|    Jul 20 Fri, 2018 10:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നഴ്‌സുമാരുടെ സമരം : പോലിസ് ലാത്തിവീശി; 16 പേര്‍ക്ക് പരിക്ക്‌

Published : 16th September 2017 | Posted By: fsq

 

കോട്ടയം: പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയില്‍ നടക്കുന്ന സമരത്തിനിടെ സംഘര്‍ഷം. ആശുപത്രി കവാടത്തിനു സമീപം സമരം ചെയ്ത നഴ്‌സുമാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കാന്‍ പോലിസ് ശ്രമിച്ചതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിവീശി. സമരക്കാരും പോലിസും തമ്മിലുണ്ടായ ഉന്തിലും തള്ളിലും ലാത്തിച്ചാര്‍ജിലും 16 നഴ്‌സുമാര്‍ക്കു പരിക്കേറ്റു. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ തലയ്ക്കാണ് ലാത്തി കൊണ്ടുള്ള അടിയേറ്റത്. യാതൊരു പ്രകോപനവുമില്ലാതെ പോലിസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ആരോപിച്ചു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ കരിദിനം ആചരിക്കും. അതേസമയം, സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് മാര്‍ഗതടസ്സമുണ്ടാക്കിയതിനു രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്. ഒന്നില്‍ 500 പേര്‍ക്കെതിരേയും മറ്റൊന്നില്‍ 60 പേര്‍ക്കേതിരേയുമാണ് കേസ്. രണ്ട് കേസുകളിലുമായി 19 പേരെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍വിട്ടു. ശമ്പള വര്‍ധനയും ഷിഫ്റ്റ് സമ്പ്രദായത്തിലെ അപാകതയും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ 40 ദിവസമായി സമരം ചെയ്തുവരികയാണ്. ആദ്യം അഞ്ചു നഴ്‌സുമാരെ പിരിച്ചുവിട്ടു. പിന്നീട് 18ഓളം നഴ്‌സുമാരാണ് ആശുപത്രി മാനേജ്‌മെന്റിന്റെ പിരിച്ചുവിടലിനു വിധേയരായത്. ലേബര്‍ ഓഫിസര്‍ പല തവണ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും മാനേജ്‌മെന്റ് പങ്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നു യുഎന്‍എയുടെ നേതൃത്വത്തില്‍ നൂറുകണക്കിനു നഴ്‌സുമാര്‍ കോട്ടയം കലക്ടറേറ്റിലേക്കും തുടര്‍ന്ന് ഭാരത് ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി. തിരുനക്കര അമ്പലത്തിന് മുന്നില്‍ സമരക്കാരെ പോലിസ് തടഞ്ഞു. തുടര്‍ന്നു ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കാനുള്ള പോലിസിന്റെ ശ്രമം പി സി ജോര്‍ജ് എംഎല്‍എ ഇടപെട്ടാണ് ഒഴിവാക്കിയത്. തുടര്‍ന്ന് സമരം ഉദ്ഘാടനം ചെയ്ത പി സി ജോര്‍ജ്, നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss