|    Jan 18 Wed, 2017 9:42 pm
FLASH NEWS

നഷ്ടപ്പെട്ട ജീവിതം ആരു തിരിച്ചു നല്‍കും?

Published : 27th April 2016 | Posted By: SMR

2006ലെ മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട് വിചാരണത്തടവുകാരായി അഞ്ചു കൊല്ലക്കാലം ജയിലില്‍ കഴിയുന്ന ഒമ്പതു മുസ്‌ലിം യുവാക്കളെ പ്രത്യേക കോടതി വെറുതെ വിട്ടത്, ഭീകരമുദ്ര ചാര്‍ത്തി മുസ്‌ലിംകളെ പീഡിപ്പിച്ചുപോരുന്ന ഭീതിദമായ അവസ്ഥയോടുള്ള മറുചോദ്യമാണ്. മഹാരാഷ്ട്രയിലെ ആന്റി ടെററിസം സ്‌ക്വാഡ് ആണ് ഈ ഒമ്പതുപേരെയും അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പ്രവര്‍ത്തകരായ ഈ പ്രതികള്‍ ലശ്കറെ ത്വയ്യിബയുടെ സഹായത്തോടെ സ്‌ഫോടനം നടത്തി എന്നായിരുന്നു കേസ്. ആദ്യം എടിഎസും പിന്നീട് സിബിഐയും അന്വേഷിച്ചു ‘കൃത്യമായ’ തെളിവുകള്‍ സമര്‍പ്പിച്ചു. എന്നാല്‍ രണ്ടാം മലേഗാവ് സ്‌ഫോടനത്തില്‍ പിടിയിലായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ആദ്യത്തേതും ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ കൈക്രിയ ആയിരുന്നുവെന്നും ഈ ചെറുപ്പക്കാര്‍ക്കു സ്‌ഫോടനത്തില്‍ യാതൊരു പങ്കുമില്ല എന്നും വ്യക്തമായത്. ഭാഗ്യത്തിന് അസീമാനന്ദ നേരുപറഞ്ഞു. അതില്ലായിരുന്നൂവെങ്കില്‍ ഹതഭാഗ്യരായ ഈ പ്രതികള്‍ തൂക്കുമരമോ തടവറയോ സ്വീകരിച്ച് അസ്തമിച്ചുപോയേനെ! എടിഎസിന്റെയും സിബിഐയുടെയും അന്വേഷണ വൈദഗ്ധ്യത്തെക്കുറിച്ചോര്‍ത്ത് നാം അഭിമാന പുളകിതരായിക്കൊണ്ടിരിക്കുകയും ചെയ്‌തേനെ!
രാജ്യത്ത് ഭീകരവാദമെന്ന കുറ്റം ചാര്‍ത്തപ്പെട്ട് പിടിയിലാവുന്ന നിരവധി ആളുകളുടെ ദുര്‍വിധിയിലേക്കാണ് ഈ വിധി വിരല്‍ ചൂണ്ടുന്നത്. ഡല്‍ഹി പോലിസ് തീവ്രവാദ കുറ്റമാരോപിച്ചു പിടികൂടി ജയിലിലടച്ച ഒട്ടേറെ പേര്‍ കുറ്റവിമുക്തരാക്കപ്പെട്ടത് ഇതിനോടു ചേര്‍ത്തു വായിക്കണം. ഭീകരനായി മുദ്രകുത്തപ്പെട്ട് 14 വര്‍ഷം ജയിലില്‍ കിടന്ന്, പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട മുഹമ്മദ് ആമിര്‍ എന്ന യുവാവിന് അഞ്ചു ലക്ഷം രൂപ ആശ്വാസധനം നല്‍കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധി കല്‍പിച്ചത് ഈയിടെയാണ്. ഇങ്ങനെ എത്ര പേര്‍! ജയിലറകളില്‍ നഷ്ടപ്പെടുന്ന അവരുടെ വിലപ്പെട്ട ജീവിതം ആര്‍ക്കാണ് തിരിച്ചു നല്‍കാനാവുക? ഇപ്പോള്‍ തന്നെ നിരവധി യുവാക്കള്‍ ഭീകരവാദമെന്ന കുറ്റം ചുമത്തപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ജയിലിലുണ്ട്. അവരുടെ വിചാരണ അനിശ്ചിതമായി നീണ്ടുപോവുന്നതു സ്വാഭാവികമാണെന്നു കരുതാനാവുകയില്ല. കേസുകള്‍ നീട്ടിക്കൊണ്ടുപോവുക എന്നതാണ് ഭരണകൂടം സ്വീകരിക്കുന്ന തന്ത്രം. ഒടുവില്‍ ഇപ്പോഴത്തെ കേസിലെന്ന പോലെ ഈ വിചാരണത്തടവുകാരും കുറ്റവിമുക്തരാക്കപ്പെട്ടു പുറത്തു വരുമ്പോഴേക്കും പലരും വൃദ്ധരായിട്ടുണ്ടാവും. രാഷ്ട്രീയനേതാക്കളും മതേതരത്വത്തിന്റെ വക്താക്കളുമൊന്നും ഈ വിധിവൈപരീത്യത്തെപ്പറ്റി ശരിയായ രീതിയില്‍ ആലോചിക്കാറില്ല.
വൈകിയുദിക്കുന്ന വിവേകം പലപ്പോഴും ഫലശൂന്യമാവുന്ന അനുഭവമുണ്ട്. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ധൃതിപിടിച്ച നടപടിയായിപ്പോയി എന്ന് ഇപ്പോഴാണ് അന്നത്തെ കേന്ദ്ര മന്ത്രി പി ചിദംബരം പറയുന്നത്. ഈ ധൃതി മൂലം ശരിയായ നീതി ഉറപ്പുവരുത്താതെ ഒരാളുടെ ജീവന്‍ എടുത്തുകളയുകയാണ് ഭരണകൂടം ചെയ്തത്. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുകയാണ് ഏതു ജനാധിപത്യ ഭരണകൂടത്തിനും ഭൂഷണം. തീവ്രവാദ കേസുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നിഷ്പക്ഷമായ വിചാരണയ്ക്കു വിധേയമാക്കി ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ തീര്‍പ്പു കല്‍പിക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ നിരപരാധികള്‍ ദീര്‍ഘകാലം അഴിയെണ്ണി ജീവിക്കുന്നത് ഒഴിവാക്കാനാവുകയുള്ളൂ. അതാണ് നീതിയും ന്യായവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 280 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക