|    Jul 23 Sun, 2017 8:16 am
FLASH NEWS

നഷ്ടപരിഹാരം നല്‍കുന്നില്ല; കര്‍ഷകര്‍ കടക്കെണിയില്‍

Published : 17th July 2016 | Posted By: SMR

നെടുമങ്ങാട്: കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വൈകുന്നതു കാരണം കര്‍ഷകര്‍ കടക്കെണിയിലായി. ബാങ്ക്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നു പലിശയ്ക്കു പണം കടമെടുത്തു കൃഷിയിറക്കിയ ആയിരക്കണക്കിനു കര്‍ഷകരാണ് നഷ്ടപരിഹാരത്തുക യഥാസമയം ലഭിക്കാത്തതു കാരണം കടക്കെണിയിലായത്.
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും 2012 വരെയുള്ള നഷ്ടപരിഹാര തുകകള്‍ മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ. കൃഷിഭൂമി പാട്ടത്തിനെടുത്ത് വിളവിറക്കിയ കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചതോടെ പാട്ടത്തുക പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇനിയും 50,000 രൂപവരെ നഷ്ടപരിഹാരം ലഭിക്കേണ്ട കര്‍ഷകരും നിലവിലുണ്ട്. കൃഷിനാശവും വിലത്തകര്‍ച്ചയും ഒന്നിച്ചുവന്നതോടെ കൃഷിപ്പണി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. റബറിനു 250, കുലച്ച വാഴയ്ക്കു 100, കുലയ്ക്കാത്ത വാഴയ്ക്കു 75, മരച്ചീനി, മറ്റു പച്ചക്കറികള്‍ തുടങ്ങിയവയ്ക്കു 10, സെന്റിനു 250 എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാര തുക. കൃഷിയിറക്കാനുള്ള ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടും സര്‍ക്കാര്‍ കര്‍ഷകനു നല്‍കുന്ന നഷ്ടപരിഹാര തുക തുച്ചമാണ്.
വിളവിറക്കുന്നതില്‍ പകുതിയോളം പ്രതികൂല കാലാവസ്ഥയില്‍ നശിച്ചുപോകുന്നതു കാരണം കര്‍ഷകര്‍ കടക്കെണിയിലാവുന്നതു പതിവാണ്. ഓണവിപണി ലക്ഷ്യമിട്ടു കഴിഞ്ഞ വേനല്‍ക്കാലത്ത് കിലോമീറ്ററുകള്‍ അകലെ നിന്നു വെള്ളമെത്തിച്ചു കൃഷി ചെയ്ത വാഴകളാണ് കഴിഞ്ഞ കാറ്റിലും മഴയിലും പെട്ടു നശിച്ചത്. ഇത്തവണത്തെ ഓണക്കാലം വറുതിയുടെ ദിനങ്ങളാകുമെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍, കാലവര്‍ഷക്കെടുതികളിലെ അപേക്ഷകളില്‍ വ്യാജന്‍മാര്‍ കടന്നുകൂടുന്നതു തലവേദനയാകുന്നുവെന്ന് കൃഷിവകുപ്പ് അധികൃതര്‍ പരാതിപ്പെടുന്നു. നാമമാത്രമായി കൃഷി നശിച്ചവര്‍ കണക്കുകള്‍ പെരുപ്പിച്ചുകാട്ടി രാഷ്ട്രീയക്കാരുടെ ശുപാര്‍ശയുമായാണ് അപേക്ഷയുമായി എത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
വിളകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയാല്‍ വ്യാജന്‍മാരുടെ കടന്നുകയറ്റം തടയാനാകുമെന്നും അധികൃതര്‍ പറഞ്ഞു. കൃഷിമേഖലയിലെ സ്വയംപര്യാപ്തതയ്ക്കായി വകുപ്പ് മുന്നോട്ടുപോകുന്ന വേളയില്‍ നഷ്ടപരിഹാരം പോലുള്ള ഇടക്കാല സഹായങ്ങള്‍ വൈകുന്നത് കര്‍ഷകരെ മേഖലയില്‍ നിന്നു പിന്നോട്ടടിക്കും. കുടിശ്ശികയുള്ള നഷ്ടപരിഹാരത്തുകകള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക