|    Apr 26 Thu, 2018 10:56 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നവോത്ഥാന മൂല്യങ്ങളേ വിട!

Published : 19th November 2015 | Posted By: TK

NP-Chekkutyഎന്‍ പി ചെക്കുട്ടി

തിരഞ്ഞെടുപ്പ് അവലോകനവേളയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യം എന്നെ വീണ്ടും വീണ്ടും അലട്ടുകയുണ്ടായി. കേരളത്തില്‍ കഴിഞ്ഞുപോയ തിരഞ്ഞെടുപ്പില്‍ പ്രകടമായ മുഖ്യ സവിശേഷതയെന്ത് എന്നായിരുന്നു ചോദ്യം. കേരളത്തെ ആഴത്തില്‍ സാമൂഹികമായും സാമുദായികമായും വിഭജിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരവേലയാണ് കടന്നുപോയത് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. അത് ഭാവികേരളത്തെ സംബന്ധിച്ച ആപല്‍ക്കരമായ ചില സൂചനകള്‍ നല്‍കുന്നതാണ്. പാര്‍ട്ടികളുടെ വിജയപരാജയങ്ങളേക്കാള്‍ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇതു ഇടയാക്കുമെന്ന തോന്നലാണ് ഞാന്‍ പങ്കുവച്ചത്.
തിരഞ്ഞെടുപ്പു വിജയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ അതിന്റെ സാമൂഹികശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ ആരെയും അങ്ങനെ അലട്ടാറില്ല. അത്തരം കാര്യങ്ങള്‍ ആരും ഗൗരവമായി ചര്‍ച്ച ചെയ്യുന്നതും കാണാറില്ല. സ്വാഭാവികമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് കേരളത്തിന്റെ വര്‍ഗീയ വിഭജനം വലിയൊരു പ്രശ്‌നമായി വരുന്നതെന്ന കാര്യം അധികമാരും ചിന്തിക്കുന്നില്ല.

പക്ഷേ, അതൊരു യാഥാര്‍ഥ്യമാണ്. എഴുപതുകളുടെ അവസാനത്തില്‍ സോഷ്യല്‍ സയന്റിസ്റ്റില്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ജാതിയുടെയും മതത്തിന്റെയും താല്‍പര്യങ്ങളും സ്വാധീനങ്ങളും എങ്ങനെയാണ് രാഷ്ട്രീയകക്ഷികളില്‍ പ്രതിഫലിക്കുന്നത് എന്നതു സംബന്ധിച്ച് ഒരു അവലോകനം നടത്തുകയുണ്ടായി. മതേതര കക്ഷികളില്‍ പോലും ഇത്തരത്തിലുള്ള സ്വാധീനങ്ങളും താല്‍പര്യങ്ങളും പ്രതിഫലിക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. ഇടതുപക്ഷ കക്ഷികളില്‍ പോലും അത്തരം സ്വാധീനം പ്രകടവുമായിരുന്നു. വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന വേളയില്‍ ഇത്തരത്തിലുള്ള സാമുദായിക ഘടകങ്ങള്‍ നിര്‍ണായക ഘടകമായി വരുന്നുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലുള്ള സാമൂഹിക ഘടനയില്‍ മത-സാമുദായിക താല്‍പര്യങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്ത് ഇത്തരം ഘടകങ്ങളെ പൂര്‍ണമായി ഒഴിവാക്കുകയെന്നത് ഇടതുപക്ഷത്തിനു പോലും സാധ്യമല്ലെന്ന വസ്തുതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പക്ഷേ, സാമൂഹിക സ്വാധീനങ്ങളും താല്‍പര്യങ്ങളും കണക്കിലെടുക്കുന്നതല്ല യഥാര്‍ഥത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്ന പ്രതിഭാസം. മറിച്ച്, വര്‍ഗീയതയെ താലോലിക്കുകയും വര്‍ഗീയ മല്‍സരങ്ങളും സ്പര്‍ധയും പരമാവധി ഊതിവീര്‍പ്പിച്ച് ജനങ്ങളെ ജാതി-മതാടിസ്ഥാനത്തില്‍ വിഭജിച്ച് വിജയം കൈവരിക്കുക എന്ന പ്രവണതയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പുരംഗത്ത് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
സമീപകാലത്ത് ഈ നിഷേധാത്മകമായ പ്രവണത ഏറ്റവും നഗ്നമായ നിലയില്‍ നടമാടിയ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞുപോയതെന്ന് നിസ്സംശയം പറയാന്‍ കഴിയും. അതുണ്ടാക്കുന്ന സാമൂഹികമായ വിഭജനവും മുറിവുകളും അഗാധമാണ്. മുന്‍കാലങ്ങളില്‍ പാര്‍ട്ടിനേതൃത്വങ്ങളുടെ ചര്‍ച്ചയിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഒതുങ്ങിനിന്നിരുന്ന ഇത്തരം പ്രവണതകള്‍ ഇത്തവണ ഗ്രാമതലങ്ങളില്‍, അയല്‍ക്കൂട്ടങ്ങളില്‍, കുടുംബസദസ്സുകളില്‍ പോലും അലയടിച്ചു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
വര്‍ഗീയതയും ജാതീയതയും ഒരുകാലത്ത് മലയാളി സമൂഹം അവമതിയോടെ നോക്കിക്കാണുകയും അകറ്റിനിര്‍ത്തുകയും ചെയ്ത പ്രതിഭാസങ്ങളായിരുന്നു. മനസ്സില്‍ ജാതിയും വര്‍ഗീയതയും സൂക്ഷിക്കുമ്പോഴും പൊതുസമൂഹത്തില്‍ വ്യത്യസ്തമായ ചിത്രം കാഴ്ചവയ്ക്കാന്‍ പൊതുവില്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം ശ്രദ്ധവച്ചിരുന്നു. പക്ഷേ, അത്തരം കരുതലുകളൊക്കെയും അപ്രത്യക്ഷമായ തിരഞ്ഞെടുപ്പു പ്രചാരവേലയാണ് കഴിഞ്ഞുപോയത്.
കേരളത്തില്‍ നടന്ന പ്രചാരണത്തിന്റെ ചിത്രവും പാര്‍ട്ടിനേതാക്കളുടെ പ്രസംഗങ്ങളും മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടുകളും ടെലിവിഷന്‍ ചര്‍ച്ചകളും എല്ലാം ഇത്തരത്തിലുള്ള ഒരു സാമൂഹികാന്തരീക്ഷം വളര്‍ത്തിക്കൊണ്ടുവരുന്നതിന് ഉത്തരവാദികളായിട്ടുണ്ട്. അമിതമായ വര്‍ഗീയ പ്രീണനം ഒരു ഭാഗത്ത്; അതേസമയം, ന്യൂനപക്ഷങ്ങളിലും മറ്റും നിലനില്‍ക്കുന്ന ഭീതികള്‍ ഊതിവീര്‍പ്പിച്ച് അതു വോട്ടാക്കിമാറ്റാനുള്ള ശ്രമം മറുവശത്ത്; ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് ജനങ്ങളെ വിഭജിക്കാനുള്ള നീക്കങ്ങള്‍ ഇനിയുമൊരു ഭാഗത്ത്. ഇതൊക്കെയും തുടക്കം മുതല്‍ തന്നെ നടക്കുന്നതായിരുന്നു. അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വളരെ വൈകാതെ കേരളം അഭിമുഖീകരിക്കേണ്ടിവരും.
കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയ മാറാട് പോലുള്ള പ്രദേശങ്ങളില്‍ തലമുറകളായി ഒന്നിച്ച് ഇടപഴകി കഴിഞ്ഞുവന്ന വ്യത്യസ്ത സമുദായങ്ങള്‍ എങ്ങനെയാണ് പരസ്പരം പോരടിക്കുന്നതിലേക്കു നീങ്ങിയതെന്നു കേരളം ആലോചിക്കേണ്ടതാണ്. മുന്‍കാലത്ത് തീരപ്രദേശത്തും മറ്റും ചില പ്രദേശങ്ങളിലുമായി ഒതുങ്ങിനിന്ന വര്‍ഗീയ വിഭജനം ഇപ്പോള്‍ കേരളത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന ചിത്രമാണ് തിരഞ്ഞെടുപ്പിലെ വോട്ടിങിന്റെ പാറ്റേണ്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയുക.
നഗരപ്രദേശങ്ങള്‍ താരതമ്യേന മതേതരമായ ഒരു സാമൂഹിക അടിത്തറ സുഭദ്രമായി നിലനിര്‍ത്തിവന്ന പാരമ്പര്യമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ഒരു വന്‍ നഗരത്തിലും വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ സമീപകാലത്ത് ഉണ്ടായതായി കാണാന്‍ കഴിയില്ല. എന്നാല്‍, നഗരങ്ങളുടെ തൊട്ടു പിന്നാമ്പുറങ്ങളില്‍ അത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടുതാനും. പക്ഷേ, ഭാവിയില്‍ അത്തരം അസ്വസ്ഥതകള്‍ പാര്‍ശ്വങ്ങളില്‍ ഒതുങ്ങിനിന്നു എന്നുവരില്ല; ഒരുപക്ഷേ, നഗരഹൃദയങ്ങളിലേക്ക് അത് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ തീക്കളി അവശേഷിപ്പിച്ചുപോകുന്നത്.
ഹൈദരാബാദ് സിറ്റിയുടെ കഴിഞ്ഞ പതിറ്റാണ്ടുകളിലെ സാമൂഹിക മാറ്റങ്ങള്‍ ഇതിനു പ്രത്യക്ഷോദാഹരണമാണ്. എണ്‍പതുകളുടെ മധ്യത്തില്‍ ഞാന്‍ അവിടെ പ്രവര്‍ത്തിക്കുന്ന കാലത്തും വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയിരുന്നു. അത്തരം സമയങ്ങളില്‍ ഓള്‍ഡ് സിറ്റിയില്‍ നിന്ന് അകന്നുനില്‍ക്കുക എന്നാണ് സുഹൃത്തുക്കള്‍ തന്ന ഉപദേശം. അതു പ്രായോഗികവുമായിരുന്നു. കാരണം, അസ്വസ്ഥതകളും സംഘര്‍ഷങ്ങളും പാര്‍ശ്വങ്ങളില്‍ ഒതുങ്ങിനിന്നു. അതേസമയം, വര്‍ഗീയ പ്രചാരണം നഗരഹൃദയങ്ങളില്‍ പ്രചണ്ഡമായി നടമാടുകയും ചെയ്തു. ഞാന്‍ ആ നഗരം വിട്ട് ഏതാനും വര്‍ഷം കഴിഞ്ഞ് 90കളില്‍ വീണ്ടും കലാപമുണ്ടായി. നഗരത്തിലെ വരേണ്യരുടെ താമസസ്ഥലമായ ബന്‍ജാര ഹില്‍സില്‍ പോലും കലാപം അരങ്ങേറി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സാമൂഹിക മാറ്റങ്ങളുടെ ഉദാഹരണം ലഭ്യമാണ്. വര്‍ഗീയത തിരഞ്ഞെടുപ്പു ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന പ്രവണത അതിന്റെ സാമൂഹികമായ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു തവണ ഇത്തരം പ്രവണതകള്‍ക്കു വശംവദരായാല്‍ സമൂഹത്തിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അതില്‍ നിന്നു മോചനമില്ല.
ഈ തിരഞ്ഞെടുപ്പില്‍  ഇടതുപക്ഷം അടക്കമുള്ള എല്ലാ മുഖ്യധാരാ കക്ഷികളും വര്‍ഗീയത തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയുണ്ടായി എന്നത് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. അതില്‍ ആര്‍ക്കു നേട്ടമുണ്ടായി, ആര്‍ക്ക് കോട്ടം എന്നത് താല്‍ക്കാലികമായ ഒരു ചോദ്യമാണ്. ഈ നേട്ടങ്ങള്‍ നിലനില്‍ക്കുന്ന നേട്ടങ്ങളല്ല, മറിച്ച്, അത് കേരളീയ സമൂഹത്തിന്റെ ഭദ്രതയ്ക്കും പരസ്പര ഐക്യത്തിനും വരുത്തുന്ന കോട്ടങ്ങള്‍ സ്ഥായിയായതാണ്. എങ്ങനെയാണ് കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും സങ്കല്‍പങ്ങളെയും നാം തിരസ്‌കരിക്കുന്നതെന്നു തിരിച്ചറിയണമെങ്കില്‍ എങ്ങനെയാണ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രചാരവേല നടത്തിയതെന്നു പരിശോധിച്ചാല്‍ വ്യക്തമായെന്നു വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss