|    Feb 28 Tue, 2017 10:42 pm
FLASH NEWS

നവംബര്‍ ഒന്നു മുതല്‍ റേഷന്‍കടഉടമകള്‍ സമരത്തിലേക്ക്

Published : 27th October 2016 | Posted By: SMR

കാളികാവ്: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിനെച്ചൊല്ലിയുള്ള പരാതി പ്രളയത്തിനിടെ റേഷന്‍കടയുടമകള്‍ നവംബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് റേഷന്‍ റിട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ ഇരു സംഘടനകളും സംയുക്തമായാണ് സമരത്തിനിറങ്ങുന്നത്. ഈ മാസം 24ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് സിവില്‍ സപ്ലൈസ് എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണു സമരത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്റ്റോക്കെടുക്കാതെ കടകള്‍ അടച്ചിടാനാണു തീരുമാനം. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന നിര്‍ദ്ദേശത്തിന് ദോഷകരമായി ബാധിക്കും. തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡുകളില്‍ അളവ് രേഖപ്പെടുത്തി സീല്‍ പതിക്കാനും കടയുടമകള്‍ തയ്യാറാവില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ കടകളില്‍ എത്തിച്ചു തരണമെന്നാണ് ഉടമകളുടെ ഒരാവശ്യം. ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശിക കൊടുത്തു തീര്‍ക്കുക എന്നിവയാണു മുഖ്യ ആവശ്യങ്ങള്‍. സമരത്തിന്റെ ഭാഗമായി എല്ലാ താലൂക്ക് സപ്‌ളൈ ഓഫിസുകള്‍ക്കു മുമ്പില്ല ഒന്നാം തിയ്യതി ധര്‍ണ നടത്തും. 70 കോടി രൂപയുടെ കുടിശ്ശികയാണ് കടയുടമകള്‍ക്ക് ലഭിക്കാനുള്ളത്. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പില്‍ വരുമ്പോള്‍ നിലവില്‍ വിതരണം നടത്തുന്നതിന്റെ പകുതി അരിയാണ് കടകളിലെത്തുക. ഇത് ഷോപ്പ് നടത്തിക്കൊണ്ടു പോവല്‍ നഷ്ടത്തിലാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡുകള്‍ക്ക് വിതരണം നടത്തേണ്ട ധാന്യങ്ങളുടെ അളവ് അധികൃതര്‍ മാസാമാസം പ്രസിദ്ധപ്പെടുത്തുകയും എന്നാല്‍, ധാന്യം നല്‍കാതിരിക്കുകയുമാണു ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണമെന്നും കടയുടമകള്‍ ആവശ്യപ്പെട്ടു. ഈ മാസം ബിപിഎല്‍ കാര്‍ഡുകള്‍ക്ക് അലോട്ട് ചെയ്ത അഞ്ചു കിലോ അരിയില്‍ ഒരു മണിയും ഷാപ്പുകളിലെത്തിയിട്ടില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ ധൃതിവച്ച് പ്രസിദ്ധീകരിച്ച ലിസ്റ്റ് അപാകതകള്‍ നിറഞ്ഞതാണെന്നും ഒട്ടേറെ അര്‍ഹരായവര്‍ പുറത്താണെന്നും ഭാരവാഹികളായ സംസ്ഥാന വൈസ് പ്രസിഡന്റ് സി വി മുഹമ്മദ്, നിലമ്പൂര്‍ താലൂക്ക് സെക്രട്ടറി ടി പി ഗോപാലകൃഷ്ണന്‍, ഖജാഞ്ചി ഒ അച്ച്യുതന്‍ എന്നിവര്‍ തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day