|    Jan 20 Fri, 2017 12:52 am
FLASH NEWS

നവോത്ഥാനത്തിന്റെ നടുനായകന്‍

Published : 28th August 2016 | Posted By: SMR

കുന്നുകുഴി എസ് മണി

കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചതും യാഥാര്‍ഥ്യമാക്കിയതും അയ്യന്‍കാളിയായിരുന്നു. ആധ്യാത്മിക ജ്ഞാനമല്ല നവോത്ഥാനപ്രക്രിയ പൂര്‍ത്തീകരിക്കാന്‍ പറ്റിയ മാര്‍ഗമെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞു. നൂറ്റാണ്ടുകളായി തീണ്ടലും തൊടീലും കല്‍പിച്ച് ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും അകറ്റിയിരുന്ന തന്റെ ജനതയ്ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി സവര്‍ണ പരിഷകളെ കായികമായിത്തന്നെ നേരിടാന്‍ അയ്യന്‍കാളി തയ്യാറായി.
അത്തരമൊരു സാമൂഹിക പരിഷ്‌കരണത്തിനു തുടക്കം കുറിച്ചത് സ്വന്തം ജന്‍മനാടായ പെരുങ്കാറ്റുവിളയിലെ പിച്ചീട്ടുകുളത്തില്‍ നിന്നായിരുന്നു. അയ്യന്‍കാളിക്ക് അന്ന് പത്തോ പന്ത്രണ്ടോ വയസ്സു കാണും. 1875ല്‍ സവര്‍ണ ജന്‍മിയുടെ കൈവശമുണ്ടായിരുന്ന പിച്ചീട്ടുകുളത്തില്‍ അയിത്തജാതിക്കാര്‍ക്ക് ഇറങ്ങി കുളിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അയ്യന്‍കാളിയും കൂട്ടുകാരും വിലക്ക് ലംഘിച്ചുകൊണ്ട് മുങ്ങിക്കുളിച്ചു. സംഭവമറിഞ്ഞ ജന്മി പിതാവ് അയ്യനെ വിളിപ്പിച്ച് പരാതിപ്പെട്ടു. അയ്യന്‍ മകനെ കണക്കിനു ശകാരിച്ചു. അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മ മാല തടസ്സം നിന്നു. എന്നാല്‍, കൊച്ചുമകന്റെ ചോദ്യങ്ങള്‍ക്ക് പിതാവിനു മറുപടി പറയാന്‍ ഉണ്ടായിരുന്നില്ല.
ഒരു ദിവസം അയ്യന്‍കാളിയും കൂട്ടുകാരും പന്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ പന്ത് തെറിച്ച് ജന്‍മിയുടെ വീട്ടിലേക്കു ചെന്നുവീണു. ആ പന്തിലൂടെ അയിത്തം വീട്ടില്‍ ചെന്നുകയറിയെന്നായിരുന്നു ജന്‍മിയുടെ പരാതി. പരാതി കേട്ട അച്ഛന്‍ കലിപൂണ്ട് വീട്ടിലെത്തുകയും അയ്യന്‍കാളിയെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. ഈ പ്രഹരമേറ്റത് കാളിയുടെ മനസ്സിലായിരുന്നു.
അവിടം മുതല്‍ക്കാണ് അയ്യന്‍കാളി തന്റെ ജനസമുദായത്തിന്റെ ദുരിതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ഈ സാമൂഹിക അസമത്വങ്ങളെ തടയണമെങ്കില്‍ കായബലവും എന്തിനും പോന്ന ചെറുപ്പക്കാരും വേണം. ആ ചിന്തകളുടെ ഒടുവിലാണ് അയ്യന്‍കാളി സാമൂഹിക അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്. അയ്യന്‍കാളിയും കൂട്ടുകാരും ചേര്‍ന്ന് കളരിയഭ്യാസങ്ങള്‍ പഠിച്ചു. തെക്കന്‍ കളരിയിലും വടക്കന്‍ കളരിയിലും കായികാഭ്യാസങ്ങള്‍ പഠിച്ച ശേഷമാണ് അയ്യന്‍കാളി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായത്.
25ാം വയസ്സില്‍ അയ്യന്‍കാളി ഒരു വില്ലുവണ്ടി വാങ്ങി. സവര്‍ണര്‍ മാത്രം സഞ്ചരിക്കുന്ന അത്തരമൊരു വില്ലുവണ്ടി തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. വെങ്ങാനൂരിലെ റോഡുകളിലൂടെ അയ്യന്‍കാളി അന്നാദ്യമായി വില്ലുവണ്ടി ഓടിച്ചു. സവര്‍ണരെല്ലാം സ്തബ്ധരായി നിന്നുപോയി. നായന്‍മാര്‍ സംഘം ചേര്‍ന്ന് അയ്യന്‍കാളിയെയും സംഘത്തെയും മര്‍ദിച്ചു. അവര്‍ വീറോടെ മാടമ്പിമാരോട് ഏറ്റുമുട്ടി. പുലയയുവാക്കള്‍  ഒരാള്‍ പോലും ഓടാതെ നിന്നു തിരിച്ചടിച്ചപ്പോള്‍ പല സവര്‍ണ പ്രമാണിമാരും ജീവനും കൊേണ്ടാടി. അന്നുവരെ അവര്‍ണ ജാതികള്‍ക്ക് നിഷേധിച്ചിരുന്ന രാജപാതകളില്‍ പുലയര്‍ക്കും പറയര്‍ക്കും നടക്കാമെന്നായി.
ചട്ടമ്പിസ്വാമികള്‍ക്കും ശ്രീനാരായണഗുരുവിനും കഴിയാതിരുന്ന വഴിനടക്കാനുള്ള സഞ്ചാരസ്വാതന്ത്ര്യം അയ്യന്‍കാളി നേടുമ്പോള്‍ നാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിട്ടിരുന്നു. പതിതജനതയുടെ ജീവിതമാറ്റത്തിന്റെ വിജയം വില്ലുവണ്ടിയാത്രയിലൂടെ നേടിയെടുത്ത അയ്യന്‍കാളി 1899ല്‍ ബാലരാമപുരത്തിനടുത്ത് ആറാലുംമൂട് ചന്തയിലേക്കു യാത്രതിരിച്ചു.
പിന്നീടുള്ള ദിനങ്ങള്‍ അയ്യന്‍കാളിക്കും സംഘത്തിനും ഉറക്കമില്ലാത്ത ദിനരാത്രങ്ങളായിരുന്നു. പലേടത്തും സഞ്ചാരസ്വാതന്ത്ര്യം നേടുന്നതിനായി അവര്‍ണരില്‍ പെട്ടവര്‍ സവര്‍ണര്‍ക്കെതിരേ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. സവര്‍ണനും അവര്‍ണനും വെവ്വേറെ നീതിയെന്ന നിലപാടാണ് തിരുവിതാംകൂറിലെ രാജഭരണകൂടം കൈക്കൊണ്ടത്. ചെങ്കോലും കിരീടവും ശ്രീപത്മനാഭന് അടിയറവച്ചു ഭരണം നടത്തിയ രാജാക്കന്‍മാര്‍ രണ്ടു തരം നീതി നടപ്പാക്കിയത് മനുഷ്യാവകാശ ലംഘനമായിരുന്നു. തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്തതുകൊണ്ട് ആരും എതിര്‍ക്കാന്‍ ശ്രമിച്ചില്ല. പക്ഷേ, നീതികേടുകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അയ്യന്‍കാളിയുടെ തത്ത്വശാസ്ത്രം.
ഇക്കാലത്തൊന്നും പുലയന്റെയോ പറയന്റെയോ മക്കള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കിയിരുന്നില്ല. അയിത്തജാതി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കാതെ പരദേശി ബ്രാഹ്മണര്‍ക്കും നായര്‍ മാടമ്പിമാര്‍ക്കും ഒപ്പം രാജാവ് നിന്നത് എന്തു തരം നീതിയാണ്? വര്‍ഷത്തില്‍ 365 ദിവസവും സവര്‍ണര്‍ക്കും കുടുംബത്തിനും മൃഷ്ടാന്നം ഉണ്ടുറങ്ങി സുഖിക്കാന്‍ നെല്‍പ്പാടങ്ങളില്‍ കൃഷി ചെയ്ത ഒരു ജനതയുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിച്ചത്. അവര്‍ണ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ കൃഷിക്ക് ആളെ കിട്ടില്ലെന്നാണ് ഒരു തിരുവിതാംകൂര്‍ മഹാരാജാവിന്റെ കണ്ടെത്തല്‍.
അയ്യന്‍കാളി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് അവര്‍ണ ജാതിക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ണ കുട്ടികളെ പ്രവേശിപ്പിക്കാതെ സവര്‍ണര്‍ നിലയുറപ്പിച്ചപ്പോള്‍ 1904ല്‍ അവര്‍ണരുടെ കുട്ടികള്‍ക്കായി വെങ്ങാനൂരില്‍ ചണ്ടികൊച്ചപ്പിയുടെ വക 18 സെന്റ് സ്ഥലം ഒറ്റിവാങ്ങി സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം അയ്യന്‍കാളി നിര്‍മിച്ചു. അന്നു രാത്രി തന്നെ സവര്‍ണര്‍ കുടിപ്പള്ളിക്കൂടം തീവച്ചു നശിപ്പിച്ചു. അയ്യന്‍കാളി അവിടെ സ്‌കൂള്‍ പുനര്‍നിര്‍മിച്ചു. വീണ്ടും സവര്‍ണര്‍ തീവച്ചു. ഇത് പല തവണ ആവര്‍ത്തിച്ചപ്പോള്‍ അയ്യന്‍കാളിയും സംഘവും കാത്തിരുന്നു. രാത്രിയില്‍ സ്‌കൂളിനു തീവയ്ക്കാന്‍ പന്തവുമായെത്തിയ സവര്‍ണപ്രമാണിമാരെ നല്ലവണ്ണം കൈകാര്യം ചെയ്തതോടെ പിന്നീടാരും തീവയ്ക്കാന്‍ മുതിര്‍ന്നില്ല.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ണ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല; സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചാല്‍ അതു നിലനിര്‍ത്താന്‍ അനുവദിക്കുകയുമില്ല. എന്നാല്‍, ജന്‍മിമാര്‍ ഇനി ഭക്ഷണം കഴിക്കുന്നതൊന്നു കാണട്ടെയെന്നു പറഞ്ഞ് അയ്യന്‍കാളി 1904ന്റെ അവസാനത്തോടെ നെല്‍കൃഷിക്കാരെ വെങ്ങാനൂര്‍ തെക്കേവിളയ്ക്കു സമീപത്തെ നെല്‍കൃഷിപ്പാടത്തേക്കു വിളിച്ചുവരുത്തി ലോകചരിത്രത്തില്‍ ആദ്യമായി വിദ്യാഭ്യാസ അവകാശത്തിനായി കാര്‍ഷിക പണിമുടക്കു പ്രഖ്യാപിച്ചു. അതോടെ കാണായ നെല്‍പ്പാടത്തെല്ലാം കൃഷിപ്പണി നിലച്ചു.
ജന്മിമാര്‍ വശംകെട്ടു. കൃഷിപ്പണികള്‍ ചെയ്യിക്കാനായി 12 നായന്‍മാരെ ഇറക്കിയെങ്കിലും ഇറങ്ങിയതുപോലെ അവര്‍ കയറിപ്പോന്നു. പ്രശ്‌നം ഭരണതലത്തിലെത്തി. അന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കണ്ടലക്കാരന്‍ നാഗന്‍പിള്ളയെ ഒത്തുതീര്‍പ്പിനായുള്ള സ്‌പെഷ്യല്‍ ഓഫിസറായി ശ്രീമൂലം തിരുനാള്‍ മഹാരാജാവ് നിയമിച്ചു. അവര്‍ണ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്തിക്കൊണ്ടും നായന്‍മാരുടെ ചെയ്തികളെ വിമര്‍ശിച്ചുകൊണ്ടും 1907ല്‍ കാര്‍ഷിക സമരത്തിന് ഒത്തുതീര്‍പ്പുണ്ടാക്കി.
ഈ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഫലമായി അതേ വര്‍ഷംതന്നെ അവര്‍ണ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ പ്രവേശന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പക്ഷേ, സവര്‍ണ ഉദ്യോഗസ്ഥര്‍ ഉത്തരവ് പൂഴ്ത്തിവച്ച് ഈഴവകുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയാണ് ചെയ്തത്. 1910ല്‍ രണ്ടാമത്തെ വിദ്യാലയ പ്രവേശന ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
വിദ്യാഭ്യാസം കൊണ്ടേ അവര്‍ണ ജനതയ്ക്ക് ജീവിതനേട്ടം കൈവരിക്കാന്‍ കഴിയൂ എന്ന വിശ്വാസമാണ് അയ്യന്‍കാളി അവലംബിച്ചുപോന്നത്. അദ്ദേഹത്തിന്റെ ആ വിശ്വാസമാണ് ശരിയെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടു. എന്നാല്‍, വിദ്യ കൊണ്ട് വിജയം നേടിയ അവര്‍ണര്‍ സ്വന്തം ജനതയെത്തന്നെ തള്ളിപ്പറയുന്നവരും തള്ളിക്കളയുന്നവരുമായി മാറിപ്പോയത് വര്‍ഗഗുണമില്ലായ്മയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ല. അവര്‍ണജനത ആ വിദ്യാഭ്യാസം നേടാനായി അയ്യന്‍കാളിയെന്ന മഹാത്മാവ് സഹിച്ച ത്യാഗങ്ങള്‍ ചില്ലറയല്ല. അതെല്ലാം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക