|    Jan 24 Tue, 2017 12:19 am

നാഗ്ജിയിലേക്ക് ജിംഖാന മൂസയുമെത്തി

Published : 15th February 2016 | Posted By: SMR

കോഴിക്കോട്: കണ്ണൂര്‍ സ്പിരിട്ടസും ജിംഖാനയും തമ്മിലുള്ള വെര്‍ഗോട്ടണി ഷീല്‍ഡ് ഫൈനല്‍, കളി തീരാന്‍ കഷ്ടിച്ച് അഞ്ച് മിനിറ്റ് ബാക്കിയുണ്ടായിരുന്നുള്ളു. ഇതിനിടെ മൈതാനത്തിന്റെ ഇടതുമൂലയില്‍ നിന്ന് ലഭിച്ച പന്തുമായി സ്പിരിട്ടന്‍ പ്രതിരോധ നിരക്കാരെ വകഞ്ഞു മാറ്റി കുതിച്ച ഇരുപതു വയസ്സുകാരന്‍ ഗോളി ലക്ഷ്മണയെ കാഴ്ചക്കാരനാക്കി വലതുകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് സ്പിരിട്ടസ് വലകുലുക്കി. തോല്‍വി ഉറപ്പിച്ച നിമിഷത്തില്‍ ഗോള്‍ നേടിയ ആവേശത്തില്‍ മാനാഞ്ചിറയിലെ ജിംഖാന ആരാധകര്‍ പൊട്ടിത്തെറിച്ചു.
അതെ, പഴയ ജിംഖാന മൂസയെ കുറിച്ചു തന്നെയാണ് പറഞ്ഞു വരുന്നത്. കണ്ണൂര്‍ ജിംഖാനയുടെ കുപ്പായമണിഞ്ഞ് മാനാഞ്ചിറയിലെ പുല്‍ത്തകിടികളെ ആവേശം കൊള്ളിച്ച മൂസ്സ അഞ്ച് പതിറ്റാണ്ട് മുമ്പത്തെ ഓര്‍മകളുമായി കോഴിക്കോട്ടേക്ക് വീണ്ടുമെത്തി. 1957ല്‍ നടന്ന ആദ്യ നാഗ്ജി ടൂര്‍ണമെന്റില്‍ കണ്ണൂര്‍ ജിംഖാനയ്ക്കായി ബൂട്ടു കെട്ടിയ അറയ്ക്കല്‍ മൂസ്സ ഒളിമങ്ങാത്ത ഓര്‍മ്മകളുമായി എത്തിയത് നാഗ്ജി അന്താരാഷ്ട്ര ടൂര്‍ണമെന്റ് മൈതാനിയിലേക്കാണ്. ‘അന്ന് മാനാഞ്ചിറയിലായിരുന്നു കളി നടന്നിരുന്നത്. കാല്‍പന്ത് കളിയില്‍ മലബാറിന്റെ ആവേശം കാണണമെങ്കില്‍ നാഗ്ജിക്കായി എത്തണമായിരുന്നു.
കോര്‍ണറെടുക്കാന്‍ പോലും പറ്റാത്ത തരത്തില്‍ ജനസഞ്ചയം മൈതാനത്തിന്റെ വശങ്ങള്‍ കൈയടക്കിയിട്ടുണ്ടാവും. പന്തുമായി മുന്നേറുന്ന ഓരോ നീക്കത്തിനും നിറഞ്ഞ കയ്യടിയാണ്. ടീമിന്റെ സൗന്ദര്യം നോക്കി മാത്രമല്ല, മികച്ച കളിയെ പ്രോത്സാഹിപ്പിക്കുന്ന കോഴിക്കോടിന്റെ മനസ്സ്, അത് നാഗ്ജിയുടെ മുഖമുദ്രയായിരുന്നു.’മൂസ്സ മനസു തുറന്നു.
എന്റെയൊക്കെ സുവര്‍ണ കാലത്ത് ആവേശമായിരുന്നു നാഗ്ജി കപ്പ്. എന്നാല്‍ 90കളുടെ തുടക്കത്തില്‍ ടൂര്‍ണമെന്റ് നിലച്ചത് വേദനയായിരുന്നു സമ്മാനിച്ചത്. കളി കമ്പക്കാരായ കുറച്ചു പേരുടെ നല്ല മനസില്‍ നാഗ്ജി വീണ്ടുമെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. എന്റെ എല്ലാ പിന്തുണയും നാഗ്ജിക്കുണ്ട് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കളിക്കളത്തിലെ ആരവം ഇന്നും മൂസയുടെ കാതില്‍ മുഴങ്ങുന്നുണ്ട്.
ഗോളിനായി മുറവിളി കൂട്ടുന്ന ആരാധകരെ ഏറെ പണിപ്പെട്ട് നീക്കിയിരുത്തി ഓടി വന്ന് ഉയര്‍ത്തിയടിച്ച കോര്‍ണറുകളും ഫ്രീകിക്കും മൂസയുടെ ഓര്‍മകളില്‍ നിന്ന് പതിയെ പുറത്തേക്ക് വന്നു. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിന്റെ പുല്‍ത്തകിടി മൂസയുടെ ചടുല താളത്തിന്റെ ചൂടറിഞ്ഞിട്ടില്ലെങ്കിലും നാഗ്ജി, ആരവത്തിന്റെ കമ്പക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്നത് മൂസ അനുഭവിച്ചറിഞ്ഞു. കോട്ട മൈതാനത്ത് പന്ത് തട്ടിത്തുടങ്ങിയ മൂസ പാലക്കാടിനെ പോലെ തന്നെ ഹൃദയത്തിലേറ്റിയ നഗരമാണ് കോഴിക്കോട്. കാല്‍പ്പന്ത് കളി മൂസക്ക് സമ്മാനിച്ച അനര്‍ഘ നിമിഷങ്ങളില്‍ ഏറിയതിലും കോഴിക്കോടിനു പങ്കുണ്ട്. നാഗ്ജിയും വാര്‍ഗോട്ടി ഷീല്‍ഡും മൂസയെ പ്രശസ്തനാക്കി, ഒപ്പം മുഹമ്മദന്‍സിലേക്കുള്ള വഴിയും തുറന്നു കൊടുത്തു.
ഫൂട്‌ബോളിനെ ജീവവായുവാക്കിയ അറയ്ക്കല്‍ മൂസയെന്ന യൂവാവ് 1958ല്‍ മുഹമ്മദന്‍സിനു വേണ്ടി കളത്തിലിങ്ങിയതിന്റെ പിറ്റേന്നാള്‍ സ്‌റ്റേറ്റ്‌സ് മാന്‍ പത്രം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു ‘കൊല്‍ക്കത്തക്കൊരു പുതിയ താരം പിറന്നു.
പ്രതീക്ഷകളെ അസ്ഥാനത്താക്കാതെ മുഹമ്മദന്‍സിന്റെ ജെഴ്‌സിയില്‍ മൂസ കല്‍ക്കത്ത മൈതാനത്തെ രോമാഞ്ചമണിയിച്ചു. കോര്‍ണര്‍ കിക്കിലെ വൈധക്ത്യം പ്രശസ്തനുമാക്കി. 1958 മുതല്‍ വര്‍ഷങ്ങളോളം മുഹമ്മദന്‍സിനായി കളിച്ച മൂസ ഒളിമ്പ്യന്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹയാത്രികനാണ്. ചുനി ഗോസ്വാമി, പി കെ ബാനര്‍ജി, തങ്കരാജ്, മുഹമ്മദലി, ഇബ്രാഹിം തുടങ്ങിയ പഴയ താരങ്ങളോടപ്പം കളിച്ചു വളര്‍ന്നയാളാണ് മൂസ. മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ ഖലീല്‍ ഉര്‍ റഹ്മാനും, മരുമകന്‍ ഷബീറിനുമൊപ്പമാണ് മൂസ നാഗ്ജിക്കായി പാലക്കാട്ടു നിന്ന് കോഴിക്കോട്ടെത്തിയത്. ഖലീല്‍ ഉര്‍ റഹ്മാന്‍ 1990ല്‍ ഇന്ത്യന്‍ അണ്ടര്‍23 ടീമിനായി നാഗ്ജിയില്‍ കളിച്ചിട്ടുണ്ട്. ആറു വര്‍ഷം ഇന്ത്യന്‍ പ്രതിരോധ നിരയുടെ നട്ടെല്ലായിരുന്നു പഴയ പടക്കുതിര മൂസയുടെ മകന്‍.
ഇഎംഎസ് സ്‌റ്റേഡിയത്തില്‍ പന്ത് തട്ടിയ ശേഷം നാഗ്ജി ആരവത്തില്‍ തങ്ങളും പങ്കു ചേരുന്നു എന്നു പറഞ്ഞാണ് അറയ്ക്കല്‍ മൂസയും മകന്‍ ഖലീലും കോഴിക്കോടിനോട് യാത്ര പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക