|    May 22 Tue, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള തുടക്കമെന്ന് മുഖ്യമന്ത്രി

Published : 11th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ തളച്ചിടാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് നവകേരള മിഷന്‍ പദ്ധതികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുജനങ്ങളുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാവും പദ്ധതികള്‍ നടപ്പാക്കുക. നവകേരള മിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും കാലാനുസൃതമായി അവ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ശരിയായ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനം നടക്കാത്തതാണു പ്രശ്‌നം. നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ഈ മിഷനുകള്‍. ജനങ്ങളില്‍ വ്യാമോഹം സൃഷ്ടിക്കുകയല്ല, ചിട്ടയായി രൂപപ്പെടുത്തിയ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ്. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ പ്രാദേശിക വികസനം ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യം. വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും ഒരു ചരടില്‍ കോര്‍ത്തപോലെ ഏകോപിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. ബന്ധപ്പെട്ട വകുപ്പുക ള്‍ക്കാകെയുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കും. മറ്റുതരത്തിലുള്ള പ്രാദേശിക വിഭവസമാഹരണവും അനിവാര്യമാണ്.
ജലസ്രോതസ്സുകളെ സംരക്ഷിക്കലും നിലനിര്‍ത്തലും പ്രധാന കടമയായി കാണണം. മാലിന്യസംസ്‌കരണം, ജലസമൃദ്ധി, കാര്‍ഷിക വികസനം തുടങ്ങി പരസ്പര പൂരകങ്ങളായ കണ്ണികളെ ഇണക്കിയാവും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുക. ഓരോ വീട്ടിലെയും ഒരാള്‍ക്കെങ്കിലും മെച്ചപ്പെട്ട തൊഴില്‍ പരിശീലനം, അടിസ്ഥാന സൗകര്യങ്ങ ള്‍, വിവിധ സാമൂഹിക സേവനങ്ങള്‍, ചികില്‍സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങള്‍ എന്നിവയൊക്കെ അയല്‍പക്കത്ത് ലഭ്യമാവുന്ന രീതിയില്‍ സുരക്ഷിത ഭവനങ്ങളാണ് ലൈഫ് മിഷനി ല്‍ ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്ത് മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഉറപ്പാക്കും. ജീവന്‍രക്ഷാ മരുന്നുകള്‍പോലും പുറത്തുനിന്നു വാങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കും.
ജനകീയാടിത്തറയില്‍ അവരുടെ പൂര്‍ണ പങ്കാളിത്തത്തോടെ മിഷനുകള്‍ നടപ്പാക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ പ്രാപ്തി സംബന്ധിച്ച് ആര്‍ക്കും സംശയമില്ല. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തിന് സംസ്ഥാന, ജില്ലാ മിഷനുകളും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിമാരും ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss