|    Dec 17 Sun, 2017 1:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നഴ്‌സുമാരുടെ സമരം : എസ്മ പ്രയോഗിക്കണം – ഹൈക്കോടതി

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. സമരത്തിനെതിരേ എസ്മ (അവശ്യസേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സമരക്കാര്‍ മനുഷ്യജീവന് വില കല്‍പ്പിക്കണമെന്നും സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെ കോടതി പറഞ്ഞു. ഹരജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പളവര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. നഴ്‌സുമാരുടെ സംഘടന സമര്‍പ്പിച്ച ഹരജിയും പരിഗണനയിലുണ്ട്. ഇവയും തിങ്കളാഴ്ച പരിഗണിക്കും.അതേസമയം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന സമരവുമായി ശക്തമായി മുന്നോട്ടുപോവുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍.  എന്നാല്‍ സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 326ഓളം സ്വകാര്യ ആശുപത്രികളിലായി 80,000ഓളം നഴ്‌സുമാര്‍ ജോലിചെയ്യുന്നുണ്ട്. ഇത്രയും നഴ്‌സുമാര്‍ പണിമുടക്കിലേക്ക് പ്രവേശിക്കുമ്പോള്‍ എസ്മ പ്രകാരം ഇവര്‍ക്കെതിരേ എന്തു നടപടി സ്വീകരിക്കാനാവുമെന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. അറസ്റ്റ് ചെയ്താല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം  താളംതെറ്റും. എന്നാല്‍,  ഹൈക്കോടതി പറഞ്ഞ കാര്യത്തെ സംബന്ധിച്ച് നിയമവശങ്ങള്‍ പരിശോധിച്ചശേഷം മുന്നോട്ടുപോവുമെന്നും യുഎന്‍എ അറിയിച്ചു. ഇനിയും ചര്‍ച്ചയ്ക്കു തയ്യാറാണെന്നാണ് നഴ്‌സുമാരുടെ നിലപാട്. എസ്മ പ്രയോഗിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചേക്കാം. എന്നാല്‍, ജോലിയില്‍ പ്രവേശിച്ചശേഷം നിസ്സഹകരണം തുടര്‍ന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനും പരിമിതിയുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss