|    Jun 19 Tue, 2018 8:09 pm
FLASH NEWS

നവമാധ്യമ കൂട്ടായ്മയില്‍ അശ്വതിക്ക് മനം പോലെ മംഗല്യം

Published : 8th November 2016 | Posted By: SMR

പാലക്കാട്: നിര്‍ധന കുടുംബത്തിലെ  യുവതികളുടെ   വിവാഹസ്വപ്‌നം പൂവണിയിക്കാന്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് തുടക്കം കുറിച്ച വൈവാഹിക പദ്ധതിയായ “ദയ മംഗല്യദീപം “ മുഖേനയുള്ള ആദ്യവിവാഹം പരുത്തിപ്പുള്ളി മാരിയമ്മന്‍കോവിലില്‍ നടന്നു. പെരുങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കാവുതിയാം പറമ്പ് പരേതനായ അശോകന്റെ മകള്‍ അശ്വതിയുടെ വിവാഹമാണു ദയ ചാരിറ്റബിള്‍ ട്രസ്റ്റ്  ഏറ്റെടുത്ത് നടത്തിയത്. കൊല്ലങ്കോട് മൈലാപ്പുതറ  രാമദാസ് മകന്‍ സതീശാണ് അശ്വതിക്ക്  മിന്നുകെട്ടിയത്.അശ്വതിയുടെ  പിതാവ് അശോകന്‍ ആറുവര്‍ഷം മുമ്പ് അസുഖ ബാധിതനായി മരണത്തിനു കീഴടങ്ങിയിരുന്നു. അശ്വതിയെ ഉപേക്ഷിച്ചുപോയ, അമ്മയെക്കുറിച്ചുംനാളിതുവരെ വിവരമൊന്നുമില്ല. അന്നുമുതല്‍ പൂര്‍ണ അനാഥത്വത്തിലേക്ക് തള്ളിവിടാതെ അശ്വതിയെ സംരക്ഷിച്ചുവന്നത് ചെറിയച്ഛന്‍ ശെല്‍വനാണ്. വീടിനടുത്തുതന്നെ ഒരു പെട്ടിക്കട നടത്തി ഉപജീവനം നടത്തിവരുന്ന ശെല്‍വനു മറ്റു വരുമാനമാര്‍ഗങ്ങളൊന്നുമില്ല.  ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചതാണ് ഈ വിവാഹം. അന്നുമുതല്‍ തുടങ്ങിയതാണു ശെല്‍വന്റെ മനോവിഷമം. മംഗല്യദീപം പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ കാവുതിയാംപറമ്പിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ  ശിവരാമനാണു അശ്വതിയുടെ ദയനീയ സ്ഥിതി ദയയുടെശ്രദ്ധയില്‍ കൊണ്ടുവന്നത് .  അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹസദ്യയും ദയയാണ് ഒരുക്കിയത്. സോഷ്യല്‍മീഡിയ ഗുണഫലമാക്കി മൂന്നു ദയാഭവനങ്ങള്‍ ഉള്‍പ്പടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മയിലൂടെ നടത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, വാട്‌സ്ആപ് പോസ്റ്റുകളിലൂടെയും അംഗങ്ങള്‍ നല്‍കുന്ന സംഭാവനകളിലൂടെയുമാണ് ദയ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നത്. പരുത്തിപുള്ളി മാരിയമ്മന്‍ കോവിലില്‍ നടന്ന വിവാഹ  ചടങ്ങിന് സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ സാക്ഷികളായി.  മംഗല്യപന്തലില്‍ വച്ചു നടന്ന ഔപചാരിക യോഗം ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ ബി രമേഷ് ഉദ്ഘാടനം ചെയ്തു. ദയമംഗല്യദീപം കണ്‍വീനര്‍ മോഹനന്‍കരിയോടത് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം മോഹനന്‍,ദയട്രസ്റ്റി ശ്രീലതടീച്ചര്‍,ബമ്മണ്ണൂര്‍ സ്‌കൂള്‍ പ്രധാനഅധ്യാപിക രമണി ടീച്ചര്‍, അഡ്മിന്‍ പാനല്‍ അംഗം പുഷ്പരാജ്,മാധ്യമപ്രവര്‍ത്തകന്‍ സമദ് കല്ലടിക്കോട് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss