|    Dec 10 Mon, 2018 5:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കും. പൂര്‍ണമായും തകര്‍ന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു സെന്റ് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും നല്‍കും. നഷ്ടപ്പെട്ട രേഖകള്‍ പുനസ്ഥാപിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലത്തില്‍ അദാലത്തുകള്‍ നടത്തും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലുണ്ടായ രൂക്ഷമായ കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 452 വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കാലവര്‍ഷക്കെടുതിയില്‍ മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു നഷ്ടപരിഹാരം നല്‍കും. സര്‍ക്കാര്‍, പൊതുമേഖല കമ്പനി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണം. പൊതുമേഖല, സഹകരണ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ഫണ്ട് (സിഎസ്ആര്‍), പൊതുനന്മ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖല, സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകള്‍ എക്‌സ്‌ചേഞ്ച് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിങ് സമിതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ദുരിതാശ്വാസം നല്‍കുന്ന തുക നിക്ഷേപിക്കുന്ന ബാങ്കുകളില്‍ മിനിമം ബാലന്‍സ് പാലിക്കണമെന്ന നിബന്ധന ഒഴിവാക്കും. നഷ്ടപ്പെട്ട രേഖകള്‍ നല്‍കുന്നതിന് ഒരുതരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഈടാക്കാതെയും സമയബന്ധിതമായി നല്‍കുന്നതിന് അദാലത്തുകള്‍ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലത്തില്‍ സംഘടിപ്പിക്കണം. രേഖകള്‍ നല്‍കുന്നതിന് സപ്തംബര്‍ 30 വരെ സമയം അനുവദിക്കും. ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനു ജില്ലയില്‍ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്തും.സപ്തംബര്‍ 3 മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ ഈ അദാലത്തുകള്‍ നടത്തേണ്ടതും രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി സ്വീകരിക്കേണ്ടതുമാണ്. സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, അഡ്വ. മാത്യൂ ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. കാലവര്‍ഷക്കെടുതിയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മുതലായവ മൂലം സാരമായി പരിക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും, അതിനുള്ള നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കണം തുടങ്ങിയ കഴിഞ്ഞ 14ന് ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss