|    Dec 14 Fri, 2018 6:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നവോത്ഥാന മണ്ഡലത്തിലെ വേറിട്ട വ്യക്തിത്വംഡോ. കായംകുളം യൂനുസ്

Published : 28th December 2017 | Posted By: kasim kzm

ആലപ്പുഴ: കേരളത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ സമഗ്ര സംഭാവനകള്‍ അര്‍പ്പിച്ച വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവിയുടെ 145ാം ജന്മദിനമാണു ഇന്ന്. പത്രപ്രവര്‍ത്തന രംഗത്ത് നൂതന അധ്യായം രചിച്ച ‘സ്വദേശാഭിമാനി’ യുടെ സ്ഥാപകന്‍, സമൂഹത്തിന്റെ ഉന്നമനത്തിനായി തന്റെ സര്‍വസ്വത്തും ത്യജിച്ച സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമാണു വക്കം മൗലവി.’നിങ്ങളുടെ വന്ദ്യപിതാവ് എനിക്ക് എത്രയും പ്രിയപ്പെട്ട ഒരാളായിരുന്നു. ഇത്ര ധീരനായ ഒരു സമുദായാഭിമാനിയും അതിനേക്കാള്‍ ധീരനായ ഒരു ദേശാഭിമാനിയും ഇന്നാട്ടില്‍ ജനിച്ചിട്ടില്ലെന്ന സത്യം നമ്മുടെ കപട സാമുദായിക, ദേശീയ ഭക്തന്‍മാര്‍ അടുത്തകാലത്തെങ്ങും മനസ്സിലാക്കാന്‍ പോവുന്നില്ല.’ കേസരി എ ബാലകൃഷ്ണ പിള്ള, വക്കം മൗലവിയുടെ പുത്രന്‍ വക്കം അബ്ദുല്‍ ഖാദറിന് അയച്ച കത്തിലെ വരികള്‍ അക്ഷരാര്‍ഥത്തില്‍ വക്കം മൗലവിയെ പറ്റിയുള്ള സമഗ്ര വിശകലനം തന്നെ.
ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിനു തന്റെ ജീവിതവും സര്‍വസ്വവും സമര്‍പ്പിച്ച മുഹമ്മദ് അബ്ദുല്‍ ഖാദര്‍ (വക്കം മൗലവി) 1873 ഡിസംബര്‍ 28നു തിരുവനന്തപുരം ജില്ലയിലെ വക്കം എന്ന ഗ്രാമത്തിലാണു ജനിക്കുന്നത്. സമ്പന്നനായ വ്യാപാരിയായിരുന്നു പിതാവ്. ചെറുപ്പത്തില്‍ തന്നെ മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, സംസ്‌കൃതം, തമിഴ്, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം അന്തര്‍ദേശീയ രംഗത്ത് ഉയര്‍ന്നുവരുന്ന പരിഷ്‌കരണ, വൈജ്ഞാനിക മുന്നേറ്റങ്ങളില്‍ ആകൃഷ്ടനായി. തന്റെ ജന്‍മനാട്ടിലും ജനക്ഷേമത്തിനായി അത്തരം കാര്യങ്ങള്‍ നടപ്പില്‍വരുത്താനായി പരിശ്രമിച്ചു.
അഴിമതിക്കും ഭരണകൂട താല്‍പര്യങ്ങള്‍ക്കുമെതിരേ പോരാടുന്നതിനും പൗരാവകാശവും ജനാധിപത്യവും സ്ഥാപിച്ചെടുക്കുന്നതിനുമായി വക്കം മൗലവി പത്രപ്രവര്‍ത്തന മേഖലയാണ് തിരഞ്ഞെടുത്തത്. 32ാം വയസ്സില്‍ ആരംഭിച്ച ‘സ്വദേശാഭിമാനി’ എന്ന പത്രം കേരളത്തില്‍ റോയിറ്ററുമായി വാര്‍ത്താ വിനിമയ കരാറുണ്ടാക്കിയ ആദ്യ പത്രമാണ്. പ്രസ്സും അനുബന്ധ സാമഗ്രികളും വന്‍ വില കൊടുത്ത് ഇംഗ്ലണ്ടില്‍ നിന്നു വരുത്തി. കഴിവുറ്റ ഒരു പത്രാധിപരെയും നിയമിച്ചു. ചിറയിന്‍കീഴ് ഗോവിന്ദപിള്ള. 1905ല്‍ അഞ്ചുതെങ്ങില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. 1906ല്‍ കെ രാമകൃഷ്ണപിള്ള എന്ന യുവ പത്രപ്രവര്‍ത്തകനെ കണ്ടെത്തി ആദ്യം വക്കത്തേക്കും പിന്നീടു തിരുവനന്തപുരത്തേക്കും മാറ്റി.
അതോടെ ‘സ്വദേശാഭിമാനി’ തിരുവിതാംകൂറിലെ ഭരണാധികാരികളുടെ ഉറക്കംകെടുത്തുന്ന ഒരു കൊടുങ്കാറ്റായി മാറി. 1910 സപ്തംബര്‍ 26നു പത്രം കണ്ടുകെട്ടുകയും പത്രാധിപരായ കെ രാമകൃഷ്ണ പിള്ളയെ നാടുകടത്തുകയും ചെയ്ത് അവര്‍ പകവീട്ടി. പത്രാധിപര്‍ക്കു താന്‍ നല്‍കിയ സ്വാതന്ത്ര്യം ഇത്തരത്തില്‍ കലാശിച്ചതില്‍ ഒട്ടും ഖേദിക്കാതിരുന്ന മൗലവി, കൊട്ടാരത്തിന്റെ പ്രലോഭനങ്ങളെ അവഗണിച്ച്, തന്റെ പത്രാധിപരില്ലാത്ത പത്രം തനിക്കു വേണ്ട എന്ന നിലപാടാണ് എടുത്തത്. ലോക പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഉദാത്തമായ അപൂര്‍വ മാതൃക.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പോരാടുമ്പോള്‍ തന്നെ, മുസ്‌ലിംകളില്‍ കാലോചിത വിദ്യാഭ്യാസത്തിനും സ്ത്രീശാക്തീകരണത്തിനും വ്യക്തമായ പദ്ധതികള്‍ നടപ്പില്‍വരുത്തി. മുസ്‌ലിം, ഇസ്‌ലാം, ദീപിക എന്നീ പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിച്ചു. മഹാത്മാഗാന്ധിയെ സന്ദര്‍ശിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിനു പിന്തുണ നല്‍കി. ചുരുക്കത്തില്‍ കേരളീയ സമൂഹത്തെ നവീകരിച്ച് മൂല്യബോധമുള്ള ഒരു തലമുറയായി പരിവര്‍ത്തിപ്പിക്കുന്നതില്‍ മഹത്തായ പങ്കു വഹിച്ചു വക്കം മൗലവി. അദ്ദേഹത്തിന്റെ യഥാര്‍ഥ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമാണ്. പൊതുജനങ്ങളുടെ സ്മൃതിപഥത്തില്‍ ആ ചിത്രവും അദ്ദേഹത്തിന്റെ കര്‍മകാണ്ഡവും എന്നും പച്ചപിടിച്ചു നില്‍ക്കുക തന്നെ ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss