|    Jun 20 Wed, 2018 5:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നാഗ്ജി: അര്‍ജന്റീനയ്ക്ക് പിറകെ ജര്‍മനിയും…

Published : 17th February 2016 | Posted By: SMR

പി എന്‍ മനു

കോഴിക്കോട്: ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീനയ്ക്കു പിറകെ ലോക ചാംപ്യന്‍മാരായ ജര്‍മനിയില്‍ നിന്നുള്ള അതികായന്‍ ക്ലബ്ബും നാഗ്ജി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് സെമി ഫൈനല്‍ കാണാതെ പുറത്തായി. ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍രഹിത സമനില കണ്ട മല്‍സരത്തില്‍ ജര്‍മന്‍ ടീം ടിഎസ് വി 1860 മ്യൂണിക്കിന് സെമി കാണാനായില്ല.
ഇന്നലെ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ ഉക്രെയ്‌നില്‍ നിന്നുള്ള നിപ്രോ പെട്രോസ്‌കുമായാണ് മ്യൂണിക്ക് 0-0ന് സമനില വഴങ്ങിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു ഈ മല്‍സരം. എന്നാല്‍ കഴിഞ്ഞ റൗണ്ടുകളില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാന്‍ ഇരുടീമിനും സാധിച്ചില്ല.
സെമി ടിക്കറ്റുറപ്പിക്കാന്‍ മ്യൂണിക്കിന് ജയം അനിവാര്യമായിരുന്നെങ്കില്‍ നേരത്തേ തന്നെ സെമിയുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നിപ്രോ ഇറങ്ങിയത്. കളിയിലുടനീളം മ്യൂണിക്ക് ആധിപത്യം പുലര്‍ത്തിയെങ്കിലും നിര്‍ഭാഗ്യവും ഫിനിഷിങിലെ പിഴവുകളും മ്യൂണിക്കിന് പുറത്തേക്ക് വഴിതുറക്കുകയായിരുന്നു. നിപ്രോയുടെ ശക്തമായ പ്രതിരോധവും മ്യൂണിക്കിന് വിലങ്ങുതടിയായി. പന്ത് ലഭിച്ചപ്പോഴെല്ലാം നിപ്രോയും മികച്ച നീക്കങ്ങള്‍ നടത്തി. കൗണ്ടര്‍അറ്റാക്കുകളില്‍ നിന്ന് നിപ്രോയ്ക്ക് ഗോള്‍ നേടാനുള്ള മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ അവ മുതലെടുക്കാന്‍ ഉക്രെയ്ന്‍ ക്ലബ്ബിനായില്ല.
ആവേശം വിതറി ആദ്യപകുതി
മല്‍സരത്തിന്റെ ആദ്യ 20 മിനിറ്റോളം കളി നിയന്ത്രിച്ചത് മ്യൂണിക്കായിരുന്നെങ്കില്‍ പിന്നീടുള്ള 25 മിനിറ്റ് തുല്യശക്തികള്‍ തമ്മിലുള്ള മാറ്റുരയ്ക്കലായിരുന്നു. അതുവരെ പ്രതിരോധിച്ചു നിന്ന നിപ്രോയും കടന്നാക്രമണത്തിനു മുതിര്‍ന്നതോടെ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന പ്രതീതിയുണ്ടായി.
കളിയുടെ ആദ്യ 10 മിനിറ്റില്‍ ഗോളിലേക്ക് ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ ഇരുടീമിനുമായില്ല. മല്‍സരത്തിന്റെ തുടക്കം മുതല്‍ കടുംനീല ജഴ്‌സിയണിഞ്ഞ മ്യൂണിക്ക് ടീമിന്റെ ആധിപത്യമാണ് കണ്ടത്. ഇരുവിങുകൡലൂടെയും മാറി മാറി ജര്‍മന്‍ ടീം നിപ്രോ ഗോള്‍മുഖം ലക്ഷ്യമാക്കി നീക്കങ്ങള്‍ നടത്തി. എന്നാല്‍ ഗോളിക്ക് വെല്ലുവിളിയുയര്‍ത്തിയ ഷോട്ടുകളൊന്നും ഇതിനിടെ പിറന്നില്ല.
ഭൂരിഭാഗം സമയവും പന്ത് നിപ്രോയുടെ ഹാഫിലായിരുന്നു. ഗോളടിക്കാനല്ല മറിച്ച് പ്രതിരോധിച്ച് നിന്ന് എതിരാളികളെക്കൊണ്ട് ഗോളടിപ്പിക്കാതിരിക്കാനാണ് ഉക്രെയ്ന്‍ ടീം ശ്രമിച്ചത്. 23ാം മിനിറ്റില്‍ ഫാബിയന്‍ ഹ്യുര്‍സെല്ലറിനെ ഫൗള്‍ ചെയയ്തിനെ തുടര്‍ന്ന് മ്യൂണിക്കിന് അനുകൂലമായി ഫ്രീകിക്ക്. ഫ്‌ളോറിയന്‍ പൈപ്പറുടെ ബുള്ളറ്റ് ഫ്രീകിക്ക് ഗോളിയെ കാഴ്ചക്കാരനാക്കിയെങ്കിലും ഇടതുപോസ്റ്റില്‍ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്ത പന്ത് വലതൂമൂലിയില്‍ നിന്ന് നികോളാസ് ഹെംബ്രെക്റ്റ് നിപ്രോ ഡിഫന്റര്‍മാര്‍ക്കിടയിലൂടെ ക്രോസ് ചെയ്തു. എന്നാല്‍ ലൂക്കാസ് ഐഗ്‌നറുടെ ദുര്‍ബലമായ വലംകാല്‍ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്.
27ാം മിനിറ്റില്‍ നിപ്രോയുടെ ഐഹര്‍ കൊഹുത്ത് വലതുമൂലയില്‍ നിന്നു ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് മ്യൂണിക്ക് ഗോളി ഡെനിസ് ഷെലികോവ് ചാടിയുയര്‍ന്ന് കുത്തിയകറ്റി. 38ാം മിനിറ്റില്‍ മ്യൂണിക്കിന് ലീഡ് നേടിക്കൊടുക്കാനുള്ള മികച്ച അവസരം ജിമ്മി മാര്‍ട്ടന്‍ കളഞ്ഞുകുളിച്ചു. നികോളാസ് ഹെങ്‌ബ്രെക്റ്റ് ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് ഇടുമൂലയിലേക്ക് ലോബ് ചെയ്ത പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടനാണ് ലഭിച്ചത്. എന്നാല്‍ ഷോട്ട് തൊടുക്കുംമുമ്പ് താരം അടിതെറ്റി വീണതോടെ നിപ്രോ ആശ്വാസം കൊണ്ടു പിന്നീട് ചില അതിവേഗ മുന്നേറ്റങ്ങള്‍ നിപ്രോയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഫിനിഷിങില്‍ പിഴവ് പറ്റിയത് അവരെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞു.
അവസരങ്ങള്‍ പാഴാക്കി ഇരുടീമും
ആദ്യപകുതിയില്‍ നിര്‍ത്തിയ ഇടത്തു നിന്നാണ് രണ്ടാംപകുതിയില്‍ ഇരുടീമും തുടങ്ങിയത്. 55ാം മിനിറ്റില്‍ നിപ്രോ ഗോളി ഷെലിക്കോവിന്റെ സമര്‍ഥമായ ഇടപെടല്‍ മ്യൂണിക്കിന് ഗോള്‍ നിഷേധിച്ചു. വതലുവിങിലൂടെ പറന്നെത്തി ജിമ്മി മാര്‍ട്ടന്‍ ബോക്‌സിനുള്ളിലേക്ക് തൊടുത്ത അപകടകരമായ ക്രോസ് നിപ്രോ ഗോളി ചാടിവീണ് പിടിയിലൊതുക്കി.
63ാം മിനിറ്റില്‍ മ്യൂണിക്കിന് ഗോള്‍ നേടാന്‍ മികച്ച അവസരം ലഭിച്ചെങ്കിലും നിപ്രോ ഗോളി ഷെലിക്കോവിനെ കബളിപ്പിക്കാനായില്ല. വലതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കില്‍ നിന്ന് എയ്ഞ്ചലെ മെയറുടെ ക്ലോസ് റേഞ്ച് വോളി നിപ്രോ ഗോളി ഡൈവ് ചെയ്ത് തട്ടിയകയറ്റി. മ്യൂണിക്കിന്റെ നിരന്തരമുള്ള നീക്കങ്ങളെ കോര്‍ണര്‍ വഴങ്ങിയാണ് നിപ്രോ പ്രതിരോധിച്ചത്.
82ാം മിനിറ്റില്‍ നിപ്രോയുടെ ഏഴാം നമ്പര്‍ ബോക്‌സിനു പുറത്തു വച്ച് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലതു പോസ്റ്റിന് തൊട്ടരികില്‍ കൂടി പുറത്തുപോയി. ഇഞ്ചുറിടൈമില്‍ വിജയഗോളും സെമി ബെര്‍ത്തും ഉറപ്പിക്കാനുള്ള സുവര്‍ണാവസരം നിര്‍ഭാഗ്യം മൂലം മ്യൂണിക്കിനു നഷ്ടമായി. ബോക്‌സിനുള്ളില്‍ വച്ചുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യന്‍ കോപ്പെലിന്റെ മനോഹരമായ ക്ലോസ് റേഞ്ച് വോളി ക്രോസ് ബാറിനെ പിടിച്ചുകുലുക്കി മടങ്ങിയതോടെ ഭാഗ്യം മ്യൂണിക്കിനൊപ്പമില്ലെന്ന് വ്യക്തമായി.
ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ നിപ്രോയുടെ മാക്‌സിം ലുനോവ് പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചതോടെ കാണികള്‍ ഗോള്‍രഹിത സമനില കണ്ടതിന്റെ നിരാശയോടെ മടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss