|    Oct 18 Thu, 2018 9:12 pm
FLASH NEWS
Home   >  Editpage  >  Article  >  

നവ ഉദാരവല്‍ക്കരണത്തിന്റെ ബജറ്റ്

Published : 8th February 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
തലേന്നും പിറ്റേന്നുമായി രണ്ടു ബജറ്റുകള്‍ പ്രഖ്യാപനങ്ങളുമായി കടന്നുപോയപ്പോള്‍ സാധാരണ പൗരന് ബോധ്യപ്പെട്ടത് രണ്ടു കാര്യങ്ങളാണ്: ഒന്ന്, തിരഞ്ഞെടുപ്പിനു മുമ്പായി മധുരംപൊതിഞ്ഞ് അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പു ബജറ്റ്. രണ്ട്, മന്‍മോഹന്‍സിങ് തുടക്കം കുറിച്ച നവ ഉദാരവല്‍ക്കരണ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച. അതായത്, അരുണ്‍ ജെയ്റ്റ്‌ലിയുടെ സാമ്പത്തിക പരിഷ്‌കരണ പാതയിലൂടെ തോമസ് ഐസക്കും കൂകിപ്പായുന്നു.വാജ്‌പേയി ഗവണ്‍മെന്റ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആന്ധ്രയിലും മഹാരാഷ്ട്രയിലും കൃഷിക്കാര്‍ കൂട്ട ആത്മഹത്യയിലായിരുന്നു. എന്നിട്ടും ഇന്ത്യ തിളങ്ങുന്നതാണ് ബിജെപി കണ്ടത്. മോദി ഗവണ്‍മെന്റ് അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അതുപോലുള്ള സ്ഥിതിയാണ്. സെക്രട്ടേറിയറ്റില്‍ ചെന്നുപോലും കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്നു. അരുണ്‍ ജെയ്റ്റ്‌ലി കാര്യങ്ങള്‍ സത്യസന്ധമായി തുറന്നുപറഞ്ഞിരിക്കുന്നു: നയപരമായി രാജ്യം തളര്‍വാതം പിടിപെട്ട് കിടക്കുമ്പോഴാണ് കടുത്ത തീരുമാനങ്ങളെടുത്ത് സാമ്പത്തികരംഗം കരുത്തുറ്റതാക്കുമെന്ന് “ഞങ്ങള്‍’ വാഗ്ദാനം ചെയ്തത്. കുറഞ്ഞ വര്‍ഷം കൊണ്ട് സാമ്പത്തിക പരിഷ്‌കരണം ഫലദായകമായിരിക്കുന്നു; വളര്‍ച്ചയുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു.കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരും തൊഴിലില്ലാത്തവരും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചല്ല ധനമന്ത്രി ഉല്‍ക്കണ്ഠപ്പെടുന്നത്. നവ ഉദാരവല്‍ക്കരണ ലോകത്ത് തിളങ്ങുന്ന ഒരിടമാണ് വേണ്ടത്; ആഗോള നിക്ഷേപകര്‍ക്കു മുമ്പില്‍ ആകര്‍ഷകവും വിശ്വസനീയവുമായ ഇന്ത്യ.എല്ലാവരുടെയും കണ്ണീര് തുടയ്ക്കുന്നതായിരിക്കണം സ്വതന്ത്ര ഇന്ത്യയുടെ ഗവണ്‍മെന്റ് എന്നതായിരുന്നു രാഷ്ട്രപിതാവിന്റെ ആഗ്രഹം. ഇന്ത്യയിലെ സാധാരണ മനുഷ്യന് ആശ്വാസവും പുരോഗതിയും ഉറപ്പുവരുത്തുമെന്നാണ് പ്രധാനമന്ത്രി നെഹ്‌റു എടുത്ത പ്രതിജ്ഞ. ആഗോള മൂലധനശക്തികള്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ഗുണം ചെയ്യുന്ന, ലാഭം ഉറപ്പുനല്‍കുന്ന സഖ്യരാഷ്ട്രമാക്കി മാറ്റുന്നതാണ് മോദി ഗവണ്‍മെന്റിന്റെ മുന്‍ഗണന.മന്‍മോഹന്‍സിങും ചിദംബരവും മാണിയും കമ്മി കുറച്ചുകൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്തപ്പോള്‍ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണെന്ന് ഐസക്കും ഇടതുപക്ഷവും കുറ്റപ്പെടുത്തി. ആ “സാമ്പത്തിക അച്ചടക്ക’ത്തിലേക്ക് ഇടതുമുന്നണി ധനമന്ത്രി സ്വയം മാറിയതാണ് ഇത്തവണ കണ്ടത്.വരവും ചെലവും നോക്കാതെ ഏഷ്യന്‍ വികസന ബാങ്കില്‍നിന്നടക്കം യഥേഷ്ടം കടമെടുത്ത് സാമ്പത്തിക അരാജകത്വത്തിന് കൂട്ടുനിന്ന ധനമന്ത്രിയാണ് തോമസ് ഐസക്. തിരിച്ചടവ് വരുമ്പോഴല്ലേ, ഇപ്പോള്‍ വാങ്ങി ചെലവാക്ക് എന്നാണ് അദ്ദേഹം നഗരസഭകളോട് പറഞ്ഞത്. ആ വികസനമൊക്കെ ഏത് അഴുക്കുചാലില്‍ പോയെന്ന് വ്യക്തമല്ല. സാമൂഹികക്ഷേമ പദ്ധതിക്കും ശമ്പളത്തിനും പെന്‍ഷനുമൊക്കെ വേണ്ടി പണം കണ്ടെത്തേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്നും വാദിച്ചുപോന്നു.കേരളത്തിലെ ഗതാഗത മേഖലയിലും സമൂഹത്തിലും നിര്‍ണായക സംഭാവന ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. പലര്‍ക്കും കോടികള്‍ ബജറ്റിലൂടെ സമ്മേളനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വാരിക്കൊടുത്ത ധനമന്ത്രി കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരുടെ കവിതകളും നോവല്‍, നാടകം തുടങ്ങിയവയില്‍ നിന്നുള്ള സംഭാഷണശകലങ്ങളും കൊണ്ട് പുഷ്പാര്‍ച്ചന നടത്തിയാണ് ധനമന്ത്രി ഇത്തവണയും ബജറ്റ് അവതരിപ്പിച്ചത്; ഉദ്ധരണികളുടെയും എഴുത്തുകാരുടെയും എണ്ണം പതിവില്‍ കൂടിയെങ്കിലും.നവ ഉദാരവല്‍ക്കരണ വലതുപക്ഷ പാളത്തിലൂടെയാണ് പക്ഷേ, കിഫ്ബി എന്ന മാറാപ്പില്‍ പൊതിഞ്ഞ ബജറ്റുമായി ഐസക് വന്നത്. അതുകൊണ്ട് ആഹ്ലാദിച്ചും അമ്പരന്നും സഭയ്ക്കകത്തും പുറത്തും ദൃശ്യമാധ്യമങ്ങളിലും ചോദ്യങ്ങളുയര്‍ന്നു. അരുണ്‍ ജെയ്റ്റ്‌ലിയാണോ അതോ, മന്‍മോഹന്‍ സിങ് ആണോ ഡോ. തോമസ് ഐസക്കിന്റെ ഗുരു?ഇത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബജറ്റാണെന്നാണ് പ്രസംഗത്തില്‍ തോമസ് ഐസക് പറഞ്ഞത്. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ബജറ്റല്ലെന്നു വ്യക്തം. എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരമേറ്റ ദിവസം ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ “പിണറായി ഗവണ്‍മെന്റ്’ എന്നു വിശേഷിപ്പിച്ചത് സിപിഐ ജനറല്‍ സെക്രട്ടറി പരസ്യമായി തിരുത്തിയിരുന്നു. ഈ ഗവണ്‍മെന്റിന്റെ നയങ്ങള്‍ സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഐസക്കിന്റെ പ്രയോഗത്തിന് രാഷ്ട്രീയമാനങ്ങള്‍ പലതുണ്ട്.മന്‍മോഹന്‍സിങിന്റെയും യുപിഎ ഗവണ്‍മെന്റിന്റെയും വലതുപക്ഷ ഉദാരവല്‍ക്കരണ നയങ്ങളാണ് യുഡിഎഫ് ഗവണ്‍മെന്റ് നടപ്പാക്കാന്‍ ശ്രമിച്ചതെന്ന് വിമര്‍ശിച്ചുപോന്നവരാണ് തോമസ് ഐസക്കും എല്‍ഡിഎഫും. 2006ല്‍ നിശ്ചയിച്ച വിപണിവിലയുടെ അടിസ്ഥാനത്തില്‍ ഭൂനികുതി വര്‍ധിപ്പിക്കുകയാണ് 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇടതുപക്ഷ മുന്നണിയുടെ പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് അന്ന് അതു പിന്‍വലിച്ചു. അതേ ഭൂനികുതി ഇപ്പോള്‍ വീണ്ടും കൊണ്ടുവരുകയും വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇത് എല്‍ഡിഎഫിന്റെ ബജറ്റോ യുഡിഎഫിന്റെ ബജറ്റോ എന്നു ചോദിക്കുന്നത് സ്വാഭാവികം.സ്വകാര്യവല്‍ക്കരണത്തിനും പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നതിനും വേണ്ടി നിലകൊണ്ട വലതുപക്ഷ ഗവണ്‍മെന്റിന്റെ മന്ത്രിയുടെ ശബ്ദം. ഈ പുതുവര്‍ഷ കാലയളവിലാണ് ഖജനാവ് അടഞ്ഞുകിടന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായ പ്രതിസന്ധിയിലാണെന്നു പരസ്യമായി ബോധ്യപ്പെട്ടതും. സാമ്പത്തിക മുരടിപ്പിനെപ്പറ്റിയും സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ചും മന്ത്രി സമ്മതിക്കുന്നുണ്ട്. എങ്കിലും കിഫ്ബി എന്ന മാന്ത്രികവടി കൊണ്ട് ഇതെല്ലാം പരിഹരിച്ചുകളയാം എന്ന ലാഘവബുദ്ധിയോടെയും അസഹിഷ്ണുതയോടെയുമാണ് ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങളോട് തോമസ് ഐസക് പ്രതികരിക്കുന്നത്.ധനക്കമ്മി (3.1 ശതമാനം ജിഎസ്ടിപി) റവന്യൂ കമ്മി (1.66 ശതമാനം ജിഎസ്ടിപി) കുറച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരു ബജറ്റും വരുമാനം സംബന്ധിച്ചും വിതരണം സംബന്ധിച്ചും വ്യക്തതയില്ലാത്ത, ബജറ്റിന്റെ ഭാഗമല്ലാത്ത “കിഫ്ബി’യും- അങ്ങനെ ഇരട്ട ബജറ്റുകളാണ് തോമസ് ഐസക് കൊണ്ടുവന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയം ചര്‍ച്ചകളില്‍ ധനമന്ത്രിയോട് ആവര്‍ത്തിച്ച് ഉന്നയിച്ച സി പി ജോണിനോട്, കാര്യമറിയാത്ത നിങ്ങളെപ്പോലുള്ളവരോട് മറുപടി പറയുന്നില്ല എന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നെ വന്നുകണ്ടാല്‍ സംശയം തീര്‍ത്തുതരാം എന്നും യുഡിഎഫ് ഗവണ്‍മെന്റില്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗമായ സി പി ജോണിനോട് പുച്ഛത്തോടെ പറയുകയും ചെയ്തു.സാമ്പത്തിക പിന്തുണയില്ലാത്ത ജെയ്റ്റ്‌ലിയുടെ ബജറ്റ് പദ്ധതികള്‍ ചരടില്ലാത്ത പട്ടമാണെന്ന് യുപിഎയുടെ ധനമന്ത്രിയായിരുന്ന ചിദംബരം പറയുന്നു. ഇടതുപക്ഷ ഗവണ്‍മെന്റും ചരടില്ലാതെ പട്ടം പറത്തുന്നതെങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക്, തന്നെ വിശ്വസിക്കണമെന്നതാണ് ഐസക്കിന്റെ അവകാശവാദം. ബജറ്റ് സുതാര്യമായ ഔദ്യോഗിക രേഖ ആയിരിക്കണമെന്നിരിക്കെ കിഫ്ബി വഴി സമാഹരിക്കപ്പെടുന്ന വരുമാനം ധനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ചെലവഴിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് കേരളം പോവുകയാണ്.1991 ജൂലൈ 24നാണ് മന്‍മോഹന്‍സിങ്, നരസിംഹറാവു ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. നായനാര്‍ ഗവണ്‍മെന്റിനു കീഴിലുള്ള ആസൂത്രണ ബോര്‍ഡില്‍ അംഗമായിരുന്നു അന്ന് തോമസ് ഐസക്. സിപിഎം മുഖപത്രത്തിന്റെ കൊച്ചി ഓഫിസില്‍ തോമസ് ഐസക്കിനെയും ബോര്‍ഡിലെ മറ്റൊരു സിപിഎം അംഗത്തെയും ക്ഷണിച്ചുവരുത്തി; മന്‍മോഹന്‍സിങിന്റെ ബജറ്റ് അവതരണം ടിവിയില്‍ കേട്ട് പത്രത്തിന് അവലോകനം എഴുതിക്കാന്‍.മന്‍മോഹന്‍സിങ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വിക്ടര്‍ ഹ്യൂഗോയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ്: “ഒരാശയത്തിന്റെ സമയമെത്തിയാല്‍ അതിന്റെ കഥ കഴിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.’ മന്‍മോഹന്‍ തുടര്‍ന്നു: “ഈ സഭയ്ക്കു മുമ്പില്‍ ഞാനൊരു ആശയം സമര്‍പ്പിക്കുകയാണ്. ലോകത്തിനു മുമ്പില്‍ ഇന്ത്യ വലിയൊരു സാമ്പത്തികശക്തിയായി അവതരിക്കാന്‍ പോകുന്നുവെന്ന ആശയം.’ആഹ്ലാദഭരിതരായാണ് രണ്ടു സഖാക്കളും പത്രാധിപരുടെ മുറിയിലെത്തിയത്. “ഗംഭീരം. ഒന്നും എഴുതാനില്ല. നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇത്രയും നല്ലൊരു ബജറ്റ് അവതരിപ്പിക്കാനാവില്ല’- പത്രത്തിന്റെ ഒന്നാംപേജില്‍ ബജറ്റ് അവലോകനത്തിന് സ്ഥലം ഒഴിച്ചിട്ട പത്രാധിപരുടെ മുമ്പില്‍ എഴുത്തുകടലാസും പേനയും വച്ച് ഐസക്കും കൂട്ടുകാരനും സ്ഥലംവിട്ടു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക്കിന്റെ ഒമ്പതാമത്തെ കേരള ബജറ്റില്‍ മന്‍മോഹന്‍സിങിന്റെ ആശയം കവിതകള്‍ക്കും ഉദ്ധരണികള്‍ക്കുമൊപ്പം പൂവും കായും അണിഞ്ഞിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss