|    Apr 24 Tue, 2018 12:01 pm
FLASH NEWS

നഴ്‌സുമാര്‍ ഉറച്ചുതന്നെ ; സമരം നിര്‍ണായക ഘട്ടത്തിലേക്ക്

Published : 15th July 2017 | Posted By: fsq

 

കണ്ണൂര്‍: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവരുന്ന പണിമുടക്ക് നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു. സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെയാണ് സമരം നിര്‍ണായകമാവുന്നത്. എസ്മ പ്രയോഗിക്കുകയാണെങ്കില്‍ അറസ്റ്റിന് തയ്യാറാണെന്നും ജയില്‍ നഴ്‌സുമാരെക്കൊണ്ട് നിറയുമെന്നും ഐഎന്‍എ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, സമരം പിന്‍വലിച്ചാല്‍ മാത്രമാണ് ചര്‍ച്ചയെന്നും അല്ലാത്തപക്ഷം ആശുപത്രികള്‍ അടച്ചിടാന്‍ പോലും തയ്യാറാണെന്നും ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ് പ്രതിനിധികള്‍ അറിയിച്ചു. അനിശ്ചിതകാല പണിമുടക്ക് 16 ദിവസം പിന്നിട്ടതോടെ സമരം നടക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനം ഏറെ പരുങ്ങളിലാണ്. രണ്ടുദിവസത്തിനകം തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി മേഖലയിലെ സ്വകാര്യ ആശുപത്രികളിലേക്ക് കൂടി സമരം വ്യാപിപ്പിക്കും. കൂടാതെ 20ന് നടക്കുന്ന ചര്‍ച്ചയിലും പരിഹാരമായില്ലെങ്കില്‍ സഹകരണ ആശുപത്രികളിലും സമരം ശക്തമാക്കുമെന്ന് ഐഎന്‍എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം രാഹുല്‍ പറഞ്ഞു. കഴിഞ്ഞ മാസം 29നാണ് ഐഎന്‍എയുടെ നേതൃത്വത്തില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട്് സംസ്ഥാനത്ത് ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ നഴ്‌സുമാര്‍ സമരത്തിനിറങ്ങിയത്. ആദ്യം ജില്ലയിലെ അഞ്ചു ആശുപത്രികള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി ആരംഭിച്ച പണിമുടക്ക് സമരം ഇപ്പോള്‍ കണ്ണൂരില്‍ 9 ആശുപത്രികളിലേക്കും കാസര്‍കോട് ജില്ലയില്‍ 13 ആശുപത്രികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് എട്ട് ആശുപത്രികളിലും കാസര്‍കോട് അഞ്ച് ആശുപത്രികളിലും സമരം നടക്കുന്നുണ്ട്. 3500 ഓളം നഴ്‌സുമാരാണ് സമരരംഗത്തുള്ളത്. ഇതില്‍ 95 ശതമാനവും സ്ത്രീകളാണ്. സാധാരണ കൂലിപ്പണിക്കാര്‍ക്ക് കൊടുക്കുന്നതുപോലുള്ള ശമ്പള വര്‍ധനവല്ല ആവശ്യമെന്നും വിദ്യാഭ്യാസത്തിനും ജോലിക്കും അനുസരിച്ചുള്ള വേതനമാണ് വേണ്ടതെന്നും നഴ്‌സുമാര്‍ പറയുന്നു. എന്നാല്‍, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഉള്‍പ്പെടയുള്ള പനിയും മറ്റു രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം സാധാരണക്കാരെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്്. നഴ്‌സിങ് സ്‌കൂളുകളിലെ കുട്ടികളെ കൊണ്ടുവന്നാണ്് ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതു തടയാനും സമരക്കാര്‍ ആലോചിക്കുന്നുണ്ട്. ജനകീയ സമിതി രൂപീകരിച്ച് സമരം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രിയ പാര്‍ട്ടി നേതാക്കള്‍ക്ക്് അസോസിയേഷന്‍ കത്തുനല്‍കി. നിരവധി സംഘടനകളുടെയും രാഷ്്്ട്രീയപ്പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഇതിനകം സമരപ്പന്തലിലെത്തി പിന്തുുണ അറിയിച്ചിട്ടുണ്ട്. തളിപ്പറമ്പിലെ ലൂര്‍ദ്, കണ്ണൂരിലെ കൊയിലി, സ്‌പെഷ്യാലിറ്റി, ധനലക്ഷ്മി, ആശിര്‍വാദ്, അശോക, കിംസ്റ്റ്, പയ്യന്നൂരിലെ അനാമയ, സബ ആശുപത്രികളിലും കാസര്‍കോട് യൂനിറ്റി ആശുപത്രി ഒഴികെയുള്ള സ്വകാര്യ ആശുപത്രികളിലുമാണ് സമരം നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss