|    Mar 24 Sat, 2018 5:45 pm
FLASH NEWS

നവകേരളമിഷന്‍ പദ്ധതികള്‍ മാതൃകാപരമായി നടപ്പാക്കും

Published : 22nd November 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളമിഷന്‍ പദ്ധതികള്‍ ജില്ലയില്‍ എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ്മയോടെ ഒറ്റക്കെട്ടായി മാതൃകാപരമായി നടപ്പിലാക്കാന്‍ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. സമ്പൂര്‍ണ്ണ പാര്‍പ്പിടസുരക്ഷാ പദ്ധതി, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍, സമഗ്രവിദ്യാഭ്യാസ പുരോഗതിക്കുളള പ്രവര്‍ത്തനങ്ങള്‍, ഹരിതകേരളം പദ്ധതികള്‍, തൃതല പഞ്ചായത്തുകളുടെയും സന്നദ്ധസംഘടനകളുടെയും സര്‍ക്കാര്‍ സര്‍ക്കാരേതര ഏജന്‍സികളുടെയും സഹകരണത്തോടെ നടപ്പാക്കും. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചയത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണസമിതി സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു നവകേരള മിഷന്‍ പദ്ധതികളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി. പുതിയ കേരളത്തിന്റെ പിറവിക്ക് ഉപകരിക്കുന്ന നവകേരളമിഷന്‍  യാഥാര്‍ത്ഥ്യമാക്കാന്‍ പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന്  എം എല്‍ എ മാരായ പി ബി അബ്ദുല്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍ എന്നിവര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ പദ്ധതി മാതൃകാപരമായി നടപ്പിലാക്കാന്‍ കഴിയും. തരിശ്‌നിലങ്ങളെ കൃഷിയോഗ്യമാക്കുന്നതിന് കുടിവെളളക്ഷാമം പരിഹരിക്കുന്നതിനുളള പദ്ധതികള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും പ്രത്യേക പരിഗണന നല്‍കണം. ഡിസംബര്‍ എട്ടിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹസമ്പര്‍ക്കപരിപാടി നടത്തും. കുടുംബശ്രീ, കോളജ് യൂണിറ്റുകളിലെ എന്‍ എസ് എസ്, എന്‍ സി സി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുക. മാലിന്യസംഭരണ കേന്ദ്രങ്ങള്‍ ശുചീകരിക്കും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും  കിണറുകള്‍ അണുവിമുക്തമാക്കുന്ന പരിപാടിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വീടുകളില്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും ആവശ്യക്കാര്‍ക്ക് സൗജന്യമായി സംഭരിച്ച് നല്‍കും. എല്ലാ ഗ്രാമ,നഗര പ്രദേശങ്ങളിലും  ഇതിനുളള സംവിധാനമൊരുക്കും.  പ്ലാസ്റ്റിക് കാരിബാഗ് ഹോളിഡെ ആയി  ഡിസംബര്‍ എട്ട് ആചരിക്കും. നഗരപ്രദേശങ്ങളില്‍ സൗന്ദര്യവല്‍ക്കരണത്തിനും അന്ന് തുടക്കമാകും. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് പേനകളും പ്ലാസ്റ്റിക് കുപ്പികയളും ശേഖരിച്ച് കുട്ടികള്‍ വിദ്യാലയങ്ങളിലെത്തിക്കും. സമ്പൂര്‍ണ്ണസാക്ഷരതാ പ്രവര്‍ത്തനത്തിനും ജനകീയാസൂത്രണ പ്രവര്‍ത്തനത്തിനും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പിന്തുണ നവകേരളമിഷനിലും സര്‍ക്കാര്‍ ഉറപ്പുവരുത്തും. നഗരസഭാ ചെയര്‍മാന്‍മാരുടെ ചേമ്പര്‍ പ്രസിഡണ്ട് കൂടിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സബ്കളക്ടര്‍ മൃണ്‍മയി ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ  മുഹമ്മദ് കുഞ്ഞി ചായിന്റടി, പി രാജന്‍, ഓമനാ രാമചന്ദ്രന്‍, എം ഗൗരി, എ കെ എം അഷ്‌റഫ്, വി പി ജാനകി എന്നിവരും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും സെക്രട്ടറിമാരും നിര്‍വ്വഹണ  ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ എം സുരേഷ് സ്വാഗതം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss