|    Jun 19 Tue, 2018 1:03 am
Home   >  Todays Paper  >  page 11  >  

നാഗ്ജി ട്രോഫി: അത്‌ലറ്റികോ സെമിക്കരികെ

Published : 12th February 2016 | Posted By: SMR

എ പി ഷഫീഖ്

കോഴിക്കോട്: ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ നേടിയ മനോഹര ഗോളിലൂടെ ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലറ്റികോ പരാനെന്‍സ് സെമി ഫൈനലിനരികിലെത്തി. നാഗ്ജി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ഉക്രെയ്ന്‍ ക്ലബ്ബായ വോളിന്‍ ലുട്‌സ്‌കിനോടാണ് 2-2ന്റെ സമനിലയുമായി അത്‌ലറ്റികോ തടിതപ്പിയത്. സമനിലയോടെ അത്‌ലറ്റികോ സെമി സാധ്യത സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം സമനില വഴങ്ങിയ ലുട്‌സ്‌കിന്റെ സെമി ബെര്‍ത്ത് ഏതാണ്ട് തുലാസിലായി.
ഇനി ശക്തരായ വാട്‌ഫോര്‍ഡ് റിസര്‍വ്‌സിനോട് ജയിക്കുന്നതോടൊപ്പം കണക്കിന്റെ കളി കൂടി അനുകൂലമായാല്‍ മാത്രമേ ലുട്‌സ്‌കിന് സെമി ബെര്‍ത്ത് സ്വപ്‌നം കാണാന്‍ സാധിക്കുകയുള്ളൂ. രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ലുട്‌സ്‌ക്. ഗ്രൂപ്പ് എയില്‍ നാലു പോയിന്റുമായി അത്‌ലറ്റികോ തലപ്പത്ത് തുടരുകയാണ്.
നാളെ റുമാനിയന്‍ ക്ലബ്ബായ റാപിഡ് ബുക്കറെസ്റ്റിക്കെതിരായ മല്‍സരത്തില്‍ ജയിക്കാനായാല്‍ അത്‌ലറ്റികോയ്ക്ക് കണക്കിന്റെ കളി നോക്കാതെ തന്നെ അനായാസം സെമി ഫൈനലിലെത്താനാവൂം. അത്‌ലറ്റികോയ്ക്കു വേണ്ടി വേസ്‌ലി ലിമ ഡാ സില്‍വയും (21ാം മിനിറ്റ്) പകരക്കാരനായിറങ്ങിയ യാഗോ സെസാര്‍ ഡാ സില്‍വയുമാണ് (90) സ്‌കോര്‍ ചെയ്തത്. ലുട്‌സ്‌കിനു വേണ്ടി ലോഗിനോവ് സെര്‍ജിയും (28ാം മിനിറ്റ്) മെംഷേവ് റെഡ്‌വാനും (63) ലക്ഷ്യംകണ്ടു.
ആദ്യപകുതി ആക്രമണാത്മകം
കളിയുടെ ആദ്യപകുതിയില്‍ തന്നെ ഇരു ടീമും ആക്രമിച്ചു കളിച്ചതോടെ മല്‍സരം ആവേശകരമായി. ഇരു ടീമും ഗോളിനായി മികച്ച മുന്നേറ്റങ്ങള്‍ ആദ്യപകുതിയില്‍ തന്നെ നടത്തുകയുണ്ടായി. അഞ്ച്, ഏഴു മിനിറ്റുകളില്‍ അത്‌ലറ്റികോയുടെ മികച്ച മുന്നേറ്റം കണ്ടു. ഏഴാം മിനിറ്റില്‍ നികോളാസ് ഡാ സില്‍വയുടെ കോര്‍ണര്‍ കിക്ക് ആന്ദ്രെ ലൂയിസ് ഡാ സില്‍വ ജൂനിയര്‍ ഹെഡ്ഡര്‍ ചെയ്ത് പോസ്റ്റിലേക്ക് തിരിച്ചെങ്കിലും ലൂട്‌സ്‌ക് ഗോള്‍കീപ്പര്‍ സുസ്ത് ബൊഹ്ഡാന്‍ വിഫലമാക്കി.
ഒമ്പതാം മിനിറ്റിലാണ് ലൂട്‌സ്‌ക് ഗോളിനുള്ള ആദ്യ ശ്രമം നടത്തിയത്. ലൂട്‌സ്‌ക് ക്യാപ്റ്റന്‍ ക്രാവ് ചെങ്കോ സെര്‍ജിയുടെ ബുള്ളറ്റ് ഷോട്ട് അത്‌ലറ്റികോ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. 11, 17 മിനിറ്റുകളില്‍ അത്‌ലറ്റികോ അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ 20ാം മിനിറ്റില്‍ ഫ്രീകിക്കിനൊടുവില്‍ ഗോള്‍ പോസ്റ്റിന് മുമ്പില്‍ വച്ച് റീബൗണ്ട് ലഭിച്ച പന്ത് പൊലോവി വോളോദിമിര്‍ പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തി.
വേഗതയാര്‍ന്ന ഗെയിമില്‍ 21ാം മിനിറ്റില്‍ ഡാ സില്‍വയിലൂടെ അത്‌ലറ്റികോ ആദ്യ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ താരത്തിന്റെ രണ്ടാം ഗോള്‍ കൂടിയായിരുന്നു ഇത്. ആദ്യ മല്‍സരത്തില്‍ വാട്‌ഫോര്‍ഡിനെതിരേയും സില്‍വ ലക്ഷ്യം കണ്ടിരുന്നു. ഗുസ്താവോ ഡി അസ്സിസ് നല്‍കിയ പാസ് ലുട്‌സ്‌ക് ഗോളിയേയും പ്രതിരോധക്കാരനെും കബളിപ്പിച്ച് സില്‍വ അനായാസം പന്ത് വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ലുട്‌സ്‌ക് 28ാം മിനിറ്റില്‍ ഒപ്പമെത്തി. ജെറസ്മുക്ക് ഒലെഗിന്റെ കോര്‍ണര്‍ കിക്ക് ജോറോവ്‌സ്‌ക് മിഹ അത്‌ലറ്റികോ പോസ്റ്റിലേക്ക് ഉജ്ജ്വല ഹെഡ്ഡര്‍ ചെയ്തു. പന്ത് അത്‌ലറ്റികോ ഗോള്‍കീപ്പര്‍ ലുകാസ് ഫെരെയ്‌റ പെനാല്‍റ്റി ബോക്‌സില്‍ തന്നെ തടുത്തിട്ടു. പന്ത് റീബൗണ്ടായി ലഭിച്ച സെര്‍ജി അത്‌ലറ്റികോ പോസ്റ്റിലേക്ക് അനായാസം തട്ടിയിടുകയായിരുന്നു.

രണ്ടാംപകുതിയും ആവേശഭരിതം
ഒന്നാംപകുതിക്കു സമാനമായി രണ്ടാംപകുതിയിലും കളി ആവേശഭരിതമായിരുന്നു. എന്നാല്‍, അത്‌ലറ്റികോയേക്കാള്‍ ആക്രമിച്ചു കളിക്കുന്നതില്‍ ലൂട്‌സ്‌ക് നേരിയ മുന്‍തൂക്കം നേടിയിരുന്നു. 52, 54, 56 മിനിറ്റുകളില്‍ ലൂട്‌സ്‌ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ 59, 60, 62 മിനിറ്റുകളില്‍ അത്‌ലറ്റികോയും കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. 63ാം മിനിറ്റില്‍ റെഡ് വാനിലൂടെ ലൂട്‌സ്‌ക് ലീഡ് പിടിച്ചു. സെര്‍ജി നല്‍കിയ പാസ് റെഡ് വാന്‍ ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു.
മല്‍സരം ലൂട്‌സ്‌ക് സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ നിന്നാണ് ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അത്‌ലറ്റികോ നിര്‍ണായക ഗോളിലൂടെ സമനില പിടിച്ചത്. ഫെര്‍ണാണ്ടോ സില്‍വ പന്റലിയോ ലെഫ്റ്റ് വിങിലൂടെ ബോക്‌സിലേക്ക് നല്‍കിയ പാസ് ലൂട്‌സ്‌കിന് നിഷബ്ധരാക്കി യാഗോ സെസാര്‍ ഡാ സില്‍വ ഗോളാക്കി മാറ്റുകയായിരുന്നു. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ നിപ്രോ എഫ്‌സി, അര്‍ജന്റീന അണ്ടര്‍ 23നെ എതിരിടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss