|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നവകേരളത്തിലേക്ക് ഒരു ചുവടുവയ്പ്

Published : 1st November 2018 | Posted By: kasim kzm

പിണറായി വിജയന്‍ (കേരള മുഖ്യമന്ത്രി)

കേരളം 62ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരള ജനതയെ ഇണക്കിനിര്‍ത്തുന്ന പ്രധാന ഘടകം മലയാള ഭാഷയാണ്. കേരളീയരുടെ എല്ലാ സാമൂഹിക മണ്ഡലങ്ങളിലും മലയാള ഭാഷാവ്യാപനം സാധ്യമാകേണ്ടതുണ്ട്. അതിനുതകുന്ന നടപടികളാണ് ഇഎംഎസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ട ആദ്യ സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഭാഷയുടെ വികസനവും ഭരണഭാഷാ വ്യാപനവും പരസ്പരപൂരകമാണ്. മലയാള ഭാഷയുടെ നിലനില്‍പിനായി അടിസ്ഥാനപരമായ ഒരു നിയമനിര്‍മാണം നടത്തിയ സന്തോഷത്തിലാണ് കേരള സര്‍ക്കാര്‍. ഐക്യകേരളപ്പിറവിയെ തുടര്‍ന്ന് നിലവില്‍ വന്ന സര്‍ക്കാരുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ അഭിവൃദ്ധി കൈവരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നില്ല. ആ കുറവ് പരിഹരിക്കാന്‍ വേണ്ടിയാണ് 2017ല്‍ മലയാള ഭാഷാപഠന ആക്റ്റ് പാസാക്കിയത്.
മാതൃഭാഷ പഠിക്കാതെ ബിരുദമെടുക്കാന്‍ കഴിയുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിന് സഹായകരമായ പല നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്‍ത്ത് ഭരണമലയാളം എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷ, മലയാളം കംപ്യൂട്ടിങ് എന്നിവയില്‍ പരിശീലനം ലഭ്യമാക്കുന്നുണ്ട്.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുണ്ടെങ്കിലും ഭാഷാകാര്യങ്ങളില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മലയാള ഭാഷയുടെ സമ്പത്തായ ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുകയും വേണം. കേരളത്തില്‍ പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ലക്ഷക്കണക്കിന് താളിയോലകള്‍ ഡിജിറ്റൈസ് ചെയ്ത് ലിപിമാറ്റം നടത്തി ലഭ്യമാക്കേണ്ടതുണ്ട്. ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കണം, മലയാള ഭാഷാപഠനം വ്യാപിപ്പിക്കണം, കേരളത്തില്‍ ഹൈക്കോടതിക്കു കീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കണം- ഇത്തരത്തിലുള്ള നിരവധി നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.
കേരളം ഇന്ന് പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തിലാണ്. സമാനതകളില്ലാത്ത പ്രളയത്തെ സാഹോദര്യം, ഒരുമ, സഹവര്‍ത്തിത്വം എന്നിവയാല്‍ ആത്മാഭിമാനത്തോടെ അതിജീവിച്ച നാം നവകേരള നിര്‍മിതിക്ക് സാക്ഷ്യം വഹിക്കുകയാണ്. ‘കേരള വികസന മാതൃക’ കൊണ്ട് ലോകശ്രദ്ധ ആര്‍ജിച്ച നാം ഇപ്പോള്‍ അതിജീവനത്തിന്റെ പുതിയ മാതൃക ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ്. അതിന്റെ അടുത്തപടിയെന്നോണം ‘കേരള പുനര്‍നിര്‍മാണ മാതൃക’ ലോകത്തിനു മുമ്പാകെ കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ് നാം.
ദേശീയ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരമേ കേരളത്തിനു നഷ്ടപരിഹാരം ചോദിക്കാനാകൂ. അവര്‍ ഓരോന്നിനും ഇത്രയെന്നു കണക്കാക്കിവച്ചിട്ടുണ്ട്. അതാകട്ടെ യഥാര്‍ഥ നഷ്ടത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേയാകുന്നുള്ളൂ. ആ മാനദണ്ഡപ്രകാരം നോക്കിയാല്‍ കേരളത്തിനു 4796 കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ ചോദിക്കാന്‍ അവകാശമുള്ളൂ. എന്നാല്‍, യഥാര്‍ഥ നഷ്ടം ഇതിന്റെ എത്രയോ മടങ്ങാണ്. സംസ്ഥാന ഏജന്‍സികളും ലോകബാങ്ക്, എഡിബി, യുഎന്‍ ഏജന്‍സികളും ഒക്കെ നടത്തിയ പഠനങ്ങളിലും തയ്യാറാക്കിയ എസ്റ്റിമേറ്റുകളിലും തെളിഞ്ഞുവരുന്നത് യഥാര്‍ഥ നഷ്ടം 31,000 കോടി രൂപയുടേതാണ് എന്നാണ്. കേരളത്തിന്റെ ഒരു വര്‍ഷത്തെ പദ്ധതിച്ചെലവിനേക്കാള്‍ വലിയ സംഖ്യയാണിത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി സഹായമുണ്ടാകുന്നുണ്ട്. തുക 2000 കോടി കടന്നു. എന്നാല്‍, ഇതിനകമുള്ള കമ്മിറ്റ്‌മെന്റിനു തന്നെ ഇതിലേറെ വേണ്ടിവന്നു എന്നതാണ് സത്യം. 6,65,006 പേര്‍ക്ക് 10,000 രൂപയുടെ അടിയന്തര സഹായം നല്‍കിയപ്പോള്‍ തന്നെ 66 കോടി കഴിഞ്ഞു.
കേന്ദ്രനിയമപ്രകാരം ഭവനനിര്‍മാണത്തിനും മറ്റുമായി 105 കോടിയേ കേരളത്തിനു ചോദിക്കാനാവൂ. എന്നാല്‍, 5659 കോടിയുടേതാണ് നഷ്ടം. വിദ്യാഭ്യാസരംഗത്ത് 8 കോടിയേ ചോദിക്കാനാകൂ. 214 കോടിയുടേതാണ് നഷ്ടം. കാര്‍ഷിക-മത്സ്യബന്ധന മേഖലയില്‍ 45 കോടിയേ ചോദിക്കാനാകൂ. 4499 കോടിയാണ് നഷ്ടം. റോഡ്-പാലം നിര്‍മാണത്തിനായി 192 കോടിയേ ചോദിക്കാനാകൂ. 8554 കോടി രൂപയുടേതാണ് നഷ്ടം. വൈദ്യുതിരംഗത്ത് 85 കോടിയേ ചോദിക്കാനാകൂ. 353 കോടിയുടേതാണ് നഷ്ടം. ജലസേചനരംഗത്ത് 536 കോടിയേ ചോദിക്കാനാകൂ. 1484 കോടിയുടേതാണ് നഷ്ടം.
8800 കിലോമീറ്റര്‍ പിഡബ്ല്യൂഡി റോഡ് യാത്രായോഗ്യമല്ലാതായി. ഇതിനുതന്നെ 10,000 കോടി ചെലവുവരും. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം ഒരു കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. ഇതുകൊണ്ട് റോഡ് പുനഃസ്ഥാപിക്കാന്‍ പറ്റില്ല. റോഡ് അപ്പാടെ ഇല്ലാതായ ഇടങ്ങളുണ്ട്. റോഡ് കെട്ടാന്‍ വേണ്ട ഭൂമി പോലുമില്ല എന്നര്‍ഥം. കിലോമീറ്ററിന് രണ്ടു കോടിയില്‍ കൂടുതല്‍ ആവശ്യമായിവരുന്നിടത്താണ് ഒരു ലക്ഷം രൂപ. ഗ്രാമീണറോഡുകള്‍ക്കാണെങ്കില്‍ മാനദണ്ഡപ്രകാരം 60,000 രൂപയേ കിട്ടൂ. വേണ്ടത് 60 ലക്ഷമാണ്. അനുവദിക്കുന്നതിന്റെ 60 ഇരട്ടി വേണമെന്ന് അര്‍ഥം.
തകര്‍ന്നുപോയ വീടിന് 95,000 രൂപയാണ് മാനദണ്ഡപ്രകാരം നല്‍കാവുന്നത്. നാലു ലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നാണ് സംസ്ഥാനം നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുപോലും വീട് തീരില്ല എന്നതാണ് സത്യം. മാനദണ്ഡവും യഥാര്‍ഥ ആവശ്യവും തമ്മില്‍ വലിയ അന്തരമുള്ള നിലയാണുള്ളത്. ഇതുകൊണ്ടാണ് 26,000 കോടി രൂപയുടേതെങ്കിലും അധിക ധനസമാഹരണം നടത്തിയാലേ കേരളത്തിന്റെ പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാവൂ എന്നു പറയുന്നത്. കേവലം പൂര്‍വാവസ്ഥയില്‍ എത്തുക എന്നതിനപ്പുറം ദുരന്തങ്ങള്‍ക്ക് തകര്‍ക്കാനാകാത്ത വിധത്തിലുള്ള ഒരു കേരളത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതിനാണ് നാം ഊന്നല്‍ നല്‍കുന്നത്.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് അനുയോജ്യവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്രതലത്തില്‍ പ്രഗല്‍ഭരായവരെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കുകയാണ്. അതിന്റെ ഭാഗമായി കാലവര്‍ഷക്കെടുതിയുടെ ഫലമായി കേരളത്തിന്റെ ജൈവവൈവിധ്യ മേഖലയിലുണ്ടായ ആഘാതം പഠിക്കാന്‍ സമിതിയെ നിയമിച്ചിട്ടുണ്ട്. കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെയുള്ള പ്രദേശമാണ് നെതര്‍ലന്‍ഡ്‌സ്. അതുകൊണ്ടുതന്നെ കുട്ടനാടിന്റെ പുനര്‍നിര്‍മാണത്തിന് അവരുടെ കൂടെ വൈദഗ്ധ്യം നാം പ്രയോജനപ്പെടുത്തുകയാണ്. ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുയോജ്യമായ പുത്തന്‍ ഉപജീവന സാധ്യതകള്‍ കണ്ടെത്താന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ പങ്കാളിത്തമുള്ള ലൈവ്‌ലിഹുഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയാണ്. ഇത്തരത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിഭവങ്ങളും അറിവുകളും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി ലഭ്യമാക്കുകയാണ് നാം.
ഒരുമയോടെ നാം അതിജീവിച്ചെങ്കില്‍ ഒരുമയോടെ നമുക്ക് പുനര്‍നിര്‍മിക്കാനും കഴിയും. അതിനുതകുന്ന വിധത്തില്‍ ബഹുജന പങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം തുടക്കം കുറിച്ചിരിക്കുന്നത്. അത്തരത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി കമ്പനികള്‍ക്കും സംഘങ്ങള്‍ക്കും ഒക്കെ സഹകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം ഏര്‍പ്പെടുത്തിയിരിക്കുകയാണ് നാം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഉതകുന്ന നൂതന ആശയങ്ങള്‍ ജനങ്ങളില്‍ നിന്ന് ശേഖരിക്കാന്‍ ഐഡിയ ഹണ്ട്, ഐഡിയ എക്‌സ്‌ചേഞ്ച്, ഹാക്കത്തോണ്‍ തുടങ്ങിയ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തീര്‍ത്തും ജനകീയമായ രീതിയില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണം സാധ്യമാക്കുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss