|    Nov 13 Tue, 2018 7:59 am
FLASH NEWS

നഷ്ടങ്ങളുടെ കണക്ക് അഞ്ചിനകം പൂര്‍ത്തിയാക്കും: ജില്ലാ കലക്ടര്‍

Published : 27th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയിലെ എല്ലാവിധ നഷ്ടങ്ങളുടെയും കണക്കെടുപ്പ് സെപ്തംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ഏറ്റവും വേഗത്തില്‍ നഷ്ട പരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് യതീംഖാന ദുരിതാശ്വാസ ക്യാംപിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍. വീടുകള്‍ വാസയോഗ്യമെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ക്യാംപ് വിട്ടാല്‍ മതിയെന്നും വീടുകളിലേക്ക് മടങ്ങിയാലും അര്‍ഹമായ എല്ലാ സഹായവും തുടര്‍ന്നും നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ക്യാംപില്‍ കഴിയുന്നവര്‍ക്കൊപ്പം കലക്ടറും എസ്പി പ്രതീഷ്‌കുമാറും പി വി അബ്ദുല്‍ വഹാബ് എംപിയും ഓണം ആഘോഷിച്ചു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. ഷക്കീല്‍ അഹമ്മദ് വിശിഷ്ടാതിഥിയായെത്തിയിരുന്നു. ഓണാഘോഷ മല്‍സരങ്ങള്‍ പി വി അബ്ദുല്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. ദുരന്തത്തില്‍ മരണപ്പെട്ടവരോടുള്ള ആദര സൂചകമായി മൗനമാചരിച്ചാണ് ചടങ്ങ് തുടങ്ങിയത്. ക്യാംപില്‍ നിന്നും മടങ്ങിയ വേങ്ങാട് കോളനിയിലെ നാല് കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണവും നടന്നു. നഷ്ടമായ രേഖകള്‍ക്ക് പുതിയതും റേഷന്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ വിതരണവും നടത്തി. ക്യാംപിലെ മുതിര്‍ന്ന അംഗങ്ങളായ 95 വയസ്സുകാരന്‍ ബല്ലിക്കും 80 വയസ്സുകാരി ചീരക്കും ഓണക്കോടിയും നല്‍കി. ക്യാംപംഗവും ദേശീയ കബഡി താരവുമായ മതില്‍ മൂല കോളനിയിലെ അഞ്ജുവിന് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സഹായത്തെക്കുറിച്ചും നടപടി ക്രമത്തെ കുറിച്ചും ആര്‍ഡിഒ ഡോ. ജെ ഒ അരുണ്‍ വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍മാരായ തോണിക്കടവന്‍ ഷൗക്കത്ത്, പ്രമീള, തഹസില്‍ദാര്‍മാരായ സി വി മുരളീധരന്‍, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവര്‍ സംസാരിച്ചു. ചാലിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ക്യാംപിലെ താമസക്കാര്‍ക്കായി വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. നാട്ടുകാര്‍, യുവജന ക്ലബ് പ്രവര്‍ത്തകര്‍, നിലമ്പൂര്‍ അമല്‍ കോളജ് എന്‍എസ്എസ് വോ ളന്റിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss