|    Nov 14 Wed, 2018 2:04 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നവകേരള വോട്ടുരാഷ്ട്രീയം അരങ്ങില്‍

Published : 31st August 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു
രാഷ്ട്രീയപ്രവര്‍ത്തനം തമാശയല്ല; കുട്ടിക്കളിയുമല്ല. അതിനൊരു വലിയ ലക്ഷ്യമുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം അധികാരം നേടുകയാണല്ലോ. നേടിയ അധികാരം സംരക്ഷിക്കണം. വീണ്ടും അധികാരത്തിലെത്തണം. വാസ്തവത്തില്‍ അധികാരത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലാണ് രാഷ്ട്രീയപ്രവര്‍ത്തനം. അതിനായി ജനങ്ങളുടെ- അതായത് സമ്മതിദായകരുടെ- വിശ്വാസം നേടണം. അവരുടെ കണ്ണീരൊപ്പണം. അവരുടെ സ്വപ്‌നങ്ങള്‍ പൂവണിയിക്കണം. ഈ മൂന്നു ഘടകങ്ങളും ഉണ്ടെങ്കിലേ രാഷ്ട്രീയപ്രസ്ഥാനത്തിനു മുന്നേറാന്‍ കഴിയുകയുള്ളൂ. അതു സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നവര്‍ക്കാണ് വിജയം.
രാഷ്ട്രീയത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമാണ്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഉണ്ടാവുകയും ചെയ്യും. രാഷ്ട്രീയ ഭാഗ്യമെന്നത് ലോട്ടറി അടിക്കുന്നതുപോലെ തന്നെ! എപ്പോഴാണ് ഭാഗ്യം വരുക എന്നറിയില്ല. വന്നുവീഴുന്ന ഭാഗ്യം തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനായി മാറ്റാന്‍ സാധിക്കണം. പച്ചയ്ക്കുപറഞ്ഞാല്‍ വോട്ടുവേട്ടയ്ക്കുള്ള കാരണമാവണം. എന്താണ്, ഏതാണ് രാഷ്ട്രീയഭാഗ്യമെന്നു മുന്‍കൂട്ടി പറയാന്‍ നിവൃത്തിയില്ല. അതും എപ്പോഴാണ് വരുകയെന്നറിയില്ല.
ദുരന്തങ്ങളാണ് പ്രധാനം. ദുരന്തങ്ങള്‍ സങ്കടമാണ്. രാഷ്ട്രീയക്കാരെ സംബന്ധിച്ച് സങ്കടം ഭാഗ്യമാണ്. ഉദാഹരണത്തിന്, ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കൊലപാതകം ഇന്ത്യയുടെ ദുരന്തമായിരുന്നു. അതിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. ഇതേപോലെ ദേശീയതലത്തിലും സംസ്ഥാന- ജില്ലാ- പ്രാദേശിക തലങ്ങളിലുമുണ്ടായ പല പല ദുരന്തങ്ങളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കിയതായി മനസ്സിലാക്കാം. ഒരു ദുരന്തമുണ്ടാവുമ്പോള്‍ ഭരണകക്ഷിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും ഒരേപോലെ ഭാഗ്യമാണ് വീണുകിട്ടുന്നത്. ദുരന്തത്തെ അതിജീവിക്കാന്‍ നടപടികള്‍ കൈക്കൊണ്ട് ജനങ്ങളെ സ്വാധീനിക്കാന്‍ ഭരണത്തിലുള്ളവര്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെ പരിശ്രമിക്കും. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം തുറന്നുകാണിച്ച് ജനങ്ങളുടെ രോഷം മുതലാക്കാന്‍ പ്രതിപക്ഷം പതിനെട്ടടവുകളും പയറ്റും.
കേരളത്തില്‍ ഇപ്പോഴുണ്ടായ സമാനതകളില്ലാത്ത പ്രളയദുരന്തത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ദുരന്തം നേരിടുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വിജയിച്ചു എന്നു ഭരണപക്ഷം. വീഴ്ചകളുണ്ടായി എന്നും സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിരുന്നുവെങ്കില്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷം. എല്ലാം കാണുന്ന വോട്ടര്‍മാര്‍ ആരു പറയുന്നതാണു ശരിയെന്ന് തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തീരുമാനിക്കും. കേരള സര്‍ക്കാര്‍ പതറിപ്പോവാതെ പ്രവര്‍ത്തിച്ചുവെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ കഴിവു തെളിയിച്ചിട്ടുണ്ട്. ജനലക്ഷങ്ങള്‍ വെള്ളത്തില്‍ മുങ്ങിനിന്നപ്പോള്‍ പ്രതിപക്ഷവും ഒറ്റക്കെട്ടായി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുമിച്ചു നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ജനങ്ങളില്‍ മതിപ്പുണ്ടാക്കുകയും ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മാണ മുന്നൊരുക്കങ്ങളിലും രാഷ്ട്രീയം ഒളിഞ്ഞുകിടക്കുന്നതായി കാണാം. ഇതു സ്വാഭാവികമാണ്. ഇവിടെ പൊതുലക്ഷ്യത്തിനും പൊതുവായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും പ്രസക്തിയുണ്ടാവില്ല. അതു പ്രതീക്ഷിക്കുന്നതില്‍ കാര്യവുമില്ല. വോട്ടര്‍മാരുടെ മനസ്സ് ഇളക്കലാണ് ഇവിടെ പ്രധാനം. അതു ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ചായ്ക്കാനുള്ള ശ്രമമാണു നടക്കുക.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ഫണ്ട് നല്‍കാത്തതിനു പിന്നിലും രാഷ്ട്രീയമാണ്. എത്ര വാരിക്കോരി കൊടുത്താലും കേരളത്തില്‍ നിന്നു സമീപകാലത്തൊന്നും ഒരു എംപിയെ ജയിപ്പിച്ചെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ചെറിയൊരു ദുരന്തമുണ്ടായാല്‍ ഓടിയെത്താറുള്ള ബിജെപി പ്രസിഡന്റ് അമിത് ഷാ ഇങ്ങോട്ടു തിരിഞ്ഞുനോക്കാതിരുന്നത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഫണ്ട് വര്‍ധിപ്പിക്കാന്‍ ഭരണകക്ഷി ശ്രമിക്കുന്നതും പ്രതിപക്ഷം അതില്‍ താല്‍പര്യം കാണിക്കാത്തതും രാഷ്ട്രീയം തന്നെ. ആ ഫണ്ടില്‍ നിന്ന് ആനുകൂല്യം കൊടുക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ജനസമ്മതിയുണ്ടാവും; അതിന്റെ ഗുണം സര്‍ക്കാരിനു ലഭിക്കും. അതൊന്നും തടയാനാവില്ല. ഇതുപോലെ തന്നെയാണ് നവകേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളും. പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയത് നവകേരള രാഷ്ട്രീയയാത്രയാണെങ്കില്‍ ഭരണപക്ഷത്ത് ഇരിക്കുമ്പോള്‍ നവകേരള അധികാര രാഷ്ട്രീയമാണ്. ഫലത്തില്‍ വോട്ടുരാഷ്ട്രീയം. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss