|    Jul 18 Wed, 2018 1:10 am
FLASH NEWS

നഷ്ടപ്പെട്ട പഴ്‌സിലെ പണം പോയി; രേഖകള്‍ തപാല്‍ വഴിയെത്തി

Published : 13th September 2017 | Posted By: fsq

 

മാനന്തവാടി: യാത്രയ്ക്കിടെ പഴ്‌സും പണവും നഷ്ടപ്പെട്ടെങ്കിലും ഇതോടൊപ്പമുണ്ടായിരുന്ന വിലമതിക്കാനാവാത്ത രേഖകള്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് മാനന്തവാടി സ്വദേശി ചാത്താമ്പള്ളി സന്ദീഷ്. കളഞ്ഞുകിട്ടിയ പഴ്‌സിലെ പണമെടുത്ത ശേഷം ഏറെ മൂല്യമുള്ള രേഖകള്‍ ഉടമസ്ഥന് തപാല്‍വഴി അയച്ചു നല്‍കുകയായിരുന്നു ‘സത്യസന്ധനായ’ അജ്ഞാതന്‍. സന്ദീഷിന്റെ പതിനയ്യായിരം രൂപയും വിവിധ രേഖകളുമടങ്ങിയ പഴ്‌സ് പറശ്ശിനിക്കടവ് യാത്രാമധ്യേ കൂത്തുപറമ്പിനടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. ജോര്‍ജിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സന്ദീഷ് ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു. പഴ്‌സ് നഷ്ടപ്പെട്ടതു സംബന്ധിച്ച് കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷനില്‍ സന്ദീഷ് പരാതി നല്‍കിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ജോര്‍ജിയയിലെ ജോലി സംബന്ധമായ പ്രധാനപ്പെട്ട കാര്‍ഡുകള്‍, വിദേശത്തെയും നാട്ടിലെയും വിവിധ ബാങ്കുകളിലെ എടിഎം കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും പണവുമാണ് പഴ്‌സിലുണ്ടായിരുന്നത്. പണത്തേക്കാള്‍ മൂല്യമുള്ളവയായിരുന്നു നഷ്ടപ്പെട്ട രേഖകള്‍. എന്നാല്‍, ഇന്നലെ ലഭിച്ച ഒരു പോസ്റ്റല്‍ കവര്‍ സന്ദീഷിന് ആനന്ദം പകര്‍ന്നു. ഒരു കത്തിനൊപ്പം നഷ്ടപ്പെട്ട രേഖകളെല്ലാം അടക്കം ചെയ്തതായിരുന്നു തപാല്‍. ‘സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് നിങ്ങളുടെ പഴ്‌സ് കളഞ്ഞുകിട്ടിയത്. പണം ഞാന്‍ എടുത്തിട്ടുണ്ട്. അഡ്രസ് കരുതുന്നു. എന്നെങ്കിലും തിരിച്ചു തരാം. എന്ന് സാമ്പത്തിക പരാധീനന്‍’. എന്നതായിരുന്നു കത്തിലെ ഉള്ളടക്കം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss