|    Jul 17 Tue, 2018 11:03 pm
FLASH NEWS

നാഗമ്പടം ബസ് സ്റ്റാന്‍ഡിലെ അപകടങ്ങള്‍ക്ക് കാരണം യാത്രക്കാരുടെ അശ്രദ്ധയും

Published : 6th September 2017 | Posted By: fsq

 

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡിലുണ്ടാവുന്ന നിരന്തരമായ അപകടങ്ങള്‍ക്ക് സ്വകാര്യ ബസ്സുകളുടെ അമിതവേഗത്തിനൊപ്പം യാത്രക്കാരുടെ അശ്രദ്ധയും കാരണമാവുന്നു. കഴിഞ്ഞ ദിവസം അശ്രദ്ധമായി സ്റ്റാന്‍ഡിലൂടെ നടന്നുവന്ന വയോധികന്‍ ബസ്സിനടിയില്‍പ്പെട്ടെങ്കിലും അദ്്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബസ്സുകാരുടെ കുറ്റമല്ലെന്നും തന്റെ കുഴപ്പമാണ് അപകടത്തിനു കാരണമെന്നും വയോധികന്‍ തന്നെയാണ് യാത്രക്കാരോടും പോലിസുകാരോടും പറഞ്ഞത്. സ്റ്റാന്‍ഡിലേക്കു കയറിവന്ന ബസ്സിനടിയിലേക്ക് ഒരാള്‍ അകപ്പെടുന്നത് കണ്ട യാത്രക്കാര്‍ അലറിവിളിച്ചു. ഡ്രൈവറും സഡന്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തി. ഇതോടെ വയോധികന്‍ ഒരു പോറല്‍പോലുമേള്‍ക്കാതെ ബസ്സിനടിയില്‍ നിന്ന് പുറത്തേക്കു വന്നത്. രണ്ടാഴ്ച മുമ്പ് വയോധിക രണ്ടു ബസ്സുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് മരിച്ച ഭാഗത്തു തന്നെയാണ് കഴിഞ്ഞ ദിവസത്തെയും അപകടമുണ്ടായത്. സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ബസ് പാര്‍ക്കിങിനിടയിലൂടെ എതിര്‍വശത്തെ പള്ളിയുടെ ഭാഗത്തേക്ക് പോവുകയായിരുന്നു വയോധികന്‍. ഈ സമയം സ്റ്റാന്‍ഡിലേക്ക് കയറി വന്ന ബസ് നോക്കാതെ പെട്ടെന്ന് ഓടിയതാണ് വണ്ടിക്കടിയില്‍പ്പെടാന്‍ കാരണം. ബസ് സ്റ്റാന്‍ഡിലേക്ക് കയറിവരികയും വയോധികന്‍ ഒരു ബസ്സിന്റെ മറവില്‍നിന്ന് ഓടി ബസ്സിനടിയിലേക്കു വീഴുകയും ചെയ്തത് ഞൊടിയിടയിലായിരുന്നു. ബസ്സിന്റെ മറവില്‍നിന്ന് മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ വാഹനം വരുന്നുണ്ടോയെന്നു നോക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അതേസമയം, പഴയ സ്റ്റാന്‍ഡില്‍ നിന്ന് അമിത വേഗതയില്‍ നാഗമ്പടത്തേക്കു പോവുന്ന ബസ്സുകള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. ഗതാഗതക്കുരുക്കില്‍പ്പെടുന്നതിനാല്‍ വേഗത്തില്‍ സ്റ്റാന്‍ഡ് പിടിക്കുന്നതിനാണ് സ്വകാര്യ ബസ്സുകള്‍ മരണയോട്ടം നടത്തുന്നത്.നെഹ്‌റു സ്റ്റേഡിയത്തിനു സമീപം നാഗമ്പടത്തേക്കു തിരിയുന്ന റൗണ്ടാന കടക്കുന്നതും അമിത വേഗതയിലാണ്. നാഗമ്പടം മേല്‍പ്പാലം പണി നടക്കുന്നതില്‍ കുരുക്കില്‍പ്പെട്ട് എതിര്‍ദിശയില്‍ നിന്നെത്തുന്ന വാഹനങ്ങളെപ്പോലും വകവയ്ക്കാതെയാണ് ബസ്സുകളുടെ പാച്ചില്‍. ഇവിടെ ട്രാഫിക് പോലിസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവര്‍ പലപ്പോഴും മാറിനില്‍ക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഗതാഗത ക്രമീകരണം നടത്തുകയാണ് പതിവ്. നാഗമ്പടം സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്നതും അമിതവേഗതയിലാണെന്ന പരാതിയും ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss