|    Nov 14 Wed, 2018 2:27 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നവകേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടത്

Published : 28th August 2018 | Posted By: kasim kzm

വി  എം  സുധീരന്‍
മഹാദുരന്തത്തെ നേരിടുന്നതിനും ജനങ്ങളെ രക്ഷിക്കുന്നതിനും ആശ്വാസമെത്തിക്കുന്നതിനും സമസ്ത കേരളീയരും അനിതരസാധാരണമായ ഒരുമയോടെ അണിചേര്‍ന്നത് തികഞ്ഞ മതിപ്പോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ നോക്കിക്കാണുന്നത്. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിനും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് മുന്നോട്ടു കൊണ്ടുപോവേണ്ടത്. സംസ്ഥാന സര്‍ക്കാരും സമസ്ത രാഷ്ട്രീയനേതൃത്വവും സമൂഹത്തിന്റെ സര്‍വതലത്തിലുള്ള ജനവിഭാഗങ്ങളും ഒരേ മനസ്സോടെ പുതിയൊരു കേരളം കെട്ടിപ്പടുക്കുന്ന ദൗത്യം ഏറ്റെടുക്കേണ്ട സാഹചര്യമാണു നിലവിലുള്ളത്.
കേരളം നേരിടുന്ന വെല്ലുവിളി തരണം ചെയ്യുന്നതിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ലോകം കേരളത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഭിന്നിച്ചുപോവുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഉണ്ടായേ മതിയാവൂ. അതിന് ആദ്യമായി വേണ്ടത് പരമ്പരാഗതമായി നാം അനുവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ പ്രവര്‍ത്തനശൈലിയില്‍ തന്നെ മാറ്റമുണ്ടാക്കുക എന്നതാണ്.
പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും കിട്ടുന്ന അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തിവരുന്ന ആ രീതിക്ക് താല്‍ക്കാലികമായിട്ടെങ്കിലും വിരാമമിടാന്‍ കഴിയണം. അതിന് ആവശ്യമായ മുന്‍കൈ ഉണ്ടാവേണ്ടത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തന്നെയാണ്. സര്‍ക്കാരിന്റെയോ ഔദ്യോഗിക സംവിധാനങ്ങളുടെയോ ഭാഗത്തുനിന്നു വന്നതായി പറയുന്ന പാളിച്ചകളോ വീഴ്ചകളോ സംബന്ധിച്ച് വിമര്‍ശനങ്ങളോ പ്രതികരണങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടായാലും തുറന്ന മനസ്സോടെ തന്നെ അതെല്ലാം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവേണ്ടത് ആവശ്യമാണ്.
ഡാം മാനേജ്‌മെന്റ്് സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ കാലാകാലങ്ങളില്‍ മാറിമാറിവന്ന കേരളത്തിലെ ഭരണകൂടങ്ങളുടെ നടപടികളുടെ ഫലമായി പ്രകൃതിക്കേറ്റ ആഘാതങ്ങള്‍ എത്രമാത്രം ഈ ദുരന്തത്തില്‍ പ്രതിഫലിക്കപ്പെട്ടു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും മാലിന്യനിര്‍മാര്‍ജനത്തിലും അനിയന്ത്രിതവും നിയമവിരുദ്ധവുമായ നിര്‍മാണങ്ങളും ഖനനപ്രവര്‍ത്തനങ്ങളും തടയുന്നതിലും വന്നിട്ടുള്ള വീഴ്ചകളുടെ ഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്കേറ്റ മാരകമായ ക്ഷതങ്ങള്‍ ഈ ദുരന്തത്തിന്റെ ആക്കം കൂട്ടിയോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
ഇതെല്ലാം വിലയിരുത്തുന്നതിന് ഒരു ഉന്നതാധികാര കമ്മീഷനെ നിയോഗിക്കുന്നത് ഉചിതമായിരിക്കും. ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ അധ്യക്ഷതയില്‍ ഇപ്രകാരമൊരു കമ്മീഷന്‍ വരുന്നതായിരിക്കും നല്ലത്. ഡാം സുരക്ഷ, വാട്ടര്‍ മാനേജ്‌മെന്റ്, ഫഌഡ് മാപ്പിങ്, ഭൗമശാസ്ത്രം, ലാന്‍ഡ് മാനേജ്‌മെന്റ്, പരിസ്ഥിതി സംരക്ഷണം, വേസ്റ്റ് മാനേജ്‌മെന്റ്, നിര്‍മാണമേഖല, പുനരധിവാസം, സാമൂഹികശാസ്ത്രം, നിയമം എന്നീ മേഖലകളിലെ വിദഗ്ധരും മറ്റു ബന്ധപ്പെട്ട ശാസ്ത്രജ്ഞരും കമ്മീഷനില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. കേരളത്തിലെ രാഷ്ട്രീയനേതൃത്വത്തിന്റെയും മറ്റു ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പൊതുസ്വീകാര്യതയുള്ള നിലയില്‍ ഈ കമ്മീഷന് രൂപംകൊടുക്കാവുന്നതാണ്. സാധാരണ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷനുകളുടെ പ്രവര്‍ത്തനശൈലിയും നടപടിക്രമങ്ങളും മാറ്റിവച്ച് കൃത്യമായും ഒരു ഫാക്ട് ഫൈന്‍ഡിങ് സംവിധാനമായി അതു മാറണം. നിലവിലുള്ള സംവിധാനത്തിലെ പാളിച്ചകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ വരുത്തുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യമായി മാറേണ്ടത്. ചുമതല സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാവണം.
കമ്മീഷന്‍ റിപോര്‍ട്ട് വിദഗ്ധരെയും ജനപ്രതിനിധികളെയും  പങ്കാളികളാക്കി വിപുലമായ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും യാതൊരു നിക്ഷിപ്ത താല്‍പര്യങ്ങളും ഇല്ലാതെ തികച്ചും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ നടപ്പാക്കുകയും വേണം. പുതിയൊരു കേരള സൃഷ്ടിക്ക് ഇതാവശ്യമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നിര്‍ദേശിക്കപ്പെട്ട രൂപത്തിലുള്ള ഒരു ‘ഫാക്ട് ഫൈന്‍ഡിങ് കമ്മീഷന്’ രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതോടെ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് മുഴുവന്‍ ശ്രദ്ധയും ദുരിതാശ്വാസ-പുനരധിവാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കാനാവണം. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ പ്രതിനിധികളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികളും ദുരന്തബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും  ഉള്‍പ്പെട്ട ഒരു മോണിറ്ററിങ് കൗണ്‍സിലിന് രൂപം നല്‍കുന്നതും ഉചിതമായിരിക്കും.
ദുരന്തം വരുത്തിയ വന്‍ നാശനഷ്ടങ്ങളെക്കുറിച്ച് അന്തിമ വിലയിരുത്തല്‍ പൂര്‍ത്തിയാവുമ്പോള്‍ ഇപ്പോള്‍ കണക്കാക്കിയതിലും എത്രയോ മടങ്ങ് വര്‍ധിച്ചതായിരിക്കും അത് എന്നതില്‍ സംശയമില്ല. വിദേശസഹായം സ്വീകരിക്കുന്നതില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട സമീപനം പൊളിച്ചെഴുതണം. ലോകരാഷ്ട്രങ്ങളുടെയും യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം പൂര്‍ണമായും കേരളത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ തീരുമാനങ്ങള്‍ ഉണ്ടാവണം.
സാമ്പത്തിക സഹായം മാത്രമല്ല, ലോകരാജ്യങ്ങളിലെ സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കുന്നത് പ്രധാന കാര്യമാണ്. രാഷ്ട്രീയ അതിപ്രസരം കൂടാതെ കേരളത്തോടൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായേ മതിയാവൂ. യാഥാര്‍ഥ്യബോധത്തോടെ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്. അതിനവര്‍ വീഴ്ചവരുത്തിയാല്‍ ചരിത്രം പൊറുക്കില്ല.                                                  ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss