും ഗള്‍ഫ് പണം) അടയിരിക്കുന്ന സംസ്ഥാനത്തിന് സാമ്പത്തിക വളര്‍ച്ചയുടെ ഈ ഉയര്‍ന്ന നിരക്ക് ഒരു ധനകാര്യ വൈദഗ്ധ്യത്തിന്റെയും ഫലമല്ലെന്നും എക്കാലവും ഇതേ ഉയര്‍ച്ച കണക്കിലുണ്ടെന്നും കാര്യബോധമുള്ളവര്‍ക്ക് അറിയാം.
മൂന്ന്, റവന്യൂ വരുമാനം കഴിഞ്ഞ ആറു മാസത്തില്‍ താന്‍ കൂട്ടിയെന്ന്. കഴിഞ്ഞ മൂന്നു കൊല്ലത്തെ ഗംഭീരമായ റവന്യൂ വരുമാനത്തകര്‍ച്ചയ്ക്ക് മുഖ്യ കാരണക്കാരനായ ആളാണീ ബഡായി പറയുന്നത്. പോയ കൊല്ലം 10 രൂപ കിട്ടേണ്ടത് പിരിച്ചെടുക്കാതെ (അതിനു കോഴക്കേസുകളുടെ കഥ വേറെയുണ്ട്.) ഒടുവില്‍ അതില്‍ മൂന്നു രൂപ പിരിച്ചിട്ട് ‘കണ്ടില്ലേ, പോയ കൊല്ലത്തിനേക്കാള്‍ മൂന്നു മടങ്ങ് പിരിച്ചിരിക്കുന്നു’ എന്ന ലൊടുക്കുന്യായം പറയുന്നയാളെയാണ് കേരളം ധനകാര്യ വിദഗ്ധനായി ഘോഷിക്കുന്നതെന്നോര്‍ക്കണം. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss