|    Apr 25 Tue, 2017 11:50 pm
FLASH NEWS

നഷ്ടപ്പെട്ട ജനപിന്തുണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കണം: ആന്റണി

Published : 24th October 2016 | Posted By: SMR

കൊച്ചി: കോണ്‍ഗ്രസ് ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നതെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ പറ്റുന്ന ഡിസിസി പ്രസിഡന്റുമാരെ ഒരോ ജില്ലയിലും നിയോഗിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനും അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനും കഴിയുന്ന നല്ല ഡിസിസി പ്രസിഡന്റുമാരെ നിര്‍ദേശിക്കാന്‍ എല്ലാവരും ശ്രമിക്കണം. പാര്‍ട്ടി പുനസ്സംഘടന ഉടന്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് ദലിത് യുവാക്കള്‍ക്കു നേരെയുണ്ടായ പോലിസ് മര്‍ദനം അതിക്രൂരമാണ്.  കേരള പോലിസില്‍ മൂന്നാംമുറ തിരിച്ചുവരുകയാണോയെന്ന് സംശയിപ്പിക്കുന്നതാണ് കൊല്ലത്തുണ്ടായ സംഭവം. കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം. സ്റ്റേഷനുകളില്‍ പിടികൂടുന്ന പ്രതികളെ ഇടിച്ച്, ജീവിക്കാന്‍ പറ്റാത്ത തരത്തിലാക്കുന്ന പഴയകാല പോലിസ്മുറ തിരിച്ചുകൊണ്ടുവരാന്‍ പാടില്ലെന്നും എ കെ ആന്റണി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസ് നിയമിതിനായിട്ട് നാലു മാസം മാത്രമേ ആയിട്ടുള്ളു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താറായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി എ കെ ആന്റണി പറഞ്ഞു.
രാജ്യത്ത് ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്നുള്ള 25 വര്‍ഷത്തെ അനുഭവം പഠിച്ച് ഇതിന്റെ ഗുണവും ദോഷവും മനസ്സിലാക്കേണ്ടതുണ്ടെന്നും ഇതിനുശേഷം വേണം വിദേശ നിക്ഷേപത്തിന് പുതിയ മേഖലകള്‍ തുറന്നുകൊടുക്കാനെന്നും ആന്റണി പറഞ്ഞു. കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (കെകെ എന്‍ടിസി) ഏര്‍പ്പെടുത്തിയ കെ പി എല്‍സേബിയൂസ് മാസ്റ്റര്‍ സ്മാരക പുരസ്‌കാരം എറണാകുളം ടൗണ്‍ഹാളില്‍ മുന്‍ എംപി  സി ഹരിദാസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ ദീര്‍ഘകാല പ്രക്ഷോഭത്തിലുടെ നേടിയെടുത്ത അവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിന് നേരെ ആര് കൈയോങ്ങിയാലും ചെറുക്കാനുള്ള ശേഷി കേരളീയ സമൂഹത്തിനുണ്ടെന്നും ആന്റണി പറഞ്ഞു. കേരള മീഡിയ അക്കാദമിയിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് പ്രഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എന്‍ എന്‍ സത്യവൃതന്‍ സ്മാരക അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day