|    May 22 Mon, 2017 11:06 pm
FLASH NEWS

നാഗാലാന്‍ഡ് നായയിറച്ചി നിരോധിക്കുന്നു

Published : 11th July 2016 | Posted By: SMR

DOG-FEST

കോഹിമ: നാഗാലാന്‍ഡില്‍ നായയിറച്ചി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭക്ഷണമെന്ന നിലയില്‍ നായയിറച്ചി ഉപയോഗിക്കുന്നത് തടയാന്‍ നഗരസഭകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൃഗസംരക്ഷണം സംബന്ധിച്ച് വിപുലമായ പ്രചാരണം നല്‍കാന്‍ എല്ലാ നഗരസഭകള്‍ക്കും ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി വഴി സര്‍ക്കാര്‍, മുനിസിപ്പല്‍ കാര്യ ഡയറക്ടറേറ്റിന്റെ ജോയിന്റ് ഡയറക്ടര്‍ക്ക് കത്തയച്ചു. ഭക്ഷണത്തിനായി അറക്കുന്നതിന് നായകളെ പിടിക്കുന്നത് അവസാനിപ്പിക്കാനും ഉത്തരവിടണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാഗാലാന്‍ഡില്‍ നായ്ക്കളുടെ ഇറച്ചി പ്രിയപ്പെട്ട ഭക്ഷണമാണ്. നിരവധി ഹോട്ടലുകളില്‍ നായയിറച്ചി വിളമ്പുന്നുണ്ട്. ഒരുകിലോഗ്രാം നായ ഇറച്ചിക്ക് 300 രൂപയിലേറെ വിലവരും. വലിയ ഔഷധ ഗുണവും പോഷകാംശവും നായയിറച്ചിക്കുണ്ടെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. നായയിറച്ചി പുറത്ത് നിന്ന് നാഗാലാന്‍ഡിലേക്ക് ഇറക്കുമതി ചെയ്യുന്നുമുണ്ട്. അഭിഭാഷകനായ അസം സ്വദേശി തന്റെ കക്ഷികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് നായയിറച്ചി നിരോധിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദമേറിയതെന്ന് അധികൃതര്‍ പറഞ്ഞു. നായയിറച്ചി പരസ്യമായി വില്‍ക്കുന്നുണ്ടെന്നാണ് നോട്ടീസില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചത്.
എന്നാല്‍, നാഗാ ജനതയുടെ നായയിറച്ചി ഭ്രമം കാരണം സര്‍ക്കാര്‍ ലക്ഷ്യം നടപ്പാവുമോ എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. ഔദ്യോഗികമായി നിരോധന ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day