|    Apr 26 Thu, 2018 11:06 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നാഗ്ജി കപ്പ്: കലാശപ്പോരിന് ചിറകടിച്ച് സാംബ

Published : 19th February 2016 | Posted By: SMR

എപി ഷഫീഖ്

കോഴിക്കോട്: പതിനായിരത്തോളം കാണികളെ അവസാന മിനിറ്റ് വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നാഗ്ജി കപ്പ് ഫുട്‌ബോളിലെ ആദ്യ സെമി ഫൈനലില്‍ ബ്രസീലിയന്‍ ഗ്ലാമര്‍ ടീമായ അത്‌ലറ്റികോ പരാനെന്‍സിന് വിജയം. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡില്‍ നിന്നുള്ള ഷാംറോക്ക് റോവേഴ്‌സിനെയാണ് എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തി പരാനെന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ചിറകടിച്ചു പറന്നത്. 62ാം മിനിറ്റില്‍ യാഗോ സെസാര്‍ ഡാ സില്‍വയാണ് പരാനെന്‍സിന്റെ വിജയഗോള്‍ നിറയൊഴിച്ചത്. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ പരാനെന്‍സ് എതിരിടുക.
ആദ്യപകുതിയില്‍ കളംനിറഞ്ഞ് സാംബ
കളിയുടെ ഒന്നാംപകുതിയില്‍ ഷാംറോക്കിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പരാനെന്‍സ് നടത്തിയത്. മികച്ച മുന്നേറ്റങ്ങളുമായി ഷാംറോക്കിന്റെ ഗോള്‍ മുഖത്തേക്ക് പാഞ്ഞ് കയറിയ പരാനെന്‍സ് ഏത് നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ടിരുന്നു. പരാനെന്‍സിന്റെ മികച്ച നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഗുസ്താവോ കസ്‌കാര്‍ഡോയും യാഗോ സെസാര്‍ ഡാ സില്‍വയുമായിരുന്നു. ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമിലാണ് ഷാംറോക്ക് ഗോളിനുള്ള മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്.
കളിയുടെ 10ാം മിനിറ്റില്‍ പരാനെന്‍സ് താരം ആന്ദ്രെ ലൂയിസ് ഡ കോസ്റ്റ ആല്‍ഫ്രെഡോയുടെ ഇടംകാല്‍ ഷോട്ട് ഷാംറോക്ക് പോസ്റ്റ് ബാറിന് മുകളിലൂടെ പുറത്തു പോയി. 12ാം മിനിറ്റില്‍ ഷാംറോക്കിന് സ്‌കോര്‍ ചെയ്യാനുള്ള സുവര്‍ണാവസരം ലഭിച്ചു. ഷാംറോക്ക് താരം ഗാരി ഷോയുടെ ഷോട്ട് പരാനെന്‍സ് പോസ്റ്റ് ബാറില്‍ തട്ടി നേരിയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു. 22ാം മിനിറ്റില്‍ സെസാര്‍ ഡ സില്‍വ ഫൗളിനിരയാക്കിയതിനെ തുടര്‍ന്ന് ഷാംറോക്കിന്റെ ഡേവിഡ് ഒകോനോറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 35ാം മിനിറ്റില്‍ ഷാംറോക്ക് പോസ്റ്റ് ബാര്‍ കുലുക്കിയെങ്കിലും പരാനെന്‍സിന് സ്‌കോര്‍ ചെയ്യാനായില്ല. പരാനെന്‍സിന്റെ ജോഹോ പെഡ്രോ ഹെയ്‌നെന്‍ സില്‍വയുടെ മനോഹര ഷോട്ടാണ് പോസ്റ്റ് ബാറില്‍ തട്ടി നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയത്. ഇതിനിടയില്‍ ഷാംറോക്ക് ചെറുനീക്കങ്ങള്‍ നടത്തിയെങ്കിലും പരകാനെന്‍സ് ഗോളി ലുക്കാസ് മക്കന്‍ഹാന്‍ ഫെറെയ്‌റയെ പരീക്ഷിക്കുന്നതായിരുന്നില്ല. പരാനെന്‍സ് പ്രതിരോധത്തിന്റെ പെട്ടെന്നുള്ള ഇടപെടലുകളും ഷാംറോക്ക് മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബ്രെന്‍ഡന്‍ മിയേല ഷോയ്ക്ക് നല്‍കിയ ക്രോസ് ഉജ്ജ്വല സേവിലൂടെ പരാനെന്‍സ് ഗോളി ഫെറെയ്‌റ കുത്തിയകറ്റുകയായിരുന്നു.
ആവേശം വിതറി രണ്ടാംപകുതി
ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതി കൂടുതല്‍ ആക്രമണാത്മകമായിരുന്നു. പരാനെന്‍സ് തന്നെയായിരുന്നു രണ്ടാംപകുതിയിലും ഷാംറോക്കിനേക്കാള്‍ മികച്ചുനിന്നത്. 48ാം മിനിറ്റില്‍ മികച്ച പാസിങ് ഗെയിമിനൊടുവില്‍ കോസ്റ്റ ആല്‍ഫ്രെഡ്രോ ഷോട്ടുതീര്‍ത്തെങ്കിലും ഷാംറോക്ക് പ്രതിരോധത്തില്‍ തട്ടി പൊലിഞ്ഞു. . 51ാം മിനിറ്റില്‍ ഡിയാന്‍ ക്ലര്‍ക്കിന്റെ ഉജ്ജ്വല ക്രോസ് പരാനെന്‍സ് പോസ്റ്റ് ബാറില്‍ തട്ടി തെറിച്ചു..57ാം മിനിറ്റില്‍ വേസ് ലി ലിമ ഡ സില്‍വയുടെ നേരിട്ടുള്ള ദുര്‍ബല ഷോട്ട് ഷാംറോക്ക് ഗോളി അനായാസം കൈയ്യിലൊതുക്കി.
62ാം മിനിറ്റില്‍ കാണികളെ ആവേശത്തിലാഴ്ത്തി സാംബ നൃത്തമാടി.ഫെര്‍ണാണ്ടോ ഡാ സില്‍വ പാന്റലിയോ നല്‍കിയ പാസ് ഷാംറോക്ക് പ്രതിരോധത്തെ കബളിപ്പിച്ചതിനു ശേഷം യാഗോ സില്‍വ ഇടം കാല്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss