|    Jun 19 Tue, 2018 4:17 pm
FLASH NEWS

നവജാത ശിശുവിന്റെ മരണം മര്‍ദ്ദനം മൂലമല്ലെന്ന് പ്രാഥമിക നിഗമനം

Published : 17th January 2017 | Posted By: fsq

 

ആര്‍പ്പൂക്കര: നവജാത ശിശുവിന്റെ മരണം മര്‍ദ്ദനം മൂലമല്ലെന്ന് പ്രാഥമിക നിഗമനം. ആദിവാസി യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ 14 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് പരിക്കേറ്റിരുന്നെന്ന് സംശയിച്ചിരുന്നു. നവജാത ശിശു ഞായറാഴ്ച രാത്രി 8.30ന് മരണപ്പെട്ടു. തുടര്‍ന്ന് ഇന്നലെ അടിമാലി സിഐ പി എ യൂനുസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണ കാരണം എന്തെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പ്രാഥമിക നിഗമനത്തില്‍ കുട്ടിക്കു പരിക്കേറ്റതായി ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ വളര്‍ച്ചയെത്താത്തതാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി സിഐ യൂനുസ് പറഞ്ഞു. അതേ സമയം ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തിനു വിധേയയായ യുവതി അടിമാലി വാളറ പാട്ടയിടമ്പ് ആദിവാസി കോളനിയിലെ വിമലയെ (28) മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റി. സര്‍ജറി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ വിമലയെ ഇന്നലെ രാവിലെ ഡയാലിസിസിനായി കൊണ്ടുപോവാന്‍ പുറത്തേക്ക് ഇറക്കി. ഈ സമയം കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് രാവിലെ 11ന് നെഫ്രോളജി മേധാവി ഡോ. കെ പി ജയകുമാറിന്റെയും ആര്‍എഒ ഡോ. രഞ്ചിന്റെയും നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമെത്തി വിദഗ്ധ പരിശോധനക്കുശേഷം ഇവരുടെ നേതൃത്വത്തില്‍ തന്നെ വിമലയെ ഡയാലിസ് മുറിയില്‍ കൊണ്ടുപോയി ഡയാലിസിസിനു വിധേയമാക്കി. മസിലിനും ക്ഷതമേറ്റതാണ് വൃക്കകള്‍ തകരാറിലാവാന്‍ കാരണമെന്നും ശരീരത്തിനേറ്റ അടിയുടെ ആഘാതംമൂലം ഹൃദയത്തിനും ക്ഷതമേറ്റിരിക്കാമെന്നും കൂടാതെ അനീമിയ ബാധിച്ചിട്ടുണ്ടെന്നും ഡോ. കെ പി ജയകുമാര്‍ പറഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റതിന്റെ മുറിവുകളും ഒഴിവുകളും ഉള്ളതിനാല്‍ അസ്ഥിരോഗം ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, മെഡിസിന്‍, നെഫ്രോളജി തുടങ്ങി വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ യുവതിയുടെ ആരോഗ്യനില വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എംഒ ഡോ. ആര്‍ പി രഞ്ചിന്‍ പറഞ്ഞു. ഏറ്റവും മെച്ചപ്പെട്ടരീതിയില്‍ എല്ലാ ഡോക്ടര്‍മാരുടേയും സേവനം ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇവരെ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss