|    Dec 13 Thu, 2018 7:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

Published : 3rd June 2018 | Posted By: kasim kzm

കൊച്ചി: പ്രസവിച്ച് രണ്ടു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉപേക്ഷിച്ച കടന്നുകളഞ്ഞ മാതാപിതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി നിലവുങ്കല്‍ വീട്ടില്‍ ബിറ്റോ (32), ഭാര്യ പ്രവിത (30) എന്നിവരെയാണ് എറണാകുളം എളമക്കര പോലിസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. അങ്കമാലി പാദുവാപുരം സിസ്റ്റേഴ്‌സ് ഓഫ് നസറേത്ത് ശിശുഭവനിലേക്ക് കുട്ടിയെ മാറ്റി.
നിലവില്‍ മൂന്നു കുട്ടികളുണ്ടെന്നും നാലാമത്തെ കുട്ടി ജനിക്കുന്ന സാഹചര്യത്തില്‍ സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അസഹ്യമായ കളിയാക്കല്‍ സഹിക്കേണ്ട സാഹചര്യം ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ പോലിസിനോടും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോടും പറഞ്ഞത്. മറ്റു മൂന്നു കുട്ടികളും തമ്മില്‍ നേരിയ പ്രായവ്യത്യാസം മാത്രമാണുള്ളത്. നാലാമതും ഗര്‍ഭിണിയായ വിവരം പ്രവിതയും ബിറ്റോയും ബന്ധുക്കളില്‍ നിന്നു മറച്ചുവച്ചിരുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തി പ്രസവിച്ച ശേഷം ഡിസ്ചാര്‍ജ് ആകുന്നതിനു മുമ്പ് ഇരുവരും ആശുപത്രിയില്‍ നിന്നു മുങ്ങി. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിയ ശേഷം പള്ളിയോട് ചേര്‍ന്ന് കുമ്പസാരം നടക്കുന്ന ഹാളില്‍ കുട്ടിയെ കിടത്തിയ ശേഷം തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്. പോലിസ് ഹാളിലെത്തി സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവര്‍ക്കൊപ്പം മൂന്നു വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ഇതിന് ഏതാനും മിനിറ്റുകള്‍ക്കു ശേഷം ഇതേ യുവാവ് കൈക്കുഞ്ഞുമായി ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയില്‍ കിടത്തി വേഗത്തില്‍ മറയുകയായിരുന്നു. കുഞ്ഞിനെ ചുംബിച്ചതിനു ശേഷമാണ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അതുകൊണ്ടുതന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പോലിസ് കണക്കുകൂട്ടിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വ്യാപിച്ചതോടെ ഇവര്‍ വടക്കാഞ്ചേരിയിലുള്ളവരാണെന്ന് തിരിച്ചറിഞ്ഞ തൃശൂര്‍ സ്വദേശി പോലിസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ എട്ടോടെ എളമക്കര പോലിസ് സംഘം വടക്കാഞ്ചേരിയിലെ ബിറ്റോയുടെ വീട്ടിലെത്തി പിടികൂടി തുടര്‍ന്ന് രാവിലെ 11ഓടെ എളമക്കര സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടയില്‍ വെള്ളിയാഴ്ച രാത്രി തന്നെ കുട്ടിയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ ആശുപത്രിയില്‍ എത്തി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നു വ്യക്തമായതോടെ ഉച്ചയ്ക്കു ശേഷം കുട്ടിയെ അങ്കമാലി പാദുവാപുരം സിസ്റ്റേഴ്‌സ് ഓഫ് നസറേത്ത് ശിശുഭവനിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിനെ ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അപ്പോഴത്തെ മാനസികാവസ്ഥയില്‍ ചെയ്തുപോയതാണെന്നുമാണ് ബിറ്റോയും പ്രവിതയും ഇപ്പോള്‍ പറയുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ ബി സൈന തേജസിനോട് പറഞ്ഞു. നാളെ ഇവരോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനു ശേഷം മാത്രമേ കുട്ടിയെ ഇവര്‍ക്ക് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്നും കെ ബി സൈന പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss