|    Apr 23 Mon, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നാഗ്ജി ട്രോഫി: റഫറിയോട് തോറ്റ് മ്യൂണിക്ക്

Published : 11th February 2016 | Posted By: SMR

പി എന്‍ മനു

കോഴിക്കോട്: റഫറി ദാനമായി നല്‍കിയ രണ്ടു ഗോളുകളുടെ പിന്‍ബലത്തില്‍ നാഗ്ജി ട്രോഫി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഐറിഷ് ടീം ഷാംറോക്ക് റോവേഴ്‌സിന് ജയം. ടൂര്‍ണമെന്റിലെ തന്നെ മികച്ച ടീമുകൡലൊന്നായ ജര്‍മന്‍ ക്ലബ്ബ് ടിഎസ്‌വി 1860 മ്യൂണിക്കിനെയാണ് ഷാംറോക്ക് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മറികടന്നത്. ആദ്യ ജയത്തോടെ ഷാംറോക്ക് സെമി സാധ്യത നിലനിര്‍ത്തിയപ്പോള്‍ മ്യൂണിക്ക് ആദ്യ തോല്‍വിയേറ്റുവാങ്ങി.
ഷാംറോക്കിന്റെ ആദ്യ രണ്ടു ഗോളും റഫറിയുടെ മോശം തീരുമാനത്തില്‍ നിന്നായിരുന്നു. മൂന്നാമത്തെ ഗോള്‍ മാത്രമാണ് ഐറിഷ് ടീം പ്രയത്‌നിച്ചു നേടിയത്. ക്യാപ്റ്റന്‍ ഗാരി മക്കെബെ (32ാം മിനിറ്റ്), ഡാനി നോര്‍ത്ത് (45), ഗവിന്‍ ബ്രെന്നന്‍ (52) എന്നിവരാണ് ഷാംറോക്കിന്റെ സ്‌കോറര്‍മാര്‍. മ്യൂണിക്കിന്റെ രണ്ടു ഗോളും നായകന്‍ മൈക്കല്‍ കൊക്കോസിന്‍സ്‌കിയുടെ (14, 41 മിനിറ്റുകള്‍) വകയായിരുന്നു. ഷാംറോക്ക് താരം നോര്‍ത്താണ് മാന്‍ ഓഫ് ദി മാച്ച്.
പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം മ്യൂണിക്ക് ടീം എതിരാളികളെ പിന്നിലാക്കിയെങ്കിലും വിജയം മാത്രം കൈപ്പിടിയിലൊതുക്കാനായില്ല. മ്യൂണിക്ക് ടീം 4-3-3 എന്ന ശൈലിയാണ് പരീക്ഷിച്ചതെങ്കില്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയുള്ള 4-2-2 എന്ന ശൈലിയാണ് ഷാംറോക്ക് പിന്തുടര്‍ന്നത്. മല്‍സരത്തില്‍ മ്യൂണിക്ക് ടീം 15 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ ഒമ്പതെണ്ണമാണ് ഷാംറോക്കിന്റെ ഭാഗത്തു നിന്നുണ്ടായത്.
ആദ്യപകുതി ഇഞ്ചോടിഞ്ച്
രണ്ടാം മിനിറ്റില്‍ ഷാംറോക്കിനാണ് കളിയിലെ ആദ്യ കോര്‍ണര്‍ ലഭിച്ചത്. ഇടതുമൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്‍ മിയെലെയുടെ കിക്ക് ഡേവിഡ് വെബ്‌സ്റ്റര്‍ ബാക്ഹീല്‍ കൊണ്ടു വലയിലേക്ക് തട്ടിയെങ്കിലും ഗോളി കെയ് ഫ്രിറ്റിസിന്റെ കൈകളിലൊതുങ്ങി.
കളിയുടെ ആദ്യ 10 മിനിറ്റില്‍ പന്ത് ഭൂരിഭാഗം സമയവും ഷാംറോക്കിന്റെ ഹാഫിലായിരുന്നു. ഇരുവിങുകളിലൂടെയുമുള്ള ആക്രമണമണാണ് മ്യൂണിക്ക് ടീം നടത്തിയത്. കുറിയ പാസുകളിലൂന്നിയുള്ള ശൈലിയാണ് മ്യൂണിക്ക് സ്വീകരിച്ചത്. ഷാംറോക്കിനെ ഇതു വലയ്ക്കുകയും ചെയ്തു. പലപ്പോഴും മ്യൂണിക്കിന്റെ നീക്കങ്ങള്‍ ബോക്‌സിനുള്ളില്‍ വച്ചാണ് ഷാംറോക്ക് കഷ്ടിച്ചു ക്ലിയര്‍ ചെയ്തത്.
14ാം മിനിറ്റില്‍ മ്യൂണിക്ക് ടീം അര്‍ഹിച്ച ഗോള്‍ പിടിച്ചുവാങ്ങി. സെമണ്‍ സെഫ്രിങ്‌സിനെ ബോക്‌സിനുള്ളില്‍ വച്ച് ഷാംറോക്ക് താരം ഡേവിഡ് വെബ്‌സ്റ്റര്‍ ഫൗള്‍ ചെയ്തപ്പോള്‍ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. കിക്കെടുക്കാനെത്തിയത് മൈക്കല്‍ കൊകോസിന്‍സ്‌കി. കരുത്തുറ്റ ഷോട്ട് പ്രതീക്ഷിച്ചുനിന്ന ഗോളി ബാരി മര്‍ഫിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പന്ത് വലയിലേക്ക് കോരിയിട്ടു (1-0).
19ാം മിനിറ്റില്‍ ഷാംറോക്കിന് മികച്ച പൊസിഷനില്‍ ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ഡാനി നോര്‍ത്തിനെ ബോക്‌സിന് തൊട്ടരികില്‍ വച്ച് മ്യൂണിക്ക് താരം ഫെലിക്‌സ് വെബ്ബര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഫ്രീകിക്ക്. ബോക്‌സിന്റെ ഇടതുമൂലയില്‍ വച്ച് ഗാരി മക്കെബെയുടെ ദുര്‍ബലമായ ഫ്രീകിക്ക് മ്യൂണിക്ക് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. നിരന്തരം കോര്‍ണറുകള്‍ വഴങ്ങിയാണ് ഷാംറോക്ക് മ്യൂണിക്കിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്തിയത്.
32ാം മിനിറ്റില്‍ മല്‍സരത്തെ കൂടുതല്‍ ആവേശകരമാക്കി ഷാംറോക്കിന്റെ സമനില ഗോള്‍. വിവാദ പെനല്‍റ്റിയൂടെ രൂപത്തിലാണ് ഷാംറോക്കിന്റെയും ഗോള്‍ പിറന്നത്. ഇടതുമൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്‍ മിയെലെയുടെ കോര്‍ണറിനിടെ ഇരുടീമിലെയും താരങ്ങള്‍ ഹെഡ്ഡ് ചെയ്യാനായി ഉയര്‍ന്നു ചാടിയപ്പോള്‍ ഫൗളെന്ന് വിധിച്ച് റഫറി പെനല്‍റ്റി നല്‍കുകയായിരുന്നു. ക്യാപ്റ്റന്‍ ഗാരി മക്കെബെയുടെ തകര്‍പ്പന്‍ പെനല്‍റ്റി ഗോളിക്ക് യാതൊരു പഴുതും നല്‍കാതെ വലയില്‍ ചെന്നു തറച്ചു (1-1).
തൊട്ടടുത്ത മിനിറ്റില്‍ മ്യൂണിക്കിന്റെ കൗണ്ടര്‍അറ്റാക്ക്. ബോക്‌സിനുള്ളില്‍ വച്ച് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച മനോഹരമായ ഗോളവസരം മ്യൂണിക്ക് താരം ഫെലിക്‌സ് ബാഷെമിഡ് നഷ്ടപ്പെടുത്തി. ബാഷെമിഡിന്റെ ദുര്‍ബലമായ ഷോട്ട് ഗോളിയുടെ കൈകളിലൊതുങ്ങുകയായിരുന്നു. 41ാം മിനിറ്റില്‍ മ്യൂണിക്ക് ടീം ലീഡ് തിരിച്ചുപിടിച്ചു.
പന്തുമായി ഇടതുമൂലയിലൂടെ ബോക്‌സിനുള്ളില്‍ പറന്നെത്തിയ നികോളാസ് ഹെങ്‌ബെര്‍ട്ടിനെ ഡേവിഡ് ഒകോണര്‍ പിന്നില്‍ നിന്ന് ഫൗള്‍ ചെയ്യുകയായിരുന്നു. നായകന്‍ കൊക്കോസിന്‍സ്‌കി പെനല്‍റ്റി അനായാസം വലയിലേക്ക് പ്ലെയ്‌സ് ചെയ്തു (2-1). തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സിനു പുറത്തുവച്ച് മ്യൂണിക്ക് താരം ഫാബിയന്‍ ഹ്യുറെസെല്ലര്‍ പരീക്ഷിച്ച ലോങ്‌റേഞ്ചര്‍ ഷാംറോക്ക് ഗോളി ബാരി മര്‍ഫി ഒരു കൈകൊണ്ട് കുത്തിയകറ്റി.
ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഷാംറോക്ക് വീണ്ടും ഒപ്പമെത്തി. ഓഫ്‌സൈഡെന്ന് സംശയമുളവാക്കുന്നതായിരുന്നു ഈ ഗോള്‍. കൗണ്ടര്‍അറ്റാക്കില്‍ ഒറ്റയ്ക്കു പന്തുമായി കുതിച്ച ഡാനി നോര്‍ത്തിന്റെ ഷോട്ട് മ്യൂണിക്ക് ഗോളി കായ് ഫ്രിറ്റ്‌സ് കാല്‍ കൊണ്ടു ബ്ലോക്ക് ചെയ്തു. ക്ലിയര്‍ ചെയ്യപ്പെട്ട പന്തില്‍ സഹതാരം ഇടതുമൂലയിലേക്കു നല്‍കിയ ക്രോസ് മനോഹരമായ ഹാഫ് വോളിയിലൂടെ ഓഫ്‌സൈഡ് പൊസിഷനില്‍ വച്ച് നോര്‍ത്ത് വലയിലേക്ക് പായിക്കുകയായിരുന്നു. റഫറിയുടെ തീരുമാനത്തിനെതിരേ മ്യൂണിക്ക് താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ആദ്യപകുതിയില്‍ 65 ശതമാനവും പന്ത് കൈവശം വച്ചത് മ്യൂണിക്കായിരുന്നു.
ആവേശം കുറഞ്ഞ് രണ്ടാംപകുതി
ഒന്നാംപകുതിയെ അപേക്ഷിച്ച് കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നില്ല രണ്ടാംപകുതി. 52ാം മിനിറ്റില്‍ രണ്ടാംപകുതിയിലെ ആദ്യ നീക്കം തന്നെ ഗോളാക്കി മാറ്റി ഷാംറോക്ക് മ്യൂണിക്കിനെ ഞെട്ടിച്ചു. ക്യാപ്റ്റന്‍ ഗാരി മക്കെബെയുടെ ഫ്രീകിക്ക് ഡാനി നോര്‍ത്തിന്റെ കൈയില്‍. നോര്‍ത്ത് മറിച്ചുനല്‍കിയ പാസുമായി വലതുമൂലയിലൂടെ പറന്നുകയറിയ മക്കെബെ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ മ്യൂണിക്ക് ഗോളിക്കും പ്രതിരോധത്തിനും പിഴച്ചപ്പോള്‍ ബ്രെന്നന്‍ ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (3-2).
ഈ ഗോളിനു ശേഷം ഇരുടീമിന്റെയും ഭാഗത്തു നിന്ന് കാര്യമായ നീക്കങ്ങളൊന്നും കണ്ടില്ല. തുറന്ന ആക്രമണങ്ങള്‍ക്കു ശ്രമിക്കാതെ ഇരുടീമും പ്രതിരോധിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഇതു കളിയുടെ വേഗം കുറച്ചു. മ്യൂണിക്ക് ടീം ഇടയ്ക്ക് ചില ലോങ്‌റേഞ്ച് ഷോട്ടുകളിലൂടെ ഗോള്‍ നേടാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss