|    Nov 17 Sat, 2018 8:30 pm
FLASH NEWS

നാടകത്തെ ദത്തെടുത്ത് ഒരു വായനശാല

Published : 7th August 2018 | Posted By: kasim kzm

കോഴിക്കോട്: പുസ്തക വായനയുടെ അനുഭൂതിയില്‍ നിന്ന് പുതിയ തലമുറ വഴി മാറി നടക്കുന്ന ഈ കാലത്ത് നാട്ടുകാര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കുന്നതിനുമപ്പുറമുള്ള മേഖലകള്‍ തേടുകയാണ് ചേളന്നൂര്‍ പഞ്ചായത്തിലുള്ള പാലത്ത് നവീന വായനശാല. അതിന്റെ ഭാഗമായി ഒരു അമേച്വര്‍ നാടകസംഘത്തെ തന്നെ ദത്തെടുക്കുകയാണ് അന്‍പത്തിരണ്ട് വയസ്സ് പിന്നിട്ട നവീനയുടെ ഭരണസമിതി ചെയ്തത്. പാലത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേച്വര്‍ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അരങ്ങ് ,നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലായിരുന്നു വായനശാലയുടെ ഈ കൈത്താങ്ങ്.
ദശാബ്ധങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് നഗരത്തെ മാത്രമല്ല , നാട്ടിന്‍പുറങ്ങളേയും സജീവമാക്കിയിരുന്ന അമേച്വര്‍ നാടക അരങ്ങുകള്‍ ഇന്ന് മൃതാവസ്ഥയിലാണ്. കുതിരവട്ടം പപ്പു , കുഞ്ഞാണ്ടി , നെല്ലിക്കോട് ഭാസ്—കരന്‍ മാമുക്കോയ തുടങ്ങി നിരവധി സിനിമാതാരങ്ങള്‍ ഈ അരങ്ങുകളില്‍ നിന്നാണ് മലയാള സിനിമയിലേക്ക് നടന്നു കയറിയതെന്നത് സത്യം. നാടക രചയിതാവും സംവിധായകനുമായ എന്‍ ഗംഗാധരനും നവീന വായനശാലയുടെ ജീവനാഡിയായ വി പി പ്രേമാനന്ദനും മറ്റു അംഗങ്ങളും അരങ്ങിനോട് ചേര്‍ന്ന് അമേച്വര്‍ നാടകത്തിന്റെ പുനരുജ്ജീവനത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു .
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള നാടക കളരികള്‍, തെരുവ് നാടകാവതരണം, മറ്റു ബോധന പരിപാടികള്‍ എന്നിവയും പദ്ധതിയിലുണ്ട്. കൃത്യമായ ഇടവേളകളില്‍ അരങ്ങിന്റെയും വായനശാലയുടേയും നേതൃത്വത്തില്‍ , പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗങ്ങളും നാടക ചര്‍ച്ചകളും നടക്കന്നുണ്ട്. സോഷ്യല്‍ മീഡിയയേയും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. അമ്പത്തിരണ്ട് വര്‍ഷം പാലത്തുള്ള ഒരു ചായക്കട വരാന്തയിലായിരുന്നു വായനശാലയുടെ തുടക്കം. 1965 ലെ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച നവീന വായനശാല പിന്നീട് സ്വന്തം കെട്ടിടത്തിലേക്ക് വന്നു.
സര്‍ക്കാര്‍ ഗസറ്റ് ലഭ്യമായിരുന്ന പ്രദേശത്തെ ഒരേയൊരിടമായിരുന്നു നവീന വായനശാല. ഗസറ്റില്‍ നിന്ന് സര്‍ക്കാര്‍ വെബ്—സൈറ്റിലേക്ക് വിജ്ഞാപനങ്ങള്‍ മാറുമ്പോഴും ഓണ്‍ലൈന്‍ സേവനങ്ങളും അപേക്ഷാ ഫോറങ്ങളുമായി വായനശാല ഈ സേവന പാരമ്പര്യം തുടര്‍ന്നു പോരുന്നു.

വായനശാലയിലെത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി പുസ്തകങ്ങളുടെ ഡോര്‍ ഡെലിവറിയും ആലോചനയിലുണ്ട്്്്.
വി പി ശങ്കരന്‍ നായര്‍, പി കെ ആലി , കണിച്ചാടത്ത് പത്മനാഭന്‍ നായര്‍, എ ബാപ്പുട്ടി,വി എം ചന്തുക്കുട്ടി മാസ്റ്റര്‍, പി കെ സലീം, പി പി.അബ്ദുല്‍ ഖയ്യൂം തുടങ്ങിയ നിരവധി പേരുടെ പരിശ്രമം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പല കാലങ്ങളിലായി പിന്തുണയേകിയിട്ടുണ്ട്. നവീനയുടെ അടുത്ത ലക്ഷ്യം ഫിലിം സൊസൈറ്റി ആരംഭിക്കുകയെന്നതാണ്. കേരളചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെ ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി വി പി പ്രേമാനന്ദന്‍ പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss