|    Dec 11 Tue, 2018 2:29 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നവോത്ഥാന ത്രയത്തിലെ അഗ്രഗാമി

Published : 28th August 2018 | Posted By: kasim kzm

ഇന്ന്  അയ്യങ്കാളി  ജന്മദിനം  – വയലിത്തറ  രവി
കേരളീയരുടെ ആവാസവ്യവസ്ഥയ്ക്ക് ഈ നൂറ്റാണ്ടിലേറ്റ വലിയ പ്രഹരത്തിന്റെ തിക്താനുഭവങ്ങളുടെ ഒരു ദുര്‍ഘട കാലഘട്ടത്തിലൂടെ കേരളം അതിജീവനത്തിനായി ഒറ്റക്കെട്ടായി പോരടിച്ചു നില്‍ക്കുന്ന സന്നിഗ്ധ കാലഘട്ടത്തിലാണ് നവോത്ഥാന ത്രയത്തിലെ അഗ്രഗാമിയായ മഹാത്മാ അയ്യങ്കാളിയുടെ 156ാമത് ജന്‍മദിനം കടന്നുവരുന്നത്. നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം ആര്‍ജിച്ച നന്മയുടെ മൂല്യങ്ങളെ ചരിത്രബോധമില്ലാതെ പിന്നോട്ടടിച്ചുകൊണ്ട് കേരളത്തെ വീണ്ടും സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയമെന്ന അവസ്ഥയിലേക്കു കൂട്ടിക്കൊണ്ടുപോകാനുള്ള തീവ്രശ്രമങ്ങള്‍ വിവിധ വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രകൃതിയുടെ താണ്ഡവം എല്ലാ തരം അതിര്‍വരമ്പുകളെയും നിഷ്പ്രഭമാക്കിയത്.
പ്രകൃതിയുടെ വരദാനം എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ അര്‍ഹതപ്പെട്ടതാണെന്ന് ഒരു ദുരന്തത്തിലൂടെ മാനവരാശിയെ പ്രകൃതി ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തിയിരിക്കുകയാണ്. സര്‍വ ജനങ്ങള്‍ക്കും സാമൂഹിക സമത്വം നേടിയെടുക്കാന്‍ വേണ്ടി പോരാടിയ അയ്യങ്കാളിയുടെ ജന്‍മദിനം ആഘോഷിക്കുന്ന വേളയില്‍ പ്രകൃതിദുരന്തത്തിനു സവിശേഷമായ പ്രാധാന്യമുണ്ട്. ഒരേ ദുരിതം പേറിയവര്‍ ഒന്നിച്ചു താമസിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ പോലും ഭക്ഷണസാധനങ്ങള്‍ വേറിട്ട് പാചകം ചെയ്യണമെന്ന് ആവശ്യപ്പെട്ട മനുഷ്യര്‍ ഇപ്പോഴും നവോത്ഥാനാനന്തര കേരളത്തില്‍ ഉണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തുമ്പോള്‍ നവോത്ഥാന നായകരുടെ ഓര്‍മകള്‍ ഏറെ ചിന്തകള്‍ക്കു വഴിമരുന്നിടുന്നുണ്ട്.
മഹാത്മാ അയ്യങ്കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, കാവാലികുളം കണ്ണന്‍ കുമാരന്‍, പൊയ്കയില്‍ കുമാര ഗുരുദേവന്‍, പണ്ഡിറ്റ് കെ പി കറുപ്പന്‍, ആറാട്ടുപുഴ വേലായുധ പണിക്കര്‍, വക്കം മൗലവി തുടങ്ങി എത്രയോ നവോത്ഥാന നായകര്‍ ഉഴുതുമറിച്ച് സാമൂഹിക സമത്വത്തിന്റെ വീഥിയൊരുക്കിയ നാട്ടില്‍ പിന്നാമ്പുറത്തുകൂടി മനുവാദികള്‍ ആചാരങ്ങളെ വിശ്വാസങ്ങളുമായി കൂട്ടിയിണക്കി പുതിയൊരു പശ്ചാത്തലം ഒരുക്കുന്നത് ഉല്‍പതിഷ്ണുക്കള്‍ക്ക് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല.
അയിത്ത-അനാചാര-വര്‍ണവ്യവസ്ഥകള്‍ അരിയിട്ടുവാഴുന്ന രാജഭരണ കാലഘട്ടത്തിലാണ് തിരുവനന്തപുരത്തിനു സമീപമുള്ള വെങ്ങാനൂര്‍ എന്ന ദേശത്ത് 1863 ആഗസ്ത് 28ന് (1039 ചിങ്ങം 14) പെരിങ്കാറ്റുവിള പ്ലാവിളത്തറവീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ഭൂജാതനായത്. അന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ച് കീഴ്ജാതിക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയില്ലായിരുന്നു. വേദം ഉച്ചരിക്കുന്ന ശൂദ്രന്റെ നാവ് പിഴുതെടുക്കണമെന്നും കേള്‍ക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്നുമുള്ള മനുസ്മൃതിയുടെ തിട്ടൂരം നിലനില്‍ക്കുന്ന അവസരത്തില്‍ ശൂദ്രരേക്കാള്‍ പിന്നാക്കമുള്ളവരുടെ അവസ്ഥ ഊഹിക്കാന്‍ കഴിയുമല്ലോ. എന്നാല്‍, നിരക്ഷരനെങ്കിലും സാമൂഹിക വ്യവസ്ഥയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് അയ്യങ്കാളിക്ക് പ്രത്യേകമായ ശേഷിയുണ്ടായിരുന്നു.
ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ സ്വന്തമായി ഇല്ലാത്ത ഒരു ജനതയുടെ സാമൂഹികമായ പുരോഗതിക്കായി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങള്‍ ആധുനിക കേരളീയ സമൂഹത്തിനു പോലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് പരിശോധിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള അവസ്ഥ എത്രയോ ഭയാനകമായിരുന്നു എന്നത് സാമൂഹിക ശാസ്ത്രജ്ഞര്‍ വിശദീകരിക്കേണ്ടതാണ്. ഇന്നും അപരിഹാര്യമായി തുടരുന്ന ഭൂമിയിലുള്ള അവകാശത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഭൂമിയുടെ രാഷ്ട്രീയവും അധികാര രാഷ്ട്രീയവും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നതിലെ ദലിത് ജനതയുടെ നിസ്സംഗതയാണ് ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തെ തടഞ്ഞുനിര്‍ത്തുന്നത്. ഭൂമിയുടെ രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിന്റെ ചവിട്ടുപടിയാണെന്നു തിരിച്ചറിയാത്തവര്‍ ഭൂപരിഷ്‌കരണത്തിലൂടെ ദലിതന്റെ അവകാശത്തെ ഷണ്ഡീകരിക്കുകയാണ് ചെയ്തത്. പ്രത്യക്ഷത്തില്‍ ദലിതര്‍ക്കു ഭൂമിയിലുള്ള അവകാശം നല്‍കിയെന്ന തോന്നല്‍ സൃഷ്ടിച്ചുകൊണ്ട് ഉടമസ്ഥാവകാശത്തില്‍ നിന്നു ദലിതനെ തന്ത്രപൂര്‍വം ഒഴിവാക്കുകയാണ് ഭൂപരിഷ്‌കരണത്തിലൂടെ നടപ്പാക്കിയതെന്ന് ദലിതര്‍ മനസ്സിലാക്കിയില്ല.
ജനപക്ഷത്തും പ്രജാസഭയിലും അയ്യങ്കാളി വിശ്രമരഹിതമായ പോരാട്ടങ്ങളില്‍ ജാഗ്രതയോടുകൂടി നിലകൊണ്ട് ജനതയുടെ സാമൂഹിക പരിവര്‍ത്തനത്തിനു സാംസ്‌കാരികപരമായ ഇടപെടല്‍ അനിവാര്യമാണെന്നും അത് വിദ്യാഭ്യാസം ആര്‍ജിക്കുന്നതിലൂടെ നേടിയെടുക്കാന്‍ കഴിയുമെന്നും തിരിച്ചറിഞ്ഞു. പ്രാഥമികമായി പൊതുനിരത്തുകള്‍ പോലും അന്യമായിരുന്ന ഒരു ജനതയെ പൊതുധാരയില്‍ എത്തിക്കാനായി നടത്തപ്പെട്ട എല്ലാ തരം വിപ്ലവങ്ങളെയും വെറും ‘ലഹളകള്‍’ എന്നാണ് വരേണ്യ ചരിത്രകാരന്‍മാര്‍ സൂചിപ്പിച്ചിരിക്കുന്നത്.
1888ല്‍ തിരുവിതാംകൂറില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ (പ്രജാസഭ) നിലവില്‍ വരുകയും ഓരോ സമുദായത്തിനും പ്രജാസഭയില്‍ പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായി അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമാക്കുകയും ചെയ്തു. 1912 ഫെബ്രുവരി 26ന് അയ്യങ്കാളി പ്രജാസഭയില്‍ എത്തി നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി. വിരമിക്കുന്നതുവരെ പ്രജാസഭയില്‍ അധഃസ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിനായി ഇടപെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്ത് അയ്യങ്കാളി പ്രജാസഭയില്‍ ഉന്നയിച്ചതും നേടിയെടുത്തതുമായ ആവശ്യങ്ങള്‍ക്കപ്പുറം ജനകീയ ഗവണ്‍മെന്റുകള്‍ യാതൊന്നും നല്‍കിയിട്ടില്ലെന്ന് പ്രജാസഭാ രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും.
ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത സംവരണമെന്ന അവകാശത്താല്‍ ജനപ്രതിനിധികളായി സഭകളില്‍ അംഗമായിട്ടുള്ള പട്ടികജാതി ജനപ്രതിനിധികള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദലിത് ജനവിഭാഗത്തിനായി ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയുന്ന എന്തെങ്കിലുമൊന്നു ചെയ്തതായി കാണാന്‍ കഴിയുമോ? അവരെല്ലാം തന്നെ അവരവരുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയത്തിനനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സംവരണ സീറ്റില്‍ നിന്നു ജയിക്കുകയും സംവരണേതര നടപടിക്രമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളെയാണ് ഇന്നു കാണാനാവുക.
അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തിന് ഇരയായി മരിച്ചപ്പോള്‍ വിഷയം കേരള നിയമസഭയില്‍ അവതരിപ്പിക്കാന്‍ 16 എംഎല്‍എമാര്‍ ദലിത് വിഭാഗത്തില്‍ നിന്നുണ്ടായിട്ടും ഒരാള്‍ പോലും പ്രതികരിച്ചില്ല. അവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് ദലിതര്‍ക്കു ബോധ്യപ്പെടാന്‍ ഈ സംഭവം തന്നെ മതിയാവും. ഭരണസിരാകേന്ദ്രത്തിലെ ഉന്നത തസ്തികകളില്‍ കെഎഎസ് രൂപീകരിച്ചപ്പോള്‍ ജനപ്രതിനിധികള്‍ നിയമസഭയില്‍ ഒരു ഉപക്ഷേപം പോലും കൊണ്ടുവന്നില്ലെന്നതും ഓര്‍ക്കുക.
ദേശീയതലത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദലിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരേ നിര്‍ബാധം തുടരുമ്പോള്‍, കേരളത്തില്‍ ദലിത് ഐക്യത്തെ ശിഥിലമാക്കാനുള്ള ഭരണകൂട ശ്രമങ്ങളെ എതിര്‍ക്കാന്‍ കഴിയാതെ പരസ്പരം വെല്ലുവിളി നടത്താനും ദലിത് നേതൃത്വങ്ങള്‍ മല്‍സരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന ദലിത് വേട്ടകള്‍ക്കെതിരേ ചെറുത്തുനില്‍പുകള്‍ നടത്താന്‍ കഴിയുന്നില്ല.
ഭൂപരിഷ്‌കരണത്തിലൂടെ ദലിതരെ മൂന്നു സെന്റില്‍ ഒതുക്കിയതുപോലെ ഫഌറ്റുകളിലൂടെ ദലിതനു മണ്ണിന്റെ സ്പര്‍ശം പോലും നഷ്ടപ്പെടുത്തുന്ന കപട വിപ്ലവ ഭരണകൂടങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടങ്ങള്‍ നടത്തുന്നതിലേക്കാണ് അയ്യങ്കാളിയുടെ സ്മരണകള്‍ നമ്മെ നയിക്കേണ്ടത്. കെഎഎസില്‍ നിന്നു ദലിതനെ അകറ്റിയവര്‍ നിലവിലെ സംവരണ വ്യവസ്ഥ തന്നെ അട്ടിമറിക്കുന്നതിനു മടിക്കില്ലെന്നതും തിരിച്ചറിയണം.                                  ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss