|    Nov 18 Sun, 2018 4:50 am
FLASH NEWS

നാഗ്്ജിയും എക്‌സിബിഷനും ഇല്ലാത്ത ഒരൊഴിവുകാലം കൂടി

Published : 14th May 2018 | Posted By: kasim kzm

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: ഒഴിവുകാലം എല്ലാ അര്‍ഥത്തിലും ആഘോഷദിവസങ്ങളാക്കിയിരുന്നു. നഗരസഭയുടെ ആരോഗ്യ-വിദ്യാഭ്യാസ വ്യവസായ പ്രദര്‍ശനവും, ഫുട്‌ബോള്‍ കമ്പക്കാരുടെ വര്‍ഷോല്‍സവമായിരുന്ന സേഠ്‌നാഗജി ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഇല്ലാതെ ഒരൊഴിവുകാലം കൂടി കടന്നുപോകുന്നു.
ഫ്രാന്‍സിസ് റോഡിലെ ടി ബി ക്ലിനിക്കിന് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യം മുന്‍സിപ്പാലിറ്റിയും പിന്നീട് കോര്‍പറേഷനും കോഴിക്കോട്ടെ പ്രശസ്തമായ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ കുടുംബങ്ങളിലെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളേയുംകൂട്ടി വൈകുന്നേരങ്ങളില്‍ കുട്ടികളും അമ്മമാരും സാമൂതിരി ഹൈസ്‌കൂളിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ഫുട്‌ബോള്‍ കളികാണാന്‍ കളി പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങും. അക്കാലങ്ങളില്‍ ഈ രണ്ട് കലാ പരിപാടികളായിരുന്നു നഗരത്തിലെത്തുന്ന അതിഥികള്‍ക്കും കോഴിക്കോട്ടെത്താന്‍ ആകര്‍ഷിച്ചിരുന്നത്.
യന്ത്രഊഞ്ഞാലും മരണകിണറും ഒരു രൂപക്ക് കുടുംബ സമേതം ഫോട്ടോ എടുക്കലും, പൂച്ചെടികള്‍ വാങ്ങലും ഒക്കെയായി ഒരു സായാഹ്്‌ന സവാരിയായിരുന്നു ആ യാത്രകള്‍. സാമൂതിരി ഹൈസ്‌കൂളിലെ വരാന്തകള്‍ സൗഹൃദം പുതുക്കലിന്റെ നടപ്പാതയാക്കും. ഓരോ ക്ലാസ്മുറിയിലും സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി വസ്ത്രങ്ങള്‍ വരെ വില്‍ക്കുന്ന കടകളായി മാറും. ഇത്രയേറെ ജനശ്രദ്ധയാകര്‍ഷിച്ച രണ്ട് പരിപാടികളും നഗരസഭയും ജില്ലാ ഫുട്്‌ബോള്‍ അസോസിയേഷനും നിര്‍ത്തിവെച്ചതില്‍ പഴമക്കാര്‍ ഖേദിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടിലെ കുട്ടികളെ കാണാനും ഗൃഹാതുരതയുയര്‍ത്താനുമായി ബംഗ്ഌരുവില്‍ നിന്നും പൂനെയില്‍ നിന്നുമെത്തിയ ബന്ധുക്കളായ എ സോമസുന്ദറും വി എം വേണുഗോപാല്‍ പിള്ളയും ഒക്കെ കൂടിച്ചേര്‍ന്ന കൂട്ടായ്മയില്‍  എക്്‌സിബിഷനെക്കുറിച്ചും നാഗ്ജിയിലെ പഴയ പടക്കുതിരകളുടെ പോരാട്ടങ്ങളെക്കുറിച്ചും എത്രയോ ആവേശത്തോടെ സംസാരിച്ചപ്പോള്‍ പുതു തലമുറ അക്ഷരാര്‍ഥത്തില്‍ അന്ധാളിച്ചു.
കോഴിക്കോട് നഗരസഭയും കെഡിഎഫ് യെയും ഇടക്കാലത്ത് എക്‌സിബിഷനും നാഗ്്ജിയും നടത്തി. നാഗ്്ജി ടൂര്‍ണമെന്റാകട്ടെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ കോഴിക്കോടന്‍ ഫുട്‌ബോള്‍ കാണികള്‍ കയ്യൊഴിയുകയായിരുന്നു. നമൈതാനത്ത് കളിക്കിടയില്‍ ഉയര്‍ന്നു വരുന്ന ഉച്ചഭാഷിണിയിലൂടെയുള്ള അനൗണ്‍സ്‌മെന്റുപോലും ജനങ്ങള്‍ വിമര്‍ശിച്ചു. നാഗ്്ജിയില്ലെങ്കിലും നാടിന്റെ നാലു മൂലകളിലും ഫുട്‌ബോള്‍ ആരവമുയര്‍ത്തി ‘സെവന്‍സ്’ അരങ്ങു തകര്‍ക്കുന്നു. എക്‌സിബിഷന്‍ മാസംതോറും സരോവരത്തും, കടപ്പുറത്തും, കോമണ്‍ വെല്‍ത്ത് ഗ്രൗണ്ടിലുമായി അരങ്ങേറിക്കൊണ്ടിരിക്കുമുണ്ട്. സ്വകാര്യ വ്യക്തികള്‍ നഗരത്തിലെ പാവങ്ങളുടെ പണം വാരിക്കൂട്ടി അന്യ സംസ്ഥാനത്തേക്ക് പോകുന്നുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss