|    Mar 23 Fri, 2018 7:07 am
Home   >  Fortnightly   >  

നാടകജന്‍മങ്ങള്‍

Published : 12th October 2015 | Posted By: G.A.G

ഹൃദയപൂര്‍വം/ജമാല്‍ കൊച്ചങ്ങാടി


നാടകത്തോടുള്ള കമ്പം കൊച്ചുന്നാളിലേയുണ്ട്. പെങ്ങളുടെ കാച്ചിയും തട്ടവും കര്‍ട്ടനാക്കി വീട്ടുമുറ്റത്ത് നാടകം കളിച്ചിരുന്ന ബാല്യകാലം. സ്‌കൂളില്‍ ചെന്നപ്പോഴും ആ കമ്പം കൂടെയുണ്ടായിരുന്നു. സ്വന്തമായി നാടകമെഴുതുകയും അല്‍പസ്വല്‍പമൊക്കെ അഭിനയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നാടകത്തെപ്പറ്റി വായിച്ചുപഠിച്ചിട്ടൊന്നുമല്ല. സ്‌കൂള്‍നാടകങ്ങളുടെ പേരുകളൊക്കെ ഉഗ്രനായിരുന്നു. ഭാരതത്തിന്റെ അന്തരാത്മാവ് (ഡോ. എസ്. രാധാകൃഷ്ണന്റെ ഒരു ദാര്‍ശനികഗ്രന്ഥത്തിന്റെ പേരാണ്. ജവാന്മാരുടെ പ്രമേയമായതുകൊണ്ട് ആ പേര് സ്വീകരിച്ചു.) മറ്റൊന്ന് – വിശക്കുന്ന വയലുകള്‍. (പെരുമഴയത്ത് സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണതായിരുന്നു കഥാബീജം.) ഈ നാടകത്തില്‍ ശക്തമായ കാറ്റും മഴയും അവതരിപ്പിക്കേണ്ടതെങ്ങനെയെന്നറിഞ്ഞുകൂടാ. ക്ലാസ്സില്‍ സി.പി. ജോണ്‍ എന്നൊരു സഹപാഠിയുണ്ടായിരുന്നു. അവന്റെ ചേട്ടനാണ് കൊച്ചിയിലെ അിറയപ്പെടുന്ന നടനും നാടകകൃത്തുമൊക്കെയായ സി.പി. ആന്റണി. അങ്ങനെയാണ് കരിപ്പാലത്തുള്ള അയാളുടെ വീട്ടിലെത്തുന്നത്. സി.പി. പറഞ്ഞു: ധൈര്യമായി പൊയ്‌ക്കോ. ശരിയാക്കിത്തരാം. കുറച്ചു സില്‍വര്‍ പേപ്പര്‍ വാങ്ങിവെച്ചേക്കണം. സി.പി. ആന്റണിയും ദേവസിക്കുട്ടിയെന്ന മറ്റൊരു നടനുംകൂടി സ്‌കൂളില്‍ വന്നു പേമാരിയും കൊടുങ്കാറ്റും ഉണ്ടാക്കിത്തന്നു.സ്‌കൂള്‍ വിട്ടപ്പോള്‍ ചങ്ങാതിമാരോട് ചേര്‍ന്ന് ഒരു കലാസമിതിയുണ്ടാക്കി. ഡാഗ് ആര്‍ട്‌സ് ക്ലബ്ബ്. ആയിടെ വിമാനാപകടത്തില്‍ മരിച്ച യു.എന്‍. സെക്രട്ടറി ഡാഗ്ഹാമ്മര്‍ഷോള്‍ഡിന്റെ ഓര്‍മ്മയ്ക്കാണ്. കലാസമിതിയാകുമ്പോള്‍ ഒരു വലിയ ആളുടെ സ്മരണയ്ക്കായിരിക്കണം എന്നായിരുന്നു ധാരണ. ഫോര്‍ട്ട് കൊച്ചിയില്‍ ഒരു നാടകമത്സരം നടന്നപ്പോള്‍ ക്ലബ്ബ് അവതരിപ്പിച്ചത് എന്റെ വേഴാമ്പല്‍ എന്ന ഏകാങ്കം. എഡ്ഡി മാസ്റ്റര്‍, മുഹമ്മദ് മാനി, നെല്‍സണ്‍ ഫെര്‍ണാണ്ടസ് എന്നീ പ്രഗത്ഭരായിരുന്നു വിധികര്‍ത്താക്കള്‍. അവര്‍ക്ക് നാടകം വളരെ ഇഷ്ടപ്പെട്ടു. എന്തോ സമ്മാനവും കിട്ടി.1960-70 കാലം പശ്ചിമകൊച്ചിയില്‍ നാടകങ്ങളുടെ പെരുമഴക്കാലമായിരുന്നു. കരിപ്പാലത്ത് പുരോഗമന സാഹിത്യ കലാ സമിതി (പി.എസ്.കെ.എസ്.), ഫോര്‍ട്ട്‌കൊച്ചി പട്ടാളത്ത് പീപ്പിള്‍സ് തിയറ്റേഴ്‌സ്, മൂലങ്കുഴിയില്‍ കലാകൈരളി- എവിടെയും വര്‍ഷംതോറും ഏകാങ്ക നാടക മത്സരങ്ങളുണ്ടാവും.പിന്നെ പ്രശസ്തമായ പ്രൊഫഷണല്‍ സമിതികളുടെ, കെ.പി.എ.സി.യുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയും പീപ്പിള്‍സ് തീയറ്റേഴ്‌സിന്റെയുമൊക്കെ നാടകങ്ങള്‍ ഇടയ്ക്കിടെ പള്ളുരുത്തി വെളിയിലും ഫോര്‍ട്ടുകൊച്ചി വെളിയിലും പരേഡ് ഗ്രൗണ്ടിലും കരീപ്പാലം മൈതാനത്തുമൊക്കെ അവതരിപ്പിക്കും. എത്ര രാത്രിയായാലും അവിടെയൊക്കെ ഞാനുമെത്തും. മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷന്റെ വാര്‍ഷികാഘോഷങ്ങളില്‍ സംഗീത പരിപാടികള്‍ക്കും നാടകങ്ങള്‍ക്കും നല്ല സ്ഥാനമുണ്ടായിരിക്കും. ഒരിക്കല്‍ ഒരേ നാടകം അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് ടീമുകള്‍ അവതരിപ്പിച്ചത് പുതുമയുള്ള അനുഭവമായിരുന്നു. എന്‍. ഗോവിന്ദന്‍കുട്ടിയുടെ ഒരു വിവാഹത്തിന്റെ കഥ. ഒരു അറബിക്കല്ല്യാണത്തിന്റെ ദുരന്തപൂര്‍ണ്ണമായ കഥ പറയുന്ന നാടകം. അതിലെ പാവപ്പെട്ട മുസ്‌ലിം പിതാവിന്റെ വേഷത്തില്‍ ഒരു രാത്രി ജെ.എ.ആര്‍. ആനന്ദും അടുത്ത രാവില്‍ പി.സി. സേവ്യറുമാണ് അഭിനയിച്ചത്. ആര് ആരെക്കാള്‍ മികച്ച രീതിയില്‍ അഭിനയിച്ചു എന്ന് തീര്‍പ്പു കല്‍പിക്കാനാവാത്ത പ്രകടനം.നീലക്കുയിലിലൂടെ സിനിമാ രംഗത്ത് കടന്ന ജെ.എ.ആര്‍. ആനന്ദ് എന്ന അബ്ദുക്ക പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. വല്ലപ്പോഴും കിട്ടുന്ന അപ്രധാന വേഷങ്ങളില്‍ തൃപ്തിപ്പെട്ടു കഴിഞ്ഞുകൂടി. അവിടെ വിവാഹവും കഴിച്ചു. ആ ബന്ധത്തിലുള്ള മകളാണ് ചലച്ചിത്രനടിയായ സബിതാ ആനന്ദ്.പനയപ്പിള്ളിയിലെ തോട്ടിക്കോളനിയില്‍നിന്നും ഉയര്‍ന്നുവന്ന കലാകാരനാണ് സേവിയെന്നു ഞങ്ങള്‍ വിളിച്ചിരുന്ന പി.സി. സേവ്യര്‍. ആകാരഭംഗിയും ശബ്ദഗാംഭീര്യവും പ്രൗഢമായ അംഗചലനങ്ങളുംകൊണ്ട് ശ്രദ്ധേയനായിത്തീര്‍ന്ന സേവ്യര്‍ ചങ്ങനാശ്ശേരി ഗീഥാ തിയറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സമിതികളിലെ കരുത്തനായ നടനായിരുന്നു. മാന്വല്‍ സ്‌കാവഞ്ചിംഗ് ഉണ്ടായിരുന്ന കാലമായിരുന്നു. തോട്ടി കുടുംബത്തില്‍നിന്നു വന്നയാളെന്നു കരുതി കലാകാരന്മാര്‍ സേവിയെ മാറ്റിനിര്‍ത്തിയില്ല. അത്തരം അപകര്‍ഷതാബോധം സേവിക്കുമുണ്ടായിരുന്നില്ലെന്നു തോന്നുന്നു. നാടകവേദിയില്‍ തന്നെയായിരുന്നു സേവ്യറുടെ അന്ത്യം.പണ്ടുപണ്ടെങ്ങോ ഞങ്ങളുടെ തറവാടിനടുത്തുള്ള ഒരു ബന്ധുവീട്ടില്‍ ഭരത് പി.ജെ. ആന്റണിയുടെ തെറ്റിദ്ധാരണ എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. ആന്റണിയുടെയും ഗോവിന്ദന്‍കുട്ടിയുടെയുമൊക്കെ ആദ്യകാല തട്ടകം കൊച്ചിതന്നെയായിരുന്നു.പി.ജെ. ആന്റണി മാത്രമല്ല, ഒരുപാട് ആന്റണിമാരുണ്ടായിരുന്നു നാടകരംഗത്ത്. സി.പി. ആന്റണി, പി.ജി. ആന്റണി, പി.ബി. ആന്റണി, കെ.ജെ. ആന്റണി, കൊച്ചിന്‍ ആന്റണി, കെ.എല്‍. ആന്റണി ഇവരില്‍ നടന്മാരും നാടകകൃത്തുക്കളും പാട്ടെഴുത്തുകാരുമുണ്ട്.ഓരോ ആന്റണിയെക്കുറിച്ചും പറയാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. നല്ല നര്‍മ്മബോധമുള്ള നാടകകൃത്തായിരുന്നു സി.പി. ആന്റണി. ‘ചൊറിയന്‍ പുഴുക്കള്‍ ആണ് ഞാന്‍ കാണുന്ന അദ്ദേഹത്തിന്റെ ആദ്യനാടകം. സി.പി.യുടെ നാടകങ്ങള്‍ എത്രയെന്നു പറയാനാവില്ല. ഏറ്റവും ശ്രദ്ധേയമായ രചന നന്മ നിറഞ്ഞ ഭൂമി യാണ്. കറുത്ത പൗര്‍ണ്ണമി തുടങ്ങി കുറേ സിനിമകള്‍ക്ക് തിരക്കഥകളെഴുതിയിട്ടുമുണ്ട്. നാടകമോ തിരക്കഥയോ എഴുതാന്‍ ഏറെ സമയം വേണ്ട. പക്ഷേ, പ്രതിഫലം ചോദിച്ചുവാങ്ങാനറിയില്ല. നിര്‍മ്മാതാക്കളായാലും നാടകസമിതിക്കാരായാലും കുറേ ലാര്‍ജിലൊതുക്കും. ഒടുവില്‍ ജീവിതത്തില്‍നിന്ന് അരങ്ങൊഴിഞ്ഞപ്പോള്‍ നിരാധാരമായത് ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമാണ്.മത്സരനാടകങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്ന പി.ബി. ആന്റണിയുടെത്, പെരുമാള്‍ മുരുകന്റെതിനു സമാനമായ ദുരന്തമാണ്. വര്‍ഗ്ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തിയതെങ്കില്‍, താനെഴുതിയ നാടകത്തിന്റെ പേരില്‍ മറ്റൊരാള്‍ പുരസ്‌കാരം വാങ്ങിയെന്ന ദുഃഖമാണ ആന്റണിക്ക് എഴുത്തിനോട് വിരക്തിയുണ്ടാക്കിയത്. കോഴിക്കോട് കേന്ദ്ര കലാസമിതിയുടെ മത്സരത്തില്‍ സമ്മാനം നേടിയ വിശ്വരൂപം ആയിരുന്നു, നാടകം. അതെ, പ്രശസ്ത നാടകകൃത്തും നടനുമായ സുരാസുവിന്റെതായറിയപ്പെടുന്ന വിശ്വരൂപം തന്നെ. വാസ്തവത്തില്‍ സുരാസുവുമായി ചര്‍ച്ച ചെയ്തിട്ടാണെങ്കിലും അതെഴുതിയത് താനാണെന്നായിരുന്നു ആന്റണിയുടെ വാദം. കൊച്ചിന്‍ ആന്റണി തുടങ്ങിയ കലാകാരന്മാര്‍ കോഴിക്കോട്ടെത്തി എം.ടി. വാസുദേവന്‍നായര്‍ ഉള്‍പ്പെടെയുള്ള ജൂറിമാരെ കണ്ട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അക്കാലത്ത് കൊച്ചിയിലെ നാടകവൃത്തങ്ങളില്‍ ഈ സംഭവം സംസാരവിഷയമായിരുന്നു. കോഴിക്കോട് സാഹിത്യപരിഷത്ത് സമ്മേളനത്തില്‍വെച്ച് ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ സുരാസുവിനോട് ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചു. അന്നേരം ശക്തമായദ്ദേഹം നിഷേധിക്കുകയായിരുന്നു: ദോസ്‌തോയെവ്‌സ്‌കി ഉള്‍പ്പെടെയുള്ള പല പ്രതിഭകളെയും ഉദ്ധരിച്ചിട്ടുണ്ട്, ഈ നാടകത്തില്‍. അതിലൊരു ഡയലോഗെങ്കിലും ആരുടെതാണെന്ന് നാടകകൃത്തെന്നവകാശപ്പെടുന്നവര്‍ പറയട്ടെ.”സത്യം എന്തുമാവട്ടെ, ഒരുപാട് മത്സര നാടകങ്ങളെഴുതിക്കൂട്ടിയ പി.ബി. ആന്റണി തന്റെ പേനയുടെ നിബ്ബ് മേശപ്പുറത്തെ കടലാസ്സില്‍ കുത്തിനിറുത്തി പറഞ്ഞത്രെ: ഇനി ഞാന്‍ നാടകമെഴുതില്ല.മരിക്കുന്നതുവരെ അയാള്‍ പിന്നീട് നാടകമെഴുതുകയുണ്ടായില്ലെന്നത് സത്യം. സുരാസു പിന്നീട് എഴുതിയത് താളവട്ടം എന്ന ഒരു നാടകം മാത്രം; അതാവട്ടെ ശരാശരിയെക്കാള്‍ വളരെ താഴെ നില്‍ക്കുന്ന രചനയും! രണ്ടുപേരും അണിയറക്കുള്ളിലേക്ക് മടങ്ങി. ഇനി പറഞ്ഞിട്ടെന്ത്! സത്യമാരറിഞ്ഞു? (ഈ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നെല്‍സണ്‍ ഫെര്‍ണാണ്ടസിന്റെ നാടകരാവുകള്‍ എന്ന ഓര്‍മ്മപുസ്തകത്തില്‍ വായിക്കാം.)നാടകനടിയായ തന്റെ ഭാര്യക്കെതിരെ അപവാദം പറഞ്ഞ കലാകാരനെ കുത്തിക്കൊന്ന് സ്വയം ജീവനൊടുക്കിയ മറ്റൊരു കലാകാരന്‍. ഏകാകിനിയായ ആ കലാകാരിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കാന്‍ വേറൊരു കലാകാരന്‍ മുന്നോട്ടു വരുന്നു. അത് മറ്റൊരു ആന്റണി. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ.എല്‍. ആന്റണി. സ്വന്തം നാടകങ്ങള്‍ അച്ചടിച്ച് സ്വയം വിതരണം ചെയ്തും നാടകങ്ങളവതരിപ്പിച്ചും ഇന്നും മുന്നോട്ടു നീങ്ങുന്ന ആദര്‍ശധീരനായ ഈ കമ്മ്യൂണിസ്റ്റുകാരനെ ചെറുപ്പംതൊട്ടേ അിറയാം. ഇരുവരും ഇപ്പോഴും നാടകവേദിയില്‍ സജീവമായി ആലപ്പുഴയിലെവിടെയോ ഉണ്ട്. നാടകത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച നാടകീയ ജന്മങ്ങള്‍. നാടകത്തിലേതിനെക്കാളെത്രയോ നാടകീയമാണ് പലപ്പോഴും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍.വേറൊരു നാടകകൃത്തിനെ ഓര്‍മ്മ വരുന്നു. മാത്യു ഇടമറ്റം. ഒരു കാലത്ത് കൊച്ചിയിലെവിടെയെങ്കിലും ഒരു നാടകമോ കലാസമിതി ഉദ്ഘാടനമോ ഉണ്ടെങ്കില്‍ സ്ഥിരം പ്രാസംഗികനായിരുന്ന മാത്യു ഇടമറ്റം. ‘നോറ വാതിലടച്ചു പുറത്തേക്കു പോയപ്പോള്‍ അതിന്റെ ശബ്ദം യൂറോപ്പാകമാനം മുഴങ്ങി’ ഇബ്‌സന്റെ പാവക്കൂടിലെ കഥാപാത്രത്തെക്കുറിച്ചുള്ള ഈ വാക്യം എത്രയോ തവണ ഇടമറ്റം പറഞ്ഞുകേട്ടിട്ടുണ്ടെന്ന് പറയാനാവില്ല. ഫാദര്‍ വടക്കനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഒരു പ്രശസ്ത നാടകമെഴുതിയിട്ടുണ്ട് ഇടമറ്റം; പേരോര്‍മ്മയില്ല. ഒരു ബാങ്കിന്റെ ബ്രാഞ്ചുമാനേജരായിരുന്ന മാത്യു ഏതോ ചങ്ങാതിമാര്‍ക്ക് സ്വര്‍ണ്ണപ്പണ്ടത്തില്‍ വായ്പ കൊടുത്തു. അത് മുക്കുപണ്ടമായിരുന്നുവെന്ന് കണ്ടുപിടിച്ചപ്പോള്‍ ജോലി പോയി. പിന്നെ നിരന്തരമായ മദ്യപാനത്തിലായി ജീവിതം. ഒടുക്കം വരെ.ഒരു മത്സരവേദിയില്‍ വെച്ചാണ് സി.വി. അഗസ്റ്റിനെ പരിചയപ്പെടുന്നത്. അഗസ്റ്റിന്റെ ക്രൂശിക്കപ്പെട്ട ആത്മാവ് എന്ന ഏകാങ്കം മത്സരത്തിനുണ്ടായിരുന്നു. അവശക്രിസ്ത്യാനികളുടെ ദരിദ്രവും പീഡിതവുമായ ജീവിതം ചിത്രീകരിക്കുന്ന ഈ നാടകം ഒരുപാട് സമ്മാനങ്ങള്‍ വാരിക്കൂട്ടി. പിന്നെ, നിര്‍ഭാഗ്യവാന്മാര്‍ എന്ന മറ്റൊരു നാടകമെഴുതി, അഗസ്റ്റിന്‍. അതും യഥാര്‍ത്ഥമായ ചിത്രീകരണം. അതൊരു സുദൃഢമായ സ്‌നേഹബന്ധമായി മാറി. ആര്‍ട്ടിസ്റ്റായ അഗസ്റ്റിന്റെ ‘വര്‍ണ്ണശാല’യിലെ നിത്യസന്ദര്‍ശകനായി ഞാന്‍.പിന്നെ മറ്റൊരാള്‍കൂടി ഞങ്ങളുടെ കൂട്ടത്തിലേക്കു വന്നു. കണ്ണൂര്‍ പഴയങ്ങാടിക്കാരനായ പി.വി. ഇബ്രാഹിംകുട്ടി. ക്രൂശിക്കപ്പെട്ട ആത്മാക്കളില്‍ യാദൃച്ഛികമായഭിനയിപ്പിച്ച് ഇബ്രാഹിംകുട്ടിയെ അഗസ്റ്റിന്‍ ഇബ്രാഹിം വെങ്ങരയായി മാമോദിസ മുക്കി.പിന്നെ ഞങ്ങളുടെ സംഘത്തിലേക്ക് സി.കെ. രവീന്ദ്രന്‍, കെ. ഗോപിനാഥ് തുടങ്ങിയവര്‍ വന്നു. ഗോപി കലാകാരനൊന്നുമല്ല. കലാകാരന്മാരെ വലിയ ഇഷ്ടമാണ്. ഒരു റേഷന്‍ ഷാപ്പില്‍ ജോലിയായിരുന്നു. കലാകാരന്മാരായ ചങ്ങാതിമാര്‍ക്ക് കടമായും സൗജന്യമായും സാധനങ്ങള്‍ കൊടുത്ത് ഗോപിയുടെ ജോലി പോയി.രവിക്ക് ഞങ്ങളെക്കാളൊക്കെ പ്രായമുണ്ട്. എന്റെ ജ്യേഷ്ഠന്റെ സഹപാഠിയായിരുന്നു. തന്റെ ആറടി മണ്ണ് എന്ന നാടകത്തില്‍ എന്നെക്കൊണ്ട് പാട്ടെഴുതിച്ചു. എന്റെ ആദ്യത്തെ നാടകഗാനം;എത്തമില്ലാത്ത കയങ്ങളിലേമുത്തുകള്‍ വാരാന്‍ പോണവരേ…വഞ്ചിയിറക്കീലോ നമ്മടെ മഞ്ചലതാണല്ലോവലയെറിഞ്ഞല്ലോ നമ്മടെ കലയതാണല്ലോ‘ചെമ്മീന്‍ സിനിമയൊക്കെ വരുന്നതിനു മുമ്പാണ്. മനോഹരമായി ഈണം നല്‍കിയത് ഇന്നത്തെ അര്‍ജ്ജുനന്‍ മാസ്റ്ററായ എം.കെ. അര്‍ജ്ജുനന്‍. രവിയുടെ ‘യന്ത്രങ്ങള്‍’ എന്ന നാടകത്തിലും ഞാനും അര്‍ജ്ജുനന്‍ മാസ്റ്ററും ഒന്നിച്ചിട്ടുണ്ട്.ഞാന്‍ പരിചയപ്പെടുന്ന കാലത്ത് ഇബ്രാഹിംകുട്ടി ബീഡിതെറുപ്പുകാരനായിരുന്നു. പിന്നീട് ഇന്റോ മറൈന്‍ ഫിഷറീസ് കമ്പനിയില്‍ ലോറി ഡ്രൈവറായി. സര്‍ക്കസ് കമ്പനിയിലുള്‍പ്പെടെ പല പല ജോലികള്‍ ചെയ്തിട്ടുണ്ട്. കഠിനാദ്ധ്വാനവും അനുഭവങ്ങളും അറിവിനോടുള്ള ആര്‍ത്തിയുമാണ് ഇബ്രാഹിമിനെ അറിയപ്പെടുന്ന നാടകകൃത്തും സംവിധായകനുമൊക്കെയാക്കിയത്. ഇന്നും ആ സാധന തുടരുന്നു. ‘ഗ്രീന്‍ റൂം’ എന്ന ആത്മകഥയില്‍ അതെല്ലാം വിവരിച്ചിട്ടുണ്ട്.വീട്ടില്‍നിന്നും എന്നോ പുറപ്പെട്ടുപോയ ജ്യേഷ്ഠനെ തേടിയുള്ള യാത്രയാണ് ഇബ്രാഹിമിനെ കൊച്ചിയിലെത്തിച്ചത്. ആ ജ്യേഷ്ഠന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങള്‍, ആത്മകഥയെ ഒരു നോവല്‍പോലെ പാരായണീയമാക്കുന്നു. പുനലൂരിലെ മറ്റൊരു നാടകത്തിലഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇബ്രാഹിം സഹോദരന്റെ മരണവാര്‍ത്ത അറിയുന്നത്.അഗസ്റ്റിനും ഇബ്രാഹിമും ഞാനും പിരിയാത്ത കൂട്ടുകാരായിരുന്നു ഒരു കാലത്ത്. അന്തിയോളം നീളുന്ന സാഹിത്യ കലാ ചര്‍ച്ചകള്‍. ഫോര്‍ട്ട് കൊച്ചി കടപ്പുറത്തേക്കുള്ള യാത്ര. അഗസ്റ്റിന്റെ മരണവാര്‍ത്ത ആകസ്മികമായിരുന്നു. കോഴിക്കോട്ടുനിന്ന് വിവരമറിഞ്ഞ ഉടനെ കൊച്ചിയിലെത്തിയെങ്കിലും അപ്പോഴേക്ക് ഖബറടക്കം കഴിഞ്ഞിരുന്നു.മറക്കാനാവാത്ത മറ്റൊരു സംഭവം ടിപ്‌ടോപ് അസീസിന്റെ വിയോഗമാണ്. കൊച്ചിയുടെ ചിരിയായിരുന്ന കെ.എ. അസീസ്. എനിക്ക് ഗുസ്തി പഠിക്കണ്ട, നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി അഞ്ചു പതിറ്റാണ്ടിലേറെ കാലം കൊച്ചിയെ പൊട്ടിച്ചിരിപ്പിച്ചു അസീസ്‌ക്കയുടെ നാടകങ്ങള്‍. എല്ലാ വിഭാഗം പ്രേക്ഷകരെയും അവ ആകര്‍ഷിച്ചു. ഒടുവില്‍ പക്ഷാഘാതം വന്നു, ചലിക്കാനാവാതെ എത്രയോ നാള്‍ കട്ടിലില്‍ കിടന്നായിരുന്നു, മരണം! ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് കിടന്ന അസീസ്‌ക്കയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍പ്പാടുകള്‍. ആ ചാലുകളില്‍ ഒരുപാട് ഓര്‍മ്മകളുണ്ടായിരുന്നു.ഇതിനിടെ വല്ലപ്പോഴുമൊക്കെ ഞാനും ചില നാടകങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. മരീചിക, ദുഃഖം, സിറാത്തുല്‍ മുസ്തഖീം.കപ്പലണ്ടിമുക്ക് മുജാഹിദ് പള്ളിയിലെ ഇമാമായിരുന്ന കെ. ഉമര്‍ മൗലവിയുടെ വെള്ളിയാഴ്ച പ്രസംഗങ്ങളാണ് മൂന്നാമത് പറഞ്ഞ നാടകമെഴുതാന്‍ പ്രചോദനമായത്. നിര്‍ഭയമായിരുന്നു ആ ഖുതുബകള്‍. പള്ളി അധികാരികളെ വിമര്‍ശിച്ചു സംസാരിക്കാന്‍ അത്തരമൊരു പ്രഭാഷകന് എത്രത്തോളം സാധിക്കും എന്ന ചിന്തയാണ് രചനയിലേക്ക് നയിച്ചത്. രണ്ടു വെള്ളിയാഴ്ച ഖുതുബകള്‍ക്കിടയില്‍ ഒരു ഇമാം അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍. വിമര്‍ശനപ്രസംഗം തിരുത്താന്‍ തയ്യാറാകാത്തതുകൊണ്ട് അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങള്‍…പക്ഷേ, ആ പേര്. സിറാത്തുല്‍ മുസ്തഖീം വിനയായി. എം.ഇ.എസ്സിന്റെ വാര്‍ഷികത്തില്‍ അവതരിപ്പിക്കാനിരിക്കെ ആരോ ടൗണ്‍ഹാളിലെ സ്വിച്ച് ഓഫാക്കി. നാടകം പിന്നെ ഒരിടത്തും അവതരിപ്പിച്ചില്ല. സിറാത്തുല്‍ മുസ്തഖീം എന്നാല്‍ നേര്‍വഴി എന്നേ അര്‍ത്ഥമുള്ളൂ. പക്ഷേ, അത് പലര്‍ക്കും ദഹിച്ചില്ല.പിന്നീട് ഒരു നാടകമെഴുതുന്നത് കോഴിക്കോട്ടെത്തിയ കാലത്താണ്. സംഗമം തിയറ്റേഴ്‌സ് അവതരിപ്പിച്ച ഇനിയും ഉണരാത്തവര്‍. കെ.ടി. മുഹമ്മദ് സംഗമത്തില്‍നിന്ന് പിരിഞ്ഞ് കലിംഗാ തീയറ്റേഴ്‌സ് ഉണ്ടാക്കിയ സമയം. എം.ടി.യുടെ ഗോപുരനടയില്‍, തിക്കോടിയന്റെ മഹാഭാരതം എന്നീ നാടകങ്ങള്‍ക്കുശേഷം ഒരു പുതിയ നാടകം തിരഞ്ഞുകൊണ്ടിരിക്കുന്ന കാലം. വിക്രമന്‍ നായരുടെയും ഇബ്രാഹിം വെങ്ങരയുടെയും പ്രേരണ. വിശുദ്ധ ഖുര്‍ആനിലെ ഗുഹാവാസികള്‍ (സൂറത്തുല്‍ കഹ്ഫ്) എന്ന അദ്ധ്യായത്തെ കുറിച്ചുള്ള മനനം, മറ്റൊരു വഴിയിലൂടെ നാടകമായി വികസിച്ചു. സ്വാതന്ത്ര്യസമരകാലത്ത് ഒരു ഗുഹയില്‍ കിടന്നുറങ്ങിപ്പോയ ചില പോരാളികള്‍. അവര്‍ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ സ്വതന്ത്രഭാരതം പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. തങ്ങള്‍ സ്വപ്‌നംകണ്ട ഇന്ത്യയെ തേടിയുള്ള അവരുടെ യാത്ര… ഈ കഥാബീജത്തെ കാലിക രാഷ്ട്രീയ സംഭവങ്ങളിലൂടെ വികസിപ്പിച്ച് ഒരു നാടകമാക്കുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെ ഒരുപാട് സ്ഥലങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ ഇനിയും ഉണരാത്തവര്‍ നേടിയ കയ്യടി പ്രേക്ഷകര്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിച്ചുവെന്നതിന്റെ തെളിവായിരുന്നു. വിക്രമന്‍ നായരുടെ ഭാവനാപൂര്‍ണ്ണമായ സംവിധാനവും വില്‍സന്‍ സാമുവലിന്റെ സംഗീതവും ബാബു പാറശ്ശേരി, വിജയലക്ഷ്മി തുടങ്ങിയവരുടെ അഭിനയവുമെല്ലാം അതിന്റെ വിജയഘടകങ്ങളായി.വിക്രമന്‍ നായര്‍ സംഗത്തോട് യാത്ര പറഞ്ഞു സ്റ്റേജ് ഇന്ത്യാ എന്റര്‍ടൈന്‍മെന്റിനു രൂപം നല്‍കിയപ്പോള്‍ ആവശ്യപ്പെട്ടതനുസരിച്ച് മറ്റൊരു പ്രൊഫഷണല്‍ നാടകംകൂടി എഴുതി. ക്ഷുഭിതരുടെ ആശംസകള്‍. പക്ഷേ, ഉദ്ദേശിച്ചപോലെ പ്രേക്ഷകരില്‍നിന്നതിനു വലിയ സ്വീകരണം ലഭിച്ചില്ല.തീര്‍ന്നു എന്റെ നാടകപര്‍വ്വം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss