|    Dec 14 Fri, 2018 1:44 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നാഗ്പൂരിലെ കൗടില്യതന്ത്രങ്ങള്‍

Published : 12th June 2018 | Posted By: kasim kzm

എന്‍  പി  ചെക്കുട്ടി
നാഗ്പൂരിലെ ആര്‍എസ്എസ് വേദിയില്‍, സംഘപ്രവര്‍ത്തകരുടെ കവാത്തിനു സാക്ഷിയായി ദീര്‍ഘനേരം വേദിയിലിരുന്ന വേളയില്‍ എന്താവാം പ്രണബ് മുഖര്‍ജിയുടെ മനസ്സിലൂടെ കടന്നുപോയ വികാരങ്ങളും ചിന്തകളും എന്നാണ് ആ നേരമത്രയും ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. കാരണം, അതൊരു സവിശേഷ ചരിത്രസന്ദര്‍ഭമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു അതിര്‍ത്തിലംഘനമാണ് പ്രണബ് മുഖര്‍ജി നടത്തിയത്.
എല്ലാ കോണ്‍ഗ്രസ് നേതാക്കളും, ദേശീയ ജീവിതത്തില്‍ സമുന്നത സ്ഥാനം വഹിച്ച എല്ലാ ദേശീയ നേതാക്കളും ആര്‍എസ്എസുമായുള്ള ബന്ധങ്ങളില്‍ ഈയൊരു ലക്ഷ്മണരേഖ അതിലംഘിക്കുന്നത് ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. സംഘപരിവാരം ഇന്ന് കൊണ്ടാടുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും അവരുടെ ലോകവീക്ഷണവുമായി വലിയ അടുപ്പം സൂക്ഷിച്ച ആദ്യ പ്രസിഡന്റ് രാജേന്ദ്ര പ്രസാദും ഈ അതിര്‍വരമ്പുകള്‍ അതിലംഘിക്കാതെയാണ് കടന്നുപോയത്.
മഹാത്മജിയുടെ വധത്തിനു ശേഷം ആര്‍എസ്എസ് നിരോധിക്കപ്പെട്ടത് ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിരോധത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് സംഘപരിവാരം പ്രതിനിധാനം ചെയ്ത മലിനമായ മതാഭിമാനത്തിന്റെയും പരമതവിദ്വേഷത്തിന്റെയും മാരകമായ വൈറസുകള്‍ രാഷ്ട്രത്തിനു വലിയ ആപത്ത് വരുത്തിവച്ചതാണ് ബിര്‍ളാ മന്ദിരത്തിലെ ദുരന്തത്തിലേക്കു നയിച്ചത് എന്ന ബോധ്യം ദേശീയ നേതൃത്വത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ആശയമണ്ഡലം ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ നിരന്തരമായ വിമര്‍ശനത്തിനു വിധേയമായി. അവരുമായി അടുത്ത ബന്ധങ്ങള്‍ ദേശീയ നേതൃത്വം പരിമിതപ്പെടുത്തി.
ആര്‍എസ്എസ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള മോഹന്‍ ഭാഗവതിന്റെ ക്ഷണം സ്വീകരിച്ചതിലൂടെ പ്രണബ് മുഖര്‍ജി ഈ ദീര്‍ഘമായ പാരമ്പര്യങ്ങളെ നിഷേധിക്കുകയായിരുന്നു. അല്ലെങ്കില്‍ ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ സംഘപരിവാരവുമായി പോലും സമന്വയം എന്ന പുതിയൊരു സമീപനത്തിന് അദ്ദേഹം തുടക്കം കുറിക്കുകയാണെന്നും പറയാം. അത് ഉണ്ടാക്കാന്‍ പോവുന്ന തുടര്‍ചലനങ്ങള്‍ എത്രമാത്രം ആഴത്തില്‍ പോവുന്നതാണ് എന്നു തിരിച്ചറിയാനുള്ള വിവേകവും ചരിത്രബോധവുമുള്ള ആള്‍ തന്നെയാണ് മഹാ പണ്ഡിതനായ പ്രണബ് മുഖര്‍ജി.
‘അയ്യോ അച്ഛാ പോവല്ലേ’ എന്ന പഴയ സിനിമയിലെ ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന വിധം സ്വന്തം മകള്‍ ശര്‍മിഷ്ഠയും കോണ്‍ഗ്രസ്സിലെ പഴയ സഹപ്രവര്‍ത്തകരും നടത്തിയ പിന്‍വിളിയും അദ്ദേഹം അറിയാതെ പോയതാവില്ല. അമ്പതു പതിറ്റാണ്ടിലേറെ താന്‍ സേവിക്കുകയും തനിക്ക് കേന്ദ്രമന്ത്രിസഭയില്‍ മാത്രമല്ല, രാഷ്ട്രപതി ഭവനിലും അത്യുന്നത സ്ഥാനം ഒരുക്കിത്തരുകയും ചെയ്ത കോണ്‍ഗ്രസ്സുമായുള്ള ബന്ധങ്ങള്‍ പറിച്ചെറിയുകയാണെന്ന തോന്നലും അദ്ദേഹത്തില്‍ ഉണ്ടായിരിക്കാം.
മുഖര്‍ജി പറഞ്ഞത്, താന്‍ പറയാന്‍ പോവുന്ന കാര്യങ്ങള്‍ കേട്ട ശേഷം നിങ്ങള്‍ തന്റെ നിലപാടുകളെ സംബന്ധിച്ച് വിമര്‍ശിക്കുക എന്നാണ്. അദ്ദേഹത്തിന്റെ പ്രഭാഷണം തീര്‍ച്ചയായും ഇന്ത്യന്‍ ദേശീയതയുടെ സമുന്നതമായ പാരമ്പര്യങ്ങളെ പാടിപ്പുകഴ്ത്തുന്നതായിരുന്നു. ഇന്ത്യയുടെ ദീര്‍ഘ ചരിത്രത്തിലൂടെ കടന്നുപോയ അദ്ദേഹം, ഈ രാജ്യത്തിന്റെ ദേശീയതയുടെ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്നത് സഹവര്‍ത്തിത്വവും പരസ്പര സ്‌നേഹവും സഹകരണവുമാണെന്ന് കുറുവടിയുമായി കവാത്തിനെത്തിയ കാക്കി നിക്കറുകാരെ തെര്യപ്പെടുത്തി.
അവര്‍ അത് എത്രമാത്രം ഉള്‍ക്കൊണ്ടിരിക്കുമെന്ന കാര്യത്തെപ്പറ്റിയുള്ള ആലോചന അവിടെ നില്‍ക്കട്ടെ. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ ആവശ്യമായ രാജ്യതന്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ചാണ് പ്രണബ് മുഖര്‍ജി അവരെ ഓര്‍മപ്പെടുത്താന്‍ ശ്രമിച്ചത്. അതിനായി അദ്ദേഹം കൗടില്യനെത്തന്നെയാണ് കൂട്ടുപിടിച്ചത്. രാജ്യത്തെ പ്രജകളുടെ സന്തോഷമാണ് ഭരണാധികാരിയുടെ സന്തോഷത്തിനും ശ്രേയസ്സിനും അടിസ്ഥാനമെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തെ വിഭജനത്തിലേക്ക് വീണ്ടും നയിക്കുന്ന അതിവൈകാരികതയുടെയും മതവൈരങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളെ അദ്ദേഹം പാടേ നിരാകരിച്ചു. ഇന്ത്യയുടെ ദേശീയ ജീവിതത്തിന്റെ അടിത്തറയായ മൂല്യങ്ങളെ അദ്ദേഹം പാടിപ്പുകഴ്ത്തി. നെഹ്‌റുവിനെയും ഗാന്ധിജിയെയും അദ്ദേഹം സ്മരിച്ചു. നെഹ്‌റുവും അംബേദ്കറും രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയാണ് 100 കോടിയിലേറെ വരുന്ന ജനതയുടെ ആത്മാവിഷ്‌കാരത്തിന്റെയും ദേശീയബോധത്തിന്റെയും അടിസ്ഥാന ശില എന്ന് അവരോട് പ്രഖ്യാപനം നടത്തി.
പക്ഷേ, ആര്‍എസ്എസിനെ അറിയുന്നവര്‍ക്കറിയാം, ‘ഏട്ടിലപ്പടി പയറ്റിലിപ്പടി’ എന്ന മട്ടിലാണ് അവരുടെ പ്രവര്‍ത്തന രീതിയെന്ന്. ആയിരം നാവുള്ള അനന്തനെപ്പോലെയാണ് സംഘപരിവാര പ്രസ്ഥാനം. അവര്‍ ഒരു ഭാഗത്ത് ദേശത്തിന്റെ ചരിത്രത്തിലും പാരമ്പര്യങ്ങളിലും അഭിമാനം കൊള്ളും; ‘വസുധൈവ കുടുംബകം’ എന്ന ആര്‍ഷ ഭാരതീയ പ്രമാണങ്ങളെ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കും. മറുഭാഗത്ത്, അതേ പ്രസ്ഥാനത്തിന്റെ ശിലാന്യാസകര്‍ മുഗള്‍ രാജവംശകാലത്ത് സ്ഥാപിക്കപ്പെട്ട പ്രാചീനമായ മസ്ജിദിന്റെ മിനാരങ്ങള്‍ അടിച്ചു തകര്‍ക്കും. തെരുവുകളില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ മേല്‍ ചാടിവീണ് രുധിരപാനം ചെയ്യും. കന്നുകാലികളുമായി ഗ്രാമങ്ങള്‍ താണ്ടുന്ന ദലിതനെയും ആദിവാസിയെയും കച്ചവടക്കാരനെയും ഗോമാതാവിന്റെ അഭിമാന സംരക്ഷകരായി നിന്നു ഭേദ്യം ചെയ്യും.
അത്തരത്തില്‍ ഒരേസമയം പലവിധത്തില്‍ സംസാരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു സംഘടനാ സംവിധാനമാണ് അവരുടേത്. ആചാര്യനായ എം എസ് ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ ഇന്നും അവരുടെ സുപ്രധാനമായ രേഖ തന്നെയാണ്. ഗോള്‍വാള്‍ക്കറുടെ ദേശീയത ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ആസാദിന്റെയും ദേശീയതാ സങ്കല്‍പങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്. ഹെഡ്‌ഗെവാറിന്റെ കുടീരത്തില്‍ പോയി, ഭാരതമാതാവിന്റെ മഹാനായ പുത്രന്‍ എന്ന് അദ്ദേഹത്തെ പുകഴ്ത്തിയ മുഖര്‍ജിക്ക് ‘വിചാരധാര’യിലെ ലോകവീക്ഷണം എന്തെന്ന് അറിയാതെയല്ല. ഹെഡ്‌ഗെവാര്‍ മുതല്‍ ഗോള്‍വാള്‍ക്കറിലൂടെയും മറ്റു ചിത്പവന്‍ ബ്രാഹ്മണ നേതാക്കളിലൂടെയും മോഹന്‍ ഭാഗവതിലേക്ക് എത്തിനില്‍ക്കുന്ന സംഘചാലക ശക്തിയുടെ ചിന്താപരമായ സവിശേഷത അത് ഇന്ത്യന്‍ ദേശീയതയുടെ ജനാധിപത്യ-മതേതര പാരമ്പര്യങ്ങളെ അടിസ്ഥാനപരമായി തന്നെ തള്ളിക്കളയുന്നതാണ് എന്നതുതന്നെ.
അതിനാല്‍, പ്രണബ് മുഖര്‍ജി നാഗ്പൂരിലേക്ക് നടത്തിയ ഈ തീര്‍ത്ഥയാത്രയുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ എന്തായിരിക്കും? അടുത്ത വര്‍ഷം നടക്കാന്‍ പോവുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സുപ്രധാനമായ ഒരു രാഷ്ട്രീയ നീക്കമാണ് പ്രണബ് മുഖര്‍ജി നടത്തിയതെന്നു തീര്‍ച്ച. 2004ല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ മുന്നണിക്ക് അപ്രതീക്ഷിതമായി ഭരണം ലഭിച്ച സന്ദര്‍ഭം ഓര്‍ക്കുക.
അപ്രതീക്ഷിതമായാണ് സോണിയാ ഗാന്ധി താന്‍ പ്രധാനമന്ത്രിപദം സ്വീകരിക്കില്ല എന്ന പ്രഖ്യാപനം നടത്തിയത്. സ്വാഭാവികമായും ആ പദവി തന്നിലേക്ക് വരും എന്നാണ് കോണ്‍ഗ്രസ്സില്‍ ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ ഉന്നത നേതൃത്വത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി പ്രതീക്ഷിച്ചത്. അതിനു മുമ്പ് രാജീവ് ഗാന്ധിയുടെ ദാരുണമായ വധത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം ലഭിച്ച വേളയിലും അദ്ദേഹത്തിന് ആ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, പാര്‍ട്ടിയെ നയിച്ച കോക്കസ് അന്ന് ആന്ധ്രയില്‍ നിന്നുള്ള കീചകന്‍ പി വി നരസിംഹ റാവുവിനെയാണ് അരിയിട്ടു വാഴിക്കാന്‍ നിശ്ചയിച്ചത്. റാവു കോണ്‍ഗ്രസ്സിന് അപരിഹാര്യമായ നഷ്ടം വരുത്തിവച്ചുകൊണ്ടാണ് രംഗത്തുനിന്ന് മാറിയത്.
പിന്നീട് കോണ്‍ഗ്രസ്സിനെ ദേശീയ ജീവിതത്തില്‍ തിരിച്ചുകൊണ്ടുവരുന്നതില്‍ ഏറ്റവും ശക്തമായ നയപരമായ ഇടപെടലുകള്‍ നടത്തിയ നേതാവ് പ്രണബ് മുഖര്‍ജിയായിരുന്നു. പക്ഷേ, 2004ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായി ഡോ. മന്‍മോഹന്‍ സിങിനെയാണ് നിശ്ചയിച്ചത്. വീണ്ടും 2009ലും മന്‍മോഹന്‍ സിങിനു തന്നെയാണ് നറുക്കു വീണത്. പ്രണബ് മുഖര്‍ജി നിരന്തരം രണ്ടാമൂഴക്കാരനായി ഭരണസംവിധാനത്തില്‍ നിലകൊള്ളേണ്ടിവരുകയായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സാധ്യത ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹത്തെ തഴയാനുള്ള നീക്കങ്ങള്‍ തന്നെയാണ് നേതൃത്വത്തില്‍ പലരും നടത്തിയത്. അത് തിരിച്ചറിഞ്ഞ പ്രണബ് മുഖര്‍ജി പാര്‍ട്ടിക്ക് ഒരു മുഴം മുമ്പേ എറിഞ്ഞു. സഖ്യകക്ഷികളുമായി നേരിട്ട് ബന്ധപ്പെട്ട് തന്റെ സ്ഥാനാര്‍ഥിത്വം ആദ്യമേ പ്രഖ്യാപിച്ചു. അങ്ങനെ വേറെ വഴിയില്ലാതെയാണ് 10ാം നമ്പര്‍ ജന്‍പഥ് ബംഗാളി ചാണക്യനെ രാഷ്ട്രപതി ഭവനില്‍ കിടിയിരുത്താന്‍ തയ്യാറായത്.
ഒരുപക്ഷേ, പാര്‍ശ്വത്തിലേക്കുള്ള ഈ തള്ളിമാറ്റലിന്റെ ഓര്‍മയുടെ നീറ്റല്‍ ഇന്നും അദ്ദേഹത്തിന്റെ ഉള്‍ത്തടത്തില്‍ നിലനില്‍ക്കുന്നുണ്ടാവണം. അതേപോലെത്തന്നെ, വലിയൊരു സാധ്യത അദ്ദേഹം മുന്നില്‍ കാണുന്നതായും ചിന്തിക്കുന്നവരുണ്ട്. അത് 2004ല്‍ കൈവിട്ടുപോയ പ്രധാനമന്ത്രിപദം എത്തിപ്പിടിക്കാനുള്ള ഒരു വിദൂര സാധ്യതയാണ്. രാജ്യത്തെ ഇന്നത്തെ അന്തരീക്ഷം വച്ചുനോക്കുമ്പോള്‍ 2019ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് അധികാരം തിരിച്ചുപിടിക്കാനുള്ള സാധ്യത ഏറെയില്ല. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന അതാണ്. കാര്‍ഷിക മേഖലയില്‍ പുകയുന്ന അസ്വസ്ഥത നല്‍കുന്ന സൂചന അതാണ്. ഗ്രാമീണ ഇന്ത്യയില്‍ നിന്നു കേള്‍ക്കുന്ന മുറവിളികളും പ്രക്ഷോഭങ്ങളും അതുതന്നെയാണ് പറയുന്നത്.
നാഗ്പൂരിലെ സംഘപരിവാര നേതൃത്വവും അത് തിരിച്ചറിയുന്നുണ്ട്. 2014ല്‍ ഇതേ ആര്‍എസ്എസ് നേതൃത്വമാണ് ലാല്‍ കൃഷ്ണ അഡ്വാനിയെ കറിവേപ്പില പോലെ മാറ്റിനിര്‍ത്തി നരേന്ദ്ര മോദിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. അഡ്വാനിയെ മാറ്റിനിര്‍ത്താന്‍ സംഘനേതൃത്വം തീരുമാനിക്കുമെന്ന് ഒരാളും സ്വപ്‌നത്തില്‍ പോലും സങ്കല്‍പിച്ചിരുന്നില്ല. പക്ഷേ, അതാണ് സംഭവിച്ചത്. അതിനു കാരണം മോദിയുടെ പ്രതിച്ഛായയോ സംഘബന്ധമോ ഒന്നുമായിരുന്നില്ല. ഇന്ത്യയിലെ കോര്‍പറേറ്റ് ലോകം ഏകകണ്ഠമായി നാഗ്പൂരിലെ നേതൃത്വത്തോട് അതാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ അതേ കോര്‍പറേറ്റ് ലോകം മോദിയുടെ നയങ്ങളില്‍ ഖിന്നരാണ്. നോട്ട് റദ്ദാക്കല്‍ അടക്കമുള്ള നീക്കങ്ങള്‍ ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലയ്ക്ക് ഉണ്ടാക്കിയ തിരിച്ചടി ചെറുതല്ല. ഇന്ത്യന്‍ കമ്പോളം നേരിട്ട തിരിച്ചടി അവര്‍ക്ക് വലിയ ആഘാതമാണ് വരുത്തിവച്ചത്.
മോദിയുടെ പ്രഭാവം അസ്തമിക്കുകയാണെങ്കില്‍, ആര്‍എസ്എസ് നേതൃത്വത്തിന് പൊതുവില്‍ രാജ്യത്ത് നല്ല പ്രതിച്ഛായയുള്ള ഒരു പുതിയ നായകനെ ആവശ്യമായി വരും. സംഘപരിവാര പ്രസ്ഥാനങ്ങള്‍ക്കകത്തുനിന്ന് അത്തരമൊരാളെ കണ്ടെത്തുക സാധ്യമല്ല. കാരണം, പ്രസ്ഥാനത്തിന്റെ പേരില്‍ ഭരണത്തിലേറിയ ആദിത്യനാഥിനെപ്പോലുള്ള പിന്‍തലമുറ നേതാക്കള്‍ പൂര്‍ണമായും പരാജയമാണെന്നു വിധിയെഴുതപ്പെട്ടുകഴിഞ്ഞു.
പുതിയൊരു മുഖം ഒരുപക്ഷേ 2019ല്‍ തിരിച്ചുവരവിന് ആവശ്യമായി വരുമെന്ന് മോഹന്‍ ഭാഗവത് തിരിച്ചറിയുന്നുണ്ട്. അതിനു പ്രണബിനേക്കാള്‍ യോഗ്യനായ മറ്റൊരാളെ അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിയില്ല. സോണിയാ ഗാന്ധി മന്‍മോഹന്‍ജിയെ വാഴിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ അതേ മനോഗതം തന്നെയാണ് സര്‍സംഘ്ചാലകിന്റെ കൗടില്യതന്ത്രങ്ങളിലും തെളിഞ്ഞുകാണുന്നത്. മോദിയുടെ പ്രഭാവകാലം മങ്ങുകയാണെങ്കില്‍ ആര്‍എസ്എസിനു സ്വന്തം പടക്കുതിരകളെ ഇനിയും രംഗത്തിറക്കാനുണ്ടെന്ന ഒരു പ്രഖ്യാപനം കൂടിയാണ് നാഗ്പൂരിലെ വേദിയില്‍ കാണാന്‍ കഴിഞ്ഞത്.
അപ്പോള്‍ നാഗ്പൂരില്‍ നടന്ന നാടകത്തില്‍ ഒരു ഭാഗം മാത്രമാണ് പ്രണബ് മുഖര്‍ജി അഭിനയിച്ചത്. തിരശ്ശീലയ്ക്കപ്പുറത്ത് കൂടുതല്‍ കരുത്തന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു തീര്‍ച്ച. അത് നരേന്ദ്ര മോദിയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും തീര്‍ച്ച.                                   ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss