|    Apr 24 Tue, 2018 11:51 am
FLASH NEWS

നഴ്‌സുമാരുടെ സമരം ശക്തമായി : സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി

Published : 14th July 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലയില്‍ നഴ്‌സുമാരുടെ സമരം കൂടുതല്‍ ശക്തമായി. സമരത്തിനെതിരെ ചില മാനേജ്‌മെന്റുകള്‍ പ്രതികാര നടപടിയും സ്വീകരിക്കുന്നുണ്ട്. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് ചില ആശുപത്രികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. തളങ്കരയിലെ മാലിക് ദിനാര്‍ ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പത്തോടെ സമരത്തിനായി ഇട്ട പന്തല്‍ അജ്ഞാതര്‍ തീവച്ച് നശിപ്പിക്കുകയും സമരക്കാര്‍ ഇരിക്കാനിട്ടിരുന്ന കസേരയില്‍ ചാണകം കൊണ്ടിടുകയും ചെയ്തതായി പരാതിയുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ സമരം ചെയ്യുന്ന അഞ്ചു നഴ്‌സുമാരെ ഹോസ്റ്റലില്‍ കയറാന്‍ മാനേജ്‌മെന്റ് അനുവദിച്ചില്ല. ഇവര്‍ സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. ജില്ലയില്‍ സമരം നടത്തുന്ന ആശുപത്രികളില്‍ നഴ്‌സുമാരോട് ഏറ്റവും കൂടുതല്‍ പ്രതികാരബുദ്ധിയോടെയാണ് സിപിഎം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രി അധികൃതര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഈ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്് പിന്തുണയുമായി എസ്ടിയു ജില്ലാകമ്മിറ്റിയും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമും എത്തിയിരുന്നു. ജില്ലയിലെ 12 സ്വകാര്യാശുപത്രികളിലെ എണ്ണൂറിലധികം നഴ്‌സുമാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് നഴ്‌സസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ പറഞ്ഞു. ഓരോ ആശുപത്രി മാനേജ്‌മെന്റുമായി പ്രത്യേകം ചര്‍ച്ചയില്ലെന്നും സമരം നടക്കുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ ഒരുമിച്ചുവന്നാല്‍ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ലിബിന്‍ സൈമണ്‍, സെക്രട്ടറി മുഹമ്മദ് ശിഹാബ് എന്നിവര്‍ ജില്ലയിലെ വിവിധ സമരപ്പന്തലുകള്‍ സന്ദര്‍ശിച്ചു. നഴ്‌സുമാരുടെ സമരം ശക്തമായതോടെ ജില്ലയിലെ പ്രമുഖ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിലുള്ള ചികില്‍സകള്‍ക്ക് രോഗികളെ മംഗളൂരുവിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നുണ്ട്. സമരക്കാര്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുണ്ട്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണനും പ്രസിഡന്റ്് ബിജു ഉണ്ണിത്താനും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss