|    Jul 21 Fri, 2017 4:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നഴ്‌സ് സമരം മാറ്റിവച്ചു

Published : 16th July 2017 | Posted By: fsq

 

തൃശൂര്‍: നാളെ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവയ്ക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 19നു നടക്കുന്ന ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരം മാറ്റിവയ്ക്കുന്നത്. മധ്യസ്ഥ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നാളെ സമരം തുടങ്ങരുതെന്ന് ഹൈക്കോടതിയും ഒത്തുതീര്‍പ്പിന് മൂന്നു ദിവസത്തെ സമയം വേണമെന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസും നിര്‍ദേശിച്ച സാഹചര്യത്തിലാണ് യുഎന്‍എ അനിശ്ചിതകാല പണിമുടക്ക് 19 വരെ ഒഴിവാക്കിയത്. മധ്യസ്ഥ ചര്‍ച്ചയിലും മാനേജ്‌മെന്റ് മര്‍ക്കടമുഷ്ടി തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. നേരത്തേ നിശ്ചയിച്ചപ്രകാരം 21 മുതല്‍ സെക്രട്ടേറിയറ്റിനു ചുറ്റും അനിശ്ചിതകാല ഉപരോധം നടത്താനും യോഗം തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ഓഫിസ് നഴ്‌സുമാരുടെ വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസ് ഒത്തുതീര്‍പ്പിനായി മൂന്നുദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. നഴ്‌സിങ് മേഖലയിലെ പ്രശ്‌നങ്ങള്‍ ഉള്ളടക്കം ചെയ്ത കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന് വെള്ളിയാഴ്ച തന്നെ യുഎന്‍എ കൈമാറി. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ട് നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിന് നടപടിയെടുക്കുമെന്ന് ജനറല്‍ കൗണ്‍സില്‍ പ്രത്യാശ പ്രകടിപ്പിച്ചു.പ്രസിഡന്റ് ജാസ്മിന്‍ ഷ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എം വി സുദീപ്, രക്ഷാധികാരി വല്‍സന്‍ രാമംകുളത്ത്, ഖജാഞ്ചി ബിബിന്‍ എന്‍ പോള്‍, വൈസ് പ്രസിഡന്റുമാരായ ഷോബി ജോസഫ്, സുജനപാല്‍ അച്യുതന്‍, ജോ. സെക്രട്ടറി രശ്മി പരമേശ്വരന്‍, ബെല്‍ജോ ഏലിയാസ്  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക