|    Jan 18 Wed, 2017 9:34 pm
FLASH NEWS

നവജാതശിശുവിന് പുനര്‍ജന്മം

Published : 10th August 2016 | Posted By: SMR

ആലപ്പുഴ: 500 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന നവജാതശിശുവിനെ തീവ്രപരിചരണത്തിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി കിന്‍ഡര്‍ വുമന്‍സ് ആശുപത്രി അധികൃതര്‍. 77 ദിവസത്തെ പരിചരണത്തിനൊടുവിലാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മനു ജോണിന്റെയും ബെറ്റിയുടെയും പെണ്‍കുഞ്ഞിന് പുനര്‍ജന്മം ലഭ്യമായത്. 1,800 ഗ്രാം ഭാരവുമായി പൂര്‍ണ ആരോഗ്യത്തോടെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്.
അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദമ്പതികള്‍ക്ക് കഴിഞ്ഞ മെയ് 17ന് കുഞ്ഞ് പിറന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞിന് ശ്വാസകോശത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാവാത്തത് മരണകാരണമാവുമെന്ന് ഭയന്നിരുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ ശ്വാസകോശ വളര്‍ച്ചയ്ക്കുവേണ്ടി കുത്തിവയ്പ് നല്‍കി. തലച്ചോറിനുണ്ടാവുന്ന തകരാറുകള്‍ പരിഹരിക്കാനും മുന്‍കരുതലെടുത്തു. നൂതന സാങ്കേതികവിദ്യയില്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് 25ാം ആഴ്ചയില്‍ പ്രസവം നടന്നത്.
എന്‍ഐസിയുവില്‍ വെന്റിലേറ്ററില്ലാതെ സിപാപ് ഉപകരണത്തിന്റെ സഹായത്തോടെ ശ്വസനപ്രക്രിയയും ശരീരോഷ്മാവും ക്രമീകരിച്ചു. ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള മരുന്നുകളും പോഷകാഹാരങ്ങളും പൊക്കിള്‍ക്കൊടിയിലൂടെയാണു നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാധാരണരീതിയിലുള്ള ശ്വാസോച്ഛ്വാസം സാധ്യമാക്കുകയും മറ്റ് പരിശോധനകള്‍ നടത്തുകയും ചെയ്തു. എന്‍ഐസിയു ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കുഞ്ഞിനെ സാധാരണനിലയിലെത്തിക്കാന്‍ കഴിഞ്ഞത്. ഗര്‍ഭാവസ്ഥയിലിരിക്കേണ്ട 34ാം ആഴ്ചയില്‍ കുഞ്ഞ് സ്വന്തം പാല്‍ കുടിക്കുകയും സ്വതന്ത്രമായി ശ്വസിക്കുകയും ചെയ്യുന്ന പ്രത്യേകതയും ഇവിടെ സംഭവിച്ചു. വൈദ്യശാസ്ത്രത്തിലെ തന്നെ അപൂര്‍വനേട്ടങ്ങളിലൊന്നാണ് ഇതെന്നും ദമ്പതികള്‍ പൂര്‍ണ പിന്തുണ നല്‍കിയത് സഹായകമായെന്നും ഡോക്ടര്‍മാരായ ജോസഫ്, ആനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക