|    Aug 17 Thu, 2017 11:38 am
FLASH NEWS

നവകേരള മിഷന്‍; ഹരിതകേരള വിളംബര ദിനം അഞ്ചിന്

Published : 1st December 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള മിഷന്റെ ഭാഗമായ ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ എട്ടിന് ജില്ലയില്‍ ഉടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഈ മാസം അഞ്ചിന് ഹരിതകേരള വിളംബര ദിനമായി ആചരിക്കും. ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് അന്തിമരൂപം നല്‍കും. ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിസര ശുചിത്വം, തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കല്‍ എന്നിവയ്ക്ക് എട്ടിന് തുടക്കമാകും. തദ്ദേശഭരണസ്ഥാപനങ്ങള്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും നടപടികള്‍ സ്വീകരിക്കും. ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ജില്ലയില്‍ അത് ഉപയോഗിക്കുന്നതായുള്ള പരാതി പരിഗണിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മാലിന്യം കുന്നുകൂടി കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയും പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ശുചീകരിച്ച് ആ പ്രദേശം സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എട്ടിന് തുടക്കമാകും. പൊതുകിണറുകള്‍, കുളങ്ങ ള്‍, തോടുകള്‍, അരുവികള്‍ എന്നിവ ശുചീകരിക്കും. കാഞ്ഞങ്ങാട് നഗരസഭയിലെ കാരാട്ട്‌വയല്‍, നീലേശ്വരം നഗരസഭയിലെ പാലായി എന്നിവിടങ്ങളില്‍ കൃഷി ആരംഭിക്കും. എട്ടിന് നീലേശ്വരം ചിറ ശുചീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക