|    May 23 Wed, 2018 9:20 am
FLASH NEWS

നഴ്‌സുമാരുടെ ദിവസവേതനം 1000 രൂപയാക്കണമെന്ന് ആവശ്യം ; മാനേജ്‌മെന്റുകള്‍ക്ക് താക്കീതായി നഴ്‌സുമാരുടെ ശക്തിതെളിയിച്ച് കലക്‌ട്രേറ്റ് മാര്‍ച്ച്

Published : 7th June 2017 | Posted By: fsq

 

തൃശൂര്‍: ചാരിറ്റിയുടെ പേരില്‍ കെട്ടിട നിര്‍മാണങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഞ്ഞികുടിക്കാനുള്ള വക കിട്ടുന്നുണ്ടോയെന്നുകൂടി അന്വേഷിക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ. വിവിധ ആവശ്യങ്ങളുന്നയിച്ച് ആരംഭിക്കുന്ന സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായി തൃശൂരില്‍ നടന്ന നഴ്‌സുമാരുടെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ നഴ്‌സുമാരടെ ദിവസവേതനം ആയിരം രൂപയാക്കണമെന്നതാണ് യുഎന്‍എയുടെ ആവശ്യം. തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടേതിന് തുല്യമായി സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ വേതനവും ഏകീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാരുകള്‍ തന്നെ നിയോഗിച്ച ബലരാമന്‍ കമ്മിറ്റിയുടെയും വീരകുമാര്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളും ഭരണാധികാരികള്‍ക്ക് മുന്നിലുണ്ട്. കോടതി വിധിയെയോ തങ്ങള്‍തന്നെ നിയോഗിച്ച ഇത്തരം കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളെയോ ഗൗരവത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. 2016 ജനുവരിയില്‍ പുതുവര്‍ഷ സമ്മാനമായി കൂടിയ വേതനം നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോടതികളും ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടും തൊഴിലാളി ദ്രോഹ നടപടികള്‍ തുടരുന്ന മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുത്. കഴിഞ്ഞ 29ന് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജൂണ്‍ 10നകം നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് കേരളം സാക്ഷിയാകുമെന്നും ജാസ്മിന്‍ഷ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ഡൈഫിന്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപ് മുഖ്യപ്രഭാഷണം നടത്തി. ബിബിന്‍ എന്‍ പോള്‍, ഷോബി ജോസഫ്, ജിഷ ജോര്‍ജ്, അനീഷ് മാത്യു വേരനാനി, ബെല്‍ജോ ഏലിയാസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss