|    Jan 16 Mon, 2017 4:43 pm

നാം ആഘോഷിക്കേണ്ട പെരുന്നാള്‍

Published : 5th July 2016 | Posted By: G.A.G

e-abubacker-slug

ലോകത്ത് എല്ലാ ജനതയ്ക്കും അവരുടേതായ ഉല്‍സവങ്ങളും ആഘോഷങ്ങളുമുണ്ട്. നാട്ടുല്‍സവങ്ങളും നിരവധിയാണ്. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും ഉല്‍സവങ്ങളധികവും കൃഷിയുമായി ബന്ധപ്പെട്ട വിളവെടുപ്പുല്‍സവങ്ങളാണെന്നു മനസ്സിലാവും. കേരളത്തിലെയും ഇന്ത്യയിലെയും ഉല്‍സവങ്ങള്‍ കൊയ്ത്തുല്‍സവങ്ങളാണ്. ഓണവും വിഷുവും ഹോളിയുമെല്ലാം ഈ ഗണത്തില്‍ പെടുന്നു. സമൃദ്ധിയെ ആഘോഷിക്കാനുള്ള ത്വരയും ഭാവിയില്‍ സമൃദ്ധമായ ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നവുമാവണം ഉല്‍സവങ്ങളുടെ ആന്തരിക ചോദന. വിളവെടുപ്പുവേളകളിലെ സമൃദ്ധികളില്‍ സന്തുഷ്ടനാവുന്ന കര്‍ഷകന്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായുള്ള പല അനുഷ്ഠാനങ്ങളും പിന്നീട് ആരാധനയായും പൂജയായും രൂപാന്തരപ്പെടുത്തി. പോയകാലത്ത് പരസ്പരമുള്ള പകയും വിദ്വേഷവും മായ്ച്ചുകളയാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഉല്‍സവങ്ങള്‍ ഉപയോഗപ്പെട്ടു. ഉല്‍സവങ്ങള്‍ അങ്ങനെ സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പരബന്ധത്തിന്റെയും ഭൂമിയായി.
ഇസ്‌ലാമിന് മുമ്പത്തെ ജാഹിലിയ്യ: കാലത്ത് വര്‍ഷത്തില്‍ രണ്ടുദിവസം ജനങ്ങള്‍ കളിതമാശകളിലും വിനോദങ്ങളിലും ഏര്‍പ്പെട്ടിരുന്ന ആഘോഷമുണ്ടായിരുന്നു. മക്കയില്‍ ആഘോഷിക്കാനുള്ള സാഹചര്യമായിരുന്നില്ലല്ലോ മുഹമ്മദ്(സ)യ്ക്കും അനുയായികള്‍ക്കുമുണ്ടായിരുന്നത്. ഇസ്‌ലാമിക പ്രബോധനം തുടങ്ങിയപ്പോള്‍ തന്നെയുണ്ടായ എതിര്‍പ്പുകള്‍, മര്‍ദ്ദനങ്ങള്‍, പീഡനങ്ങള്‍, രക്തസാക്ഷ്യം, ഉപരോധങ്ങള്‍, ശിഅ്ബു അബീത്വാലിബിലെ വാസം, ഹിജ്‌റകള്‍- ഇതിനിടയില്‍ മറ്റുള്ളവരെപ്പോലെ ആഘോഷിക്കാന്‍ മുസ്‌ലിംകള്‍ക്കാവുമായിരുന്നില്ല. ഉത്തരവാദിത്തനിര്‍വഹണത്തിനിടയില്‍ അതിനു സമയമുണ്ടായിരുന്നില്ല. അരക്ഷിതാവസ്ഥ മറ്റൊരു കാരണമായിരുന്നു. ഭയന്നിരിക്കുമ്പോള്‍ ആഘോഷിക്കുന്നതെങ്ങനെ?
റസൂല്‍ (സ) മദീനയില്‍ വന്നശേഷം സുരക്ഷാ ബോധം കൈവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കിപ്പോഴുള്ള രണ്ട് ആഘോഷദിനങ്ങള്‍ക്കു പകരം അല്ലാഹു നിങ്ങള്‍ക്കു രണ്ട് ആഘോഷദിനങ്ങള്‍ നല്‍കിയിരിക്കുന്നു. ഈദുല്‍ ഫിത്്വറും ഈദുല്‍ അഹസ്‌യും.
വിശക്കുന്ന സാഹചര്യത്തിലും ഭയത്തിന്റെ നിഴലിലും ആഘോഷം സാധ്യമല്ല. മദീനയില്‍ വന്നപ്പോഴുള്ള സുരക്ഷിത സാഹചര്യം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു പിന്നീട്. ബദ്ര്‍ യുദ്ധം സത്യവും അസത്യവും തമ്മിലുള്ള വിവേചനം സാധിച്ചുകൊടുത്തു. ഉഹ്ദും മറ്റു യുദ്ധങ്ങളും ഒരു സുരക്ഷിതമേഖലയുടെ, രാഷ്ട്രത്തിന്റെ അസ്തിവാരമിട്ടു. ഈ യുദ്ധങ്ങളില്‍ നിരവധി രക്തസാക്ഷികള്‍ പിറന്നു. അതൊക്കെ മുസ്‌ലിംസമൂഹത്തിന് ഉല്‍സവമോ ആഘോഷമോ ആയി മാറി. ഇസ്‌ലാമിക സമൂഹനിര്‍മിതിയുടെ ലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു സുരക്ഷിതത്വം. ഇസ്‌ലാമിന്റെ ആത്യന്തിക ലക്ഷ്യം പ്രകടമാക്കുന്ന ഒരു വാക്യമാണ് ഖജ്വാബിനോട് പറഞ്ഞത്: ”സന്‍ആ മുതല്‍ ഹദറമൗത് വരെ ആട്ടിന്‍കുട്ടിയെ പിടിക്കുന്ന ചെന്നായയെയും അല്ലാഹുവിനെയുമല്ലാതെ മറ്റൊന്നിനെയും ഭയക്കാനില്ലാത്ത ഒരുകാലം നിങ്ങള്‍ക്കു വരും.” ഇത് റസൂല്‍(സ)ന്റെ സ്വപ്‌നമായിരുന്നു. മദീനയിലെത്തിയപ്പോള്‍ ഒരു പരിധിവരെ ആ സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെട്ടു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലുമെന്നപോലെ, വിനോദത്തിന്റെയും കളിയുടെയും ദിനങ്ങള്‍ എന്നതില്‍നിന്നു വ്യത്യസ്തമായി ആഘോഷങ്ങള്‍ക്ക് ഇസ്‌ലാം പുതിയ മാനം നല്‍കി. അവ ദൈവസ്മരണയുടെയും നന്ദിയുടെയും ദാനത്തിന്റെയും ദിനങ്ങളായി മാറി. ധ്യാനത്തിന്റെയും നിരന്തരമായ ദിക്‌റുകളുടെയും ഖുര്‍ആന്‍ പാരായണത്തിന്റെയും ദിനരാത്രങ്ങളായിരുന്നു, കഴിഞ്ഞ ഒരുമാസം.
ആത്മശുദ്ധീകരണത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും മാസം. സ്വര്‍ഗം നേടാനുള്ള തേട്ടങ്ങളുടെയും പ്രാര്‍ഥനകളുടെയും മാസം. അതിനുവേണ്ടി ശരീരത്തിന് ആവശ്യമായ പലതും ഒഴിവാക്കി. പക്ഷേ, അത് ആത്മനിരാസമായിരുന്നില്ല. ഉദാസീനമായ നിഷ്‌ക്രിയത്വവുമല്ല. ഭൗതിക സൗകര്യങ്ങളില്‍നിന്നുള്ള താല്‍ക്കാലികമായ പരാങ്മുഖത്വമോ വിരക്തിയോ ആയിരുന്നു. ഒരു കടുംകൃഷിയുടെ അവസാനമായിരുന്നു ഇന്നലെ. ഇന്ന് അതിന്റെ വിളവെടുപ്പുല്‍സവവും. അല്ലാഹുവിന് സ്തുതി. അല്ലാഹുവാണ് ഏറ്റവും വലിയവന്‍.
ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളുടെ പ്രത്യേകത, അവ എപ്പോഴും മാനവികമായിരിക്കുമെന്നുള്ളതാണ്. സമൂഹസ്പര്‍ശിയായിരിക്കും. ജനങ്ങളുടെ പാരസ്പര്യത്തെയും ബന്ധങ്ങളെയും ഉറപ്പിക്കാനുള്ളത്, ഉച്ഛനീചത്വങ്ങള്‍ക്ക് അറുതിവരുത്താനുള്ളത്, വിശപ്പിനെ ശമിപ്പിക്കാനുള്ളത്, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനുള്ളത്, അതുമല്ലെങ്കില്‍ സാമൂഹിക ജീവിതത്തില്‍ ഉന്നതമായ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നവിധത്തില്‍ ജീവിക്കാനും ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനും തിന്മകളില്‍നിന്നും മ്ലേച്ഛകാര്യങ്ങളില്‍നിന്നും അകന്നുനില്‍ക്കാനും വ്യക്തിയെയും അതുവഴി സമൂഹത്തെയും പ്രാപ്തമാക്കുന്ന പരിശീലനം.
റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ പ്രത്യേകത, വ്യക്തിയെ സ്ഫുടം ചെയ്യുകയും ഏതു വിഷമസന്ധിയെയും തരണംചെയ്യാന്‍ പ്രാപ്തനാക്കുകയുമാണ്. വിശ്വാസത്തിലും സ്വഭാവത്തിലും ശരീരത്തിലുമുള്ള ദുര്‍മേദസ്സ് ഇല്ലായ്മ ചെയ്യുകയും വിശപ്പിനെക്കുറിച്ചുള്ള ബോധം ആത്മസാത്കരിക്കുക വഴി എത്ര നിസ്വനാണ് താനെന്ന ബോധം തന്നില്‍ നിവേശിപ്പിക്കുകയും ചെയ്യുക. പെരുന്നാളില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകളും സ്തുതിയും കീര്‍ത്തനങ്ങളും നമസ്‌കാരവും കഴിഞ്ഞാല്‍ പിന്നെ ദാനധര്‍മങ്ങളാണ്.
വിശക്കുന്നവനും അരക്ഷിതത്വത്തില്‍ കഴിയുന്നവനും ആഘോഷമില്ല. ആഘോഷം സമൃദ്ധിയുടെയും സുരക്ഷിതത്വത്തിന്റേതുമാണ്. ഈ സമൃദ്ധിയും സുരക്ഷിതത്വവും ജീവിതത്തിലുടനീളം, രാജ്യത്തുടനീളം നിലനിര്‍ത്തുകയെന്നതാണ് നമ്മുടെ ദൗത്യം. അത് നേടിയെടുക്കുന്നതിനുവേണ്ടിയുള്ള നിരന്തരമായ പോരാട്ടമാണ് ജീവിതം. ഈ പോരാട്ടത്തില്‍ നഷ്ടപ്പെടുന്ന ജീവിതമാണ് രക്തസാക്ഷ്യം.
ഇന്ന്, പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇന്നത്തെ ആഗോള-ഇന്ത്യന്‍ സാഹചര്യത്തെ ഒരാലോചനയ്ക്ക് വിധേയമാക്കണമെന്നു തോന്നുന്നു. ആഗോള രാഷ്ട്രീയം മുസ്‌ലിംകളെ പെരുന്നാളാഘോഷിക്കാന്‍ സമ്മതിക്കുന്നതരത്തിലുള്ളതല്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി മുസ്‌ലിംകള്‍ ഒരുതരം ആത്മദുഃഖം പേറുകയാണ്. അരക്ഷിതബോധം മുസ്‌ലിംകളെ ഗ്രസിച്ചിരിക്കുന്നു. മുസ്‌ലിംകളോട് ഒന്നടങ്കം യുദ്ധപ്രഖ്യാപനം നടന്ന പ്രതീതിയാണ് ആഗോളതലത്തില്‍ ദൃശ്യമാവുന്നത്. മുസ്‌ലിംവിരുദ്ധത പ്രമേയമാക്കിയ രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും സ്വീകാര്യത നേടുന്നുവെന്ന് കരുതാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.
അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രായേലിനുവേണ്ടിയുള്ള യുദ്ധമുന്നണി മാത്രമായിരുന്നു മുമ്പുണ്ടായിരുന്നത്. ഇന്ന് സ്ഥിതിയാകെ മാറി. ആര്‍ക്കോ വേണ്ടി മുസ്‌ലിംകള്‍ തന്നെ പരസ്പരം നടത്തുന്ന യുദ്ധങ്ങള്‍. സിറിയയിലും യമനിലും ഇറാഖിലും നടക്കുന്നത് അതാണ്. ഇസ്‌ലാമികരും സലഫികളും തമ്മില്‍, സുന്നികളും ശിയാക്കളും തമ്മില്‍, ഹൂതികളും അല്ലാത്തവരും തമ്മില്‍. അറബ്, മുസ്‌ലിം രാജ്യങ്ങളില്‍ എവിടെയും അശാന്തി.
പഴയ ഹദീസുകളില്‍നിന്നു പുതിയ ഖലീഫമാര്‍ ഉയിര്‍ക്കുന്നു. ഇറാഖിലും സിറിയയിലും ലക്ഷക്കണക്കിനു നിരപരാധികളായ മുസ്‌ലിംകള്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കൈകളില്‍ പിടഞ്ഞുമരിച്ചു. പുതിയ ‘അസ്ഹാബുല്‍ ഉഖ്ദൂദ്’കള്‍ തുറക്കപ്പെടുന്നു. കിടങ്ങില്ലാത്ത തീക്കുണ്ഠങ്ങള്‍. ബംഗ്ലാദേശിലും ഈജിപ്തിലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നായകന്മാര്‍ ഓരോന്നോരോന്നായി തൂക്കിലേറ്റപ്പെടുന്നു. ഇസ്‌ലാമില്‍ വിശ്വസിച്ചു എന്നതല്ലാതെ മറ്റൊരു കുറ്റവും ചെയ്തിട്ടില്ലാത്തവരാണവര്‍.
ഇന്ത്യയില്‍ ഇന്ന് നമുക്ക് പെരുന്നാള്‍ മനസ്സുതുറന്ന് ആഘോഷിക്കാന്‍ നിവൃത്തിയുണ്ടോ? നിരപരാധികളായ നിരവധി മുസ്‌ലിംകളാണ് തടവറയില്‍. വിചാരണപോലും നടക്കാതെ നിരവധിപേര്‍. 15ഉം 20ഉം വര്‍ഷം കഴിഞ്ഞ്, താരുണ്യത്തിന്റെ ഒരു യുഗം ജയിലുകളില്‍ ഹോമിച്ച്, വിചാരണ കഴിഞ്ഞ്, നിരപരാധ ‘ബാല്യങ്ങള്‍’ പുറത്തുവരുന്നു. പശുവിന്റെയും മറ്റു മൃഗങ്ങളുടെയും പേരില്‍ മരക്കൊമ്പില്‍ തൂക്കിലേറ്റപ്പെടുന്ന കുരുന്നുകള്‍. വീട്ടിലും വഴിയിലും അടിച്ചുകൊല്ലപ്പെടുന്നവര്‍. ചാണകം തിന്നേണ്ടിവരുന്നവര്‍, അഖ്‌ലാഖുമാര്‍! അപ്പോള്‍പോലും മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായ സാധാരണ ജനങ്ങള്‍ പാരസ്പര്യത്തിന്റെ ധാരാളം കഥകള്‍ നമുക്കു പറഞ്ഞുതരുന്നു.
സ്വലാഹുദ്ദീന്‍ അയ്യൂബിയോട് ഒരിക്കല്‍ ചോദിച്ചുവത്രെ: ”താങ്കള്‍ എന്താണ് ചിരിക്കാത്തത്. എന്തുകൊണ്ടാണ് മുഖത്ത് സന്തോഷം പ്രകടമാവാത്തത്?” മറുപടി: ”മസ്ജിദുല്‍ അഖ്‌സ ബന്ധനസ്ഥമാവുമ്പോള്‍, എന്റെ സഹോദരങ്ങള്‍ പീഡനങ്ങള്‍ക്കു വിധേയമാവുമ്പോള്‍ ഞാന്‍ ചിരിക്കുന്നതെങ്ങനെ, സന്തോഷിക്കുന്നതെങ്ങനെ?”
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ‘ആഘോഷിക്കാന്‍’ ഇനിയും കാത്തിരിക്കണം. നമുക്കും ഒരു പെരുന്നാള്‍ വരും. അത് വളരെ അകലെയാവാനും വഴിയില്ല.
ഏവര്‍ക്കും ആഹ്ലാദകരമായ ചെറിയ പെരുന്നാള്‍ നേരുന്നു.

(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനാണ് ലേഖകന്‍.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 213 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക