|    Jan 21 Sat, 2017 2:08 pm
FLASH NEWS

നസീര്‍ വധം: സിപിഎം നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

Published : 8th August 2016 | Posted By: SMR

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സിപിഎം പത്താഴപ്പടി മുന്‍ ബ്രാഞ്ച് സെക്രട്ടറി നടയ്ക്കല്‍ കുന്നുംപുറത്ത് കെ എം നസീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ഏരിയ, ലോക്കല്‍ സെക്രട്ടറിമാരെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തു. ഏരിയാ സെക്രട്ടറി കെ ആര്‍ ശശിധരന്‍, ലോക്കല്‍ സെക്രട്ടറി കെ ഐ നൗഷാദ് എന്നിവരെയാണ് സ്ഥാനങ്ങളില്‍ നിന്നു മാറ്റിയത്. പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല പാലാ ഏരിയാ കമ്മിറ്റിയംഗം എം ജി മധുസൂദനന്‍ നായര്‍ക്കും ഈരാറ്റുപേട്ട ലോക്കല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എം എച്ച് ഷനീറിനും നല്‍കി.
നസീറിന്റെ വധവുമായി ബന്ധമുള്ളവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയതാണു പാര്‍ട്ടി നടപടി സ്വീകരിക്കാന്‍ കാരണം. സംഭവത്തിലെ പ്രതികളായ സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. പ്രതികളായ നവാസ് ഇലവുങ്കന്‍, പാറയില്‍ ജബ്ബാര്‍, വലിയവീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നയ്ക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് സിപിഎം ജില്ലാകമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.
10 വര്‍ഷത്തോളം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊതുജനത്തോട് വിശദീകരണം നല്‍കാന്‍ കഴിയാത്ത നിലയിലായിരുന്നു പാര്‍ട്ടി. നസീര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ നല്‍കുന്ന പരാതികള്‍ പാര്‍ട്ടി ഏരിയാനേതൃത്വം സ്വീകരിക്കാതിരുന്നതു അക്രമത്തിന് സഹായകരമായെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. നസീറിന്റെ കൈവശമുണ്ടായിരുന്ന ചില നേതാക്കളുടെ അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കുകയെന്നതായിരുന്നു അക്രമത്തിന് പിന്നിലെ ലക്ഷ്യം. ഇതാണ് മരണത്തില്‍ കലാശിച്ചതെന്ന് ഇവര്‍ പറയുന്നു. അതേസമയം, ഈരാറ്റുപേട്ടയില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൂഞ്ഞാര്‍ ഏരിയാകമ്മിറ്റി പാലായിലാണ് ചേര്‍ന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക