|    Jan 19 Thu, 2017 6:20 pm
FLASH NEWS

നവരത്‌ന കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിഞ്ഞു; ജീവനക്കാര്‍ ആശങ്കയില്‍

Published : 9th October 2016 | Posted By: SMR

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: നവരത്‌ന കമ്പനിയായ ഭെല്‍-ഇഎംഎല്ലിനെ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിഞ്ഞു. ഇതോടെ സ്ഥാപനത്തിലെ 175 ജീവനക്കാര്‍ ആശങ്കയി ല്‍. 2011ലാണ് കേരള സര്‍ക്കാര്‍ സംരംഭമായിരുന്ന കമ്പാറിലെ കെല്‍ കമ്പനിയെ ബിഎച്ച്ഇഎംഎല്‍ കമ്പനിയില്‍ ലയിപ്പിച്ചത്. 51 ശതമാനം ഓഹരികള്‍ ഭെല്ലിനും 49 ശതമാനം ഓഹരികള്‍ കെല്ലിനുമായിരുന്നു. 2009ലാണ് ഇതുസംബന്ധിച്ച എംഒയുവില്‍ അന്നത്തെ സംസ്ഥാന വ്യവസായമന്ത്രിയായിരുന്ന എളമരം കരീം ഒപ്പുവച്ചത്.
1986ല്‍ സംസ്ഥാന വ്യവസായമന്ത്രിയായിരുന്ന ഇ അഹമ്മദാണ് കാസര്‍കോടിന്റെ സമഗ്ര വികസനത്തിനായി ഫാക്ടറി അനുവദിച്ചത്. 1990ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ് മൊഗ്രാല്‍പുത്തൂ ര്‍ പഞ്ചായത്തിലെ കമ്പാറില്‍ കെല്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തത്. ആള്‍ട്ടര്‍നേറ്ററുകളായിരുന്നു ഇവിടെ നിന്ന് ഉല്‍പാദിപ്പിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ കമ്പനി പ്രതിവര്‍ഷം അഞ്ചു കോടി രൂപവരെ ലാഭത്തിലായിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് നവരത്‌ന കമ്പനി ഇതിന്റെ ഓഹരി ഏറ്റെടുത്തത്. പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി, വിദേശകാര്യസഹമന്ത്രിയായിരുന്ന ഇ അഹമ്മദ്, പി കരുണാകരന്‍ എംപി, സംസ്ഥാന വ്യവസായമന്ത്രിയായിരുന്ന എളമരം കരീം എന്നിവര്‍ മുന്‍കൈയെടുത്താണ് ഫാക്ടറിയെ നവരത്‌ന കമ്പനിയില്‍ ലയിപ്പിച്ചത്.
കഴിഞ്ഞ ആഗസ്തില്‍ കേന്ദ്ര വ്യവസായമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് തങ്ങള്‍ ഇതില്‍ നിന്ന് ഒഴിയുന്നതായി കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ സപ്തംബറില്‍ കേന്ദ്രസര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. പത്തരകോടി രൂപയായിരുന്നു ഇതിന് ആദ്യം വില കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് അഞ്ചരകോടിയോളം രൂപയാണ് ഭെല്ലിന്റെ ആസ്തി. ബാക്കി സംസ്ഥാന സര്‍ക്കാരിന്റേതാണ്. 12 ഏക്ക ര്‍ സ്ഥലവും അനുബന്ധ കെട്ടിടങ്ങളും ഫാക്ടറിയും ഈ സ്ഥാപനത്തിനുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിക്ക് കൂടുതല്‍ മുതല്‍ മുടക്കാന്‍ നവരത്‌ന കമ്പനി തയ്യാറാവാതെ വന്നതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളവും വൈകി. ഈ മാസം ശമ്പളം വൈകിയാണു ലഭിച്ചത്. നവരത്‌ന കമ്പനി ഇതിന്റെ ഉത്തരവാദിത്തം ഒഴിഞ്ഞ സാഹചര്യത്തില്‍ കെല്‍ കമ്പനിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രക്ഷോഭത്തിലാണ്. ഇന്ന് കാസര്‍കോട്ടെത്തുന്ന വ്യവസായമന്ത്രി ഇ പി ജയരാജന് ഇതുസംബന്ധിച്ചു ജീവനക്കാര്‍ നിവേദനം നല്‍കും.
കമ്പനിയുടെ തുടര്‍പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംസ്ഥാനത്തുതന്നെ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍ ഫാക്ടറിയായിരുന്നു കാസര്‍കോട്ടേത്. മറ്റു ഫാക്ടറികള്‍ നഷ്ടത്തിലോടുമ്പോഴും ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന ആള്‍ട്ടര്‍നേറ്ററുകള്‍ക്ക് അന്താരാഷ്ട്രതലത്തിലും ഏറെ ആവശ്യക്കാരുണ്ടായിരുന്നു. 2006ലെ സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചാണ് ഫാക്ടറി നവരത്‌ന കമ്പനിക്ക് തീറെഴുതിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക