|    Nov 19 Mon, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നഷ്ടപരിഹാരത്തിനുള്ള കാത്തിരിപ്പിനിടെ കര്‍ഷകന്‍ മരണത്തിന് കീഴടങ്ങി

Published : 8th November 2018 | Posted By: kasim kzm

കാസര്‍കോട്്: കാട്ടാനപ്പേടിയി ല്‍ സ്വന്തം സ്ഥലം വനംവകുപ്പിന് കൈമാറിയ കര്‍ഷകന്‍ അന്ത്യവിശ്രമത്തിന് പോലും സ്വന്തമായി ആറടി മണ്ണില്ലാതെ യാത്രയായി. കാറഡുക്ക കൊട്ടംകുഴിയിലെ ചാത്തുനായരാ (97)ണ് നെച്ചിപ്പടുപ്പിലെ വാടകവീട്ടില്‍ ഇന്നലെ രാവിലെ മരിച്ചത്. വനാതിര്‍ത്തിയിലുള്ള 90 സെന്റ് സ്ഥലത്ത് കാട്ടാനകളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് വനംവകുപ്പിന് സ്ഥലം കൈമാറിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം വനംവകുപ്പ് ഏറ്റെടുക്കുകയും 19,08,354 രൂപ പ്രതിഫലം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കാറഡുക്ക റിസര്‍വ് വനത്തോട് ചേര്‍ന്നുള്ള ചേറ്റൂണിയില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്ന ചാത്തുനായരുടെ കൃഷിയിടത്തില്‍ പലതവണ കാട്ടാനകള്‍ അക്രമം നടത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ആനശല്യം രൂക്ഷമായപ്പോഴാണ് വനംവകുപ്പിന് സ്ഥലംകൈമാറാന്‍ തീരുമാനിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല. നിരവധി തവണ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കനിഞ്ഞില്ല.
ചാത്തുനായരും ഭാര്യ നാരായണി അമ്മയും മകനും ഭാര്യയും രണ്ടു കൊച്ചുമക്കളുമടങ്ങുന്ന കുടുംബമാണ് അവിടെ താമസിച്ചിരുന്നത്. 1978ല്‍ പട്ടയം ലഭിച്ച സ്ഥലത്ത് വീട് കെട്ടി കൃഷിയുമായി ഉപജീവനം നടത്തിവരികയായിരുന്നു. സംരക്ഷിത വനത്തിന്റെ നടുവിലായിരുന്നു വീടും സ്ഥലവും. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു വീടുകളൊന്നുമില്ല.
കാട്ടാനക്കൂട്ടവും കാട്ടുപോത്തും പന്നിയും കുരങ്ങുകളും പെരുമ്പാമ്പും വിഹരിക്കുന്ന വനമാണിത്. പകല്‍ സമയത്ത് പോലും കാട്ടാനക്കൂട്ടം വീടിന് സമീപം വരുമായിരുന്നു. ഇതേത്തുടര്‍ന്ന് 2013 മാര്‍ച്ച് 13ന് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കി. ഏപ്രില്‍ അവസാനത്തോടെ അന്നത്തെ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുടെ ചുമതല വഹിച്ച പി ബിജുവിന്റെ നേതൃത്വത്തില്‍ വസ്തുവിന്റെ വിലനിര്‍ണയം നടത്തി. 19,08,354 രൂപയാണ് വിലയിരുത്തിയത്. എന്നാല്‍ ഈ തുകയ്ക്ക് വേണ്ടി നിരവധി തവണ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ലഭിച്ചില്ല.
കഴിഞ്ഞ വര്‍ഷമാണ് കാടകം നെച്ചിപ്പടുപ്പിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഇതിനിടയിലാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ മകന്റെ ഭാര്യയുടെ വീട്ടുപറമ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss