|    Aug 17 Thu, 2017 7:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നഷ്ടമായത് കരുത്തനായ വി പി ചേട്ടനെ

Published : 9th November 2016 | Posted By: SMR

കൊല്ലം: ആര്‍എസ്പിയുടെ കരുത്തുറ്റ നേതാക്കളായ എന്‍ ശ്രീകണ്ഠന്‍ നായരുടെയും ടി കെ ദിവാകരന്റെയും നേതൃത്വത്തില്‍ നടന്ന സാഹസികമായ സമരങ്ങളിലൂടെ വിപ്ലവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന നേതാവായിരുന്നു എല്ലാവരുടെയും വിപി ചേട്ടനെന്ന വി പി രാമകൃഷ്ണപിള്ള. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ്സിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
എംജി കോളജിലെ ഉന്നത വിദ്യാഭ്യാസ കാലയളവില്‍ ആര്‍എസ്പിയുടെ വിദ്യാര്‍ഥി വിഭാഗമായ പ്രോഗ്രസീവ് സ്റ്റുഡന്‍സ് യൂനിയന്റെ സംസ്ഥാന പ്രസിഡന്റായി. തലസ്ഥാനം കേന്ദ്രീകരിച്ച് നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും അകലം പാലിച്ചിരുന്ന അദ്ദേഹം പാര്‍ട്ടി നിര്‍ദേശമനുസരിച്ച് 1987ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ആര്‍ എസ് ഉണ്ണിയുടെ പിന്‍ഗാമിയായി ഇരവിപുരം നിയോജകമണ്ഡലത്തില്‍ നിന്നു രണ്ടു പ്രാവശ്യം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബേബിജോണ്‍ രോഗബാധിതനായി ആശുപത്രിയിലായപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 1997ല്‍ നായനാര്‍ മന്ത്രിസഭയിലെ അംഗവുമായി. ജലവിഭവ മന്ത്രി എന്ന നിലയിലുളള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു. ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും അവസരം നല്‍കാതെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പ്രതിസന്ധിജടിലമായ പ്രത്യേക സാഹചര്യത്തിലാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ഇടതുപക്ഷ ഐക്യം എന്ന കാലത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് പല ഘട്ടങ്ങളിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ഇടതു മുന്നണിയില്‍ തുടര്‍ന്നത്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി നഷ്ടപ്പെടുത്തി അധ്വാനവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കായി സമര്‍പ്പിത ജീവിതം നയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ എക്കാലവും നിലനില്‍ക്കും.രാഷ്ട്രീയ ഇച്ഛാശക്തിയും ഉറച്ച സംഘടനാബോധവും അദ്ദേഹത്തെ കരുത്തനായ നേതാവാക്കി മാറ്റി.
റവല്യൂഷനറി സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലൂടെ കേരളത്തിലെ ശക്തരായ നേതാക്കളുടെ പട്ടികയിലേക്ക് വളര്‍ന്ന വിപി എന്ന കരുത്തനായ പാര്‍ട്ടി നേതാവിന്റെ വിയോഗം എക്കാലവും രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക