|    Jul 21 Fri, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നഴ്‌സുമാരുടെ സമരം : സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കും – കെപിഎച്ച്എ

Published : 15th July 2017 | Posted By: fsq

 

കോഴിക്കോട്: നഴ്‌സുമാരുടെ സമരദിനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്എ) ഭാരവാഹികള്‍ അറിയിച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം ആരോഗ്യസേവന രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. വൈറല്‍ പനി പോലുള്ള അസുഖങ്ങള്‍ മൂലം സംസ്ഥാനത്ത് ജനം പൊറുതിമുട്ടുമ്പോള്‍ നഴ്‌സുമാര്‍ ആശുപത്രികള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുന്നത് ആശങ്ക ഉണര്‍ത്തുന്നതാണ്. നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മാനേജ്‌മെന്റുകള്‍ അത്തരം ഒരു തീരുമാനവും എടുത്തിട്ടില്ല. നഴ്‌സുമാര്‍ സമരം നടത്തിയാലും പിജി സ്റ്റുഡന്റുകളെയും മറ്റും ഒപ്പം നിര്‍ത്തി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പരമാവധി സേവനങ്ങള്‍ നല്‍കും. ഡോക്ടര്‍മാരും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ട്. നഴ്‌സുമാരുടെ ശമ്പളത്തില്‍ 60 ശതമാനത്തിന്റെ വര്‍ധന വരുത്താന്‍ സംസ്ഥാന തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു വിഭാഗത്തിനും ഒറ്റയടിക്ക് 60 ശതമാനത്തിന്റെ ശമ്പള വര്‍ധന ഉണ്ടായിട്ടില്ല. 20 കിടക്കയില്‍ താഴെയുള്ള ആശുപത്രികളിലെ ജനറല്‍ നഴ്‌സുമാര്‍ക്ക് 8175 രൂപയായിരുന്നു നേരത്തെ ശമ്പളം. ഇപ്പോഴത് 17,200 രൂപയായി വര്‍ധിച്ചു. 21 മുതല്‍ 100 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 19800 രൂപ, 101 മുതല്‍ 300 വരെയുള്ള ആശുപത്രികളില്‍ 20014 രൂപ, 301 മുതല്‍ 500 കിടക്കകള്‍ വരെയുള്ളിടത്ത് 20980 രൂപ എന്നിങ്ങനെ വര്‍ധിപ്പിച്ചു. രാജ്യത്ത് ഡല്‍ഹിയോട് കിടപിടിക്കുന്ന ശമ്പള വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വലിയ പ്രയാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ച ഈ ശമ്പള വര്‍ധന അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാണ്. എന്നാല്‍, ഹൈക്കോടതിയെയും സംസ്ഥാന സര്‍ക്കാരിനെയും മാനിക്കാതെ സമരവുമായി മുന്നോട്ടുപോകാനുള്ള നഴ്‌സിങ് അസോസിയേഷന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. നഴ്‌സുമാരുടെ ബാങ്ക് അക്കൗണ്ടില്‍ ശമ്പളമായി ഒരു തുക ഇട്ട്  പിന്നീട് ഇതില്‍ നിന്നു കുറച്ച് തിരിച്ചുവാങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെപിഎച്ച്എ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസയ്ന്‍ കോയ തങ്ങള്‍, ഡോ. ആസാദ് മൂപ്പന്‍, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡോ. മുഹമ്മദ് മുസ്തഫ, ഡോ. അബ്ദുല്ല ചെറയക്കാട്ട്, ഡോ. പി എ ലളിത, ഡോ. മുഹമ്മദ് ഹനീഫ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക