|    Mar 17 Sat, 2018 12:13 pm

നവംബറില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങും: മന്ത്രി രവീന്ദ്രനാഥ്

Published : 31st October 2016 | Posted By: SMR

ആലത്തൂര്‍: സാക്ഷരത യജ്ഞത്തിനും ജനകീയാസൂത്രണ പ്രസ്ഥാനത്തിനും ശേഷം വലിയ ജനകീയ പദ്ധതിയായി 10ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങുമെന്ന് മന്ത്രി പ്രഫ. സി രവീന്ദ്ര നാഥ്. ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. സംസ്ഥാനത്തെ നാല് നിയോജക മണ്ഡലങ്ങളിലാണ് പൈലറ്റ് പദ്ധതിയായി ഇതിന് തുടക്കം കുറിക്കുക. ഇതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ബാക്കി 136 മണ്ഡലങ്ങളില്‍ നവംബര്‍ ഒന്നിന് സര്‍വേ ആരംഭിക്കും. സ്‌കൂള്‍, കോളജ്, പോളിടെക്‌നിക്, തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. മൂന്ന് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് സംവിധാനത്തിലേക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല മാറുമെന്ന് മന്ത്രി പറഞ്ഞു.  ഈ വര്‍ഷം ഒരു ക്ലാസിലെ ഒരു പാഠമെങ്കിലും ഡിജിറ്റല്‍ ടെക്സ്റ്റ് ആക്കും. ഐടി ഉപയോഗിച്ച് വിഷയം പഠിപ്പിക്കാന്‍ സംസ്ഥാനത്തെ ഒന്നര ലക്ഷം അധ്യാപകരെ പഠിപ്പിക്കും. സര്‍ക്കാര്‍ പോര്‍ട്ടലില്‍ പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും അപ് ലോഡ് ചെയ്യാനും കഴിയും. അവിശ്വസനീയമായ മാറ്റം വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കും. തലമുറകളെ രക്ഷിക്കാനുള്ള ഈ യജ്ഞത്തില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും യോജിക്കണം. ഓരോ മണ്ഡലത്തിലും എംഎല്‍എയും എംപിയും രക്ഷാധികാരികളായ കമ്മിറ്റിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്  നേതൃത്വം നല്‍കുക. ഇന്ത്യയില്‍ ആദ്യമായി ഇത്തരം പദ്ധതി ആരംഭിക്കുന്നത് കേരളത്തിലാണ്.അക്കാദമിക നിലവാരം ഉയര്‍ത്തുക,ദേശീയ മത്സര പരീക്ഷകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുക,അക്ഷര സ്ഫുടത,മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ നൈപുണ്യം, ഗണിത പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ എന്നിവ പദ്ധതിയുടെ ഭാഗമാണ്.മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരം നിലനിര്‍ത്താന്‍ കൂടിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലത്തൂര്‍ ആലിയ മഹല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ ഡി പ്രസേനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖ പ്രകാശനം വിദ്യാഭ്യാസമന്ത്രി നിര്‍വ്വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി എസ് രമണിടീച്ചര്‍, ഡോക്ടറേറ്റ് നേടിയ ലൗലി എബ്രഹാം എന്നിവരെ പി കെ ബിജു എം പി ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss