|    Sep 26 Wed, 2018 12:39 am
FLASH NEWS
Home   >  Editpage  >  Editorial  >  

നാം ആരെയാണ് തിരഞ്ഞെടുക്കുന്നത്?

Published : 10th December 2017 | Posted By: kasim kzm

കെ സി കരിങ്ങനാട്

വളരെ നിര്‍ണായകമായ ഒന്നായിരിക്കും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പുമാണിത്. അതിനു കാരണം ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഇന്നത്തെ ഘട്ടത്തില്‍ ചില സവിശേഷതകളുണ്ട് എന്നുള്ളതാണ്. രാജ്യത്തിന്റെ ഭാവി ആരുടെ കൈയിലായിരിക്കും എന്നതിന്റെ സൂചനയാണ് ഒന്ന്. ഭരണവിരുദ്ധ വികാരമാണോ അതോ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയില്‍ സംതൃപ്തരാണോ എന്നതിന്റെ നിലപാടു പരിശോധന കൂടിയാണ് മറ്റൊന്ന്. സാധാരണ നടക്കുന്ന തിരഞ്ഞെടുപ്പുകളേക്കാള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒരു അടിയന്തര സന്ദര്‍ഭം കൂടിയാണിതെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന റിപോര്‍ട്ട് വളരെ ഗൗരവതരമാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മല്‍സരിക്കുന്ന 923 സ്ഥാനാര്‍ഥികളില്‍ 137 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 198 പേര്‍ കോടിപതികളാണ്. കൊല, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങി ഗുരുതര കുറ്റങ്ങളില്‍ പ്രതികളാണ് 78 പേര്‍. ഇത് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്നവരെ മാത്രം ബാധിച്ച രോഗമല്ല. പൊതുവേ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന ഏറിയപങ്കും സ്ഥാനാര്‍ഥികളുടെ അവസ്ഥയിതാണ്. ഇനി തിരഞ്ഞെടുക്കപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്ഥിതി ഇതിനേക്കാള്‍ ഗുരുതരമാണ്. ജനാധിപത്യവ്യവസ്ഥയുടെ നെടുംതൂണുകളായ പാര്‍ലമെന്റിലും നിയമസഭകളിലും അംഗങ്ങളായി ഇരിക്കുന്നവരില്‍ പലരും പല കേസുകളിലും പ്രതികളാണ്. ജനപ്രതിനിധികള്‍ പ്രതികളായ കേസുകളുടെ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല, നിലവില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട പതിമൂവായിരത്തില്‍പരം കേസുകളാണ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പ് പറഞ്ഞതാണ്. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി തീര്‍പ്പുകല്‍പിക്കണം. ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ക്രിമിനല്‍ കുറ്റവാളിക്കോ അതില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കോ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തോട് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ജനപ്രതിനിധികള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാവേണ്ടവരാണ്. എന്നാല്‍, ജനാധിപത്യത്തിനു പരിക്കേല്‍പിക്കും വിധമുള്ള ആപത്കരമായ പ്രവര്‍ത്തനങ്ങളാണ് ജനപ്രതിനിധികളില്‍ നിന്നുണ്ടാവുന്നത്. ഭരണകൂടത്തിന്റെ അഴകൊഴമ്പന്‍ സമീപനങ്ങള്‍ സംഗതി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാടുകളോട് ഉദാസീന സമീപനം വച്ചുപുലര്‍ത്തുന്ന ഭരണകൂടം കൂടുതല്‍ കുറ്റവാളികളെ സൃഷ്ടിക്കുകയും ഇത്തരമൊരു നീചവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഏറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ സമ്പ്രദായത്തിന് ഇനിയും അഴുക്കുപുരളാന്‍ നാം അനുവദിച്ചുകൂടാ. അതു രാഷ്ട്രത്തിന്റെ ഭാവിക്ക് വിലങ്ങുതടിയാകും. പണവും സ്വാധീനവും ഉപയോഗിച്ച് ഏതു നിയമക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാനുള്ള പഴുതുകള്‍ യഥേഷ്ടമുള്ള നിലവിലെ നിയമവ്യവസ്ഥകളും പുതുക്കിപ്പണിയണം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥകളില്‍ നിന്നും ഒരു മോചനമാണ് ഇനി ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss